രാഹുൽ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിന്ന് മാറി നിൽക്കണമെന്ന് ഷാനിമോൾ; എംഎൽഎ സ്ഥാനത്ത് ഇരിക്കാൻ അര്‍ഹനല്ലെന്ന് രമ

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് നേതൃത്വം കയ്യൊഴിഞ്ഞുവെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്

dot image

കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തില്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ഷാനിമോള്‍ ഉസ്മാന്‍. കേരളത്തിലെ സ്ത്രീകളുടെ മനസാക്ഷിക്കൊപ്പം നില്‍ക്കുക എന്ന ഉത്തരവാദിത്തം കോണ്‍ഗ്രസ് ഏറ്റെടുക്കേണ്ടതുണ്ട്. രാഹുലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ കേന്ദ്ര, സംസ്ഥാന നേതൃത്തോട് സംസാരിച്ചിരുന്നുവെന്നും ഷാനിമോള്‍ ഉസ്മാന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ആരോപണം ഉയര്‍ന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തി. ഒരു രാഷ്ട്രീയപാര്‍ട്ടിയും ഇതുപോലെ നിലപാട് സ്വീകരിച്ചതായി അറിയില്ലെന്നും ഷാനിമോള്‍ ഉസ്മാന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തലിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൗരവതരമാണെന്ന് ആർഎംപി നേതാവും എംഎൽഎയുമായ കെ കെ രമയും പറഞ്ഞു. ആരോപണം ഉയര്‍ന്നതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുലിനെ മാറ്റി. എംഎല്‍എ സ്ഥാനത്ത് നിന്ന് മാറ്റണോ എന്ന കാര്യത്തിലും ആ പാര്‍ട്ടി ഉചിതമായ നടപടി സ്വീകരിക്കണം. ഇത്തരം വ്യക്തികള്‍ തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കാന്‍ അര്‍ഹനല്ല. മുകേഷ് എംഎല്‍എയ്‌ക്കെതിരെ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ മാറിനില്‍ക്കണമെന്ന് ആവശ്യപ്പെട്ടവരാണ് തങ്ങള്‍. ഈ വിഷയത്തിലും അതുതന്നെയാണ് നിലപാട്. കോണ്‍ഗ്രസ് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചു എന്നത് സ്വാഗതം ചെയ്യേണ്ടതാണ്. തീരുമാനം പാര്‍ട്ടിക്കോടതിയെടുക്കുകയോ ശിക്ഷിക്കപ്പെട്ടിട്ടില്ലല്ലോ എന്ന് പറഞ്ഞ് ന്യായീകരിക്കാനോ കോണ്‍ഗ്രസ് ശ്രമിച്ചില്ല. ഒരു രാഷ്ട്രീയപാര്‍ട്ടി എങ്ങനെയാകണമെന്ന സന്ദേശം നല്‍കാന്‍ കോണ്‍ഗ്രസിന് സാധിച്ചുവെന്നും കെ കെ രമ പറഞ്ഞു.

ഷാഫി പിന്തുണയ്ക്കുന്നുവെന്ന് കരുതുന്നില്ല. പാര്‍ട്ടി തീരുമാനിക്കും എന്ന നിലയിലാണ് പറഞ്ഞതെന്നാണ് മനസിലാക്കുന്നത്. ഇത്തരത്തില്‍ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നുവരുമ്പോള്‍ സംരക്ഷിക്കാന്‍ തയ്യാറാകുമെന്ന് കരുതുന്നില്ല. അങ്ങനെ സംരക്ഷിക്കരുത്. സ്ഥാനമാനങ്ങളില്‍ നിന്ന് മാറിനിന്ന് അന്വേഷണം നേരിടണം. നിരപാധിയാണെങ്കില്‍ അത് തെളിയിക്കാനുള്ള ഉത്തരവാദിത്തവും രാഹുലിനാണെന്നും കെ കെ രമ പറഞ്ഞു.

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് നേതൃത്വം കയ്യൊഴിഞ്ഞുവെന്നുള്ള സൂചനകളാണ് പുറത്തുവരുന്നത്. രാഹുല്‍ എംഎല്‍എ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്ന നിലപാടിലാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി ഡി സതീശനും രമേശ് ചെന്നിത്തലയുമടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍. സണ്ണി ജോസഫ് നിലപാട് ഹൈക്കമാന്‍ഡിനെ അറിയിച്ചതായാണ് വിവരം. രാഹുല്‍ വിഷയത്തില്‍ മുസ്‌ലിം ലീഗും കടുത്ത അതൃപ്തിയിലാണ്. വിവാദങ്ങള്‍ മുന്നണിയെ ബാധിക്കുമെന്നാണ് മുസ്‌ലിം ലീഗിന്റെ ആശങ്ക. ഇക്കാര്യം മുസ്‌ലിം ലീഗ് നേതൃത്വം ഹൈക്കമാന്‍ഡിനെ അറിയിക്കുകയും ചെയ്തു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ ഉടന്‍ രാജിവെയ്‌ക്കേണ്ടെന്നാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍ കേരളത്തില്‍ നിന്നുള്ള സമ്മര്‍ദ്ദം ശക്തമായാല്‍ ഹൈക്കമാന്‍ഡിനും വഴങ്ങേണ്ടിവരും. ഇന്ന വൈകിട്ടോടെ രാഹുലിന്റെ രാജിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Content Highlights- Shanimol Usman and K K Rema against rahul mamkootathil

dot image
To advertise here,contact us
dot image