കരൺ ഥാപ്പറിനും സിദ്ധാർത്ഥ് വരദരാജനുമെതിരായ രാജ്യദ്രോഹക്കേസ്; അന്തരിച്ച മുൻ ഗവർണർ സത്യപാൽ മാലിക്കും പ്രതി

ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ അശുതോഷ് ഭരദ്വാജ്, പാക് മാധ്യമപ്രവര്‍ത്തനായ നജം സേഥി എന്നിവരും പ്രതിപ്പട്ടികയിലുണ്ട്

dot image

ന്യൂഡല്‍ഹി: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ കരണ്‍ ഥാപ്പര്‍, സിദ്ധാര്‍ത്ഥ് വരദരാജന്‍ എന്നിവര്‍ക്കെതിരെ അസം ഗുവാഹത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത രാജ്യദ്രോഹക്കേസില്‍ അന്തരിച്ച മുന്‍ ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും പ്രതി. ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകന്‍ അശുതോഷ് ഭരദ്വാജ്, പാക് മാധ്യമപ്രവര്‍ത്തനായ നജം സേഥി എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. തിരിച്ചറിയാത്ത ഏതാനും ആളുകളും പ്രതിപ്പട്ടികയിലുള്ളതായാണ് റിപ്പോര്‍ട്ടുകള്‍. 'ദ വയറി'നായി സത്യപാല്‍ മാലിക്, അശുതോഷ് ഭരദ്വാജ്, നജം സേഥി എന്നിവരുമായി കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് സത്യപാല്‍ മാലിക് മരിച്ചിരുന്നു. മോദി സർക്കാരിനെ പ്രതിരോധത്തിലാക്കുന്ന അഭിമുഖങ്ങളുടെ പേരിൽ മുൻപ് വാർത്തകളിൽ നിറഞ്ഞ ആളാണ് സത്യപാൽ മാലിക്. പുൽവാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു.

ഗുവാഹത്തി സ്വദേശിയായ ബിജു വര്‍മയെന്ന ആളാണ് കരണ്‍ ഥാപ്പറിനും സിദ്ധാര്‍ത്ഥ് വരദരാജനുമെതിരെ ഗുവാഹത്തി പൊലീസില്‍ പരാതി നല്‍കിയത്. പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ തിരിച്ചടിയായ ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ദ വയറില്‍ വന്ന ലേഖനങ്ങളും അഭിമുഖങ്ങളും രാജ്യവിരുദ്ധമാണെന്നായിരുന്നു ഇയാള്‍ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നത്. ഈ അഭിമുഖങ്ങള്‍ സൈന്യത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മെയ് ഒന്‍പതിന് ഗുവാഹത്തി പൊലീസ് കരണ്‍ ഥാപ്പറിനും സിദ്ധാര്‍ത്ഥ് വരദരാജനേയും പ്രതികളാക്കി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ഇതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി കരണ്‍ ഥാപ്പറിനും സിദ്ധാര്‍ത്ഥ് വരദരാജനും പൊലീസ് നോട്ടീസ് നല്‍കി. സിദ്ധാര്‍ത്ഥ് വരദരാജന് ഓഗസ്റ്റ് പതിനാലിനും കരണ്‍ ഥാപ്പറിന് ഓഗസ്റ്റ് പതിനെട്ടിനുമായിരുന്നു നോട്ടീസ് ലഭിച്ചത്. ചോദ്യം ചെയ്യലിന് ഹാജരാകാത്ത പക്ഷം ഇരുവരേയും അറസ്റ്റ് ചെയ്യുമെന്നും നോട്ടീസില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സുപ്രീംകോടതി ഇടപെട്ട് തുടര്‍നടപടികള്‍ നിര്‍ത്തിവെച്ചു. കേസ് സെപ്റ്റംബര്‍ പതിനഞ്ചിന് വീണ്ടും പരിഗണിക്കുന്നുണ്ട്.

'ദ വയറി'ന്റെ സ്ഥാപക പത്രാധിപരും മുതിര്‍ന്ന മാധ്യമപ്രകവര്‍ത്തകനുമാണ് സിദ്ധാര്‍ത്ഥ് വരദരാജന്‍. കരണ്‍ ഥാപ്പറും ദ വയറില്‍ തന്നെയാണ്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ ബിജെപി സര്‍ക്കാരിന്റെ നടപടിക്കെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗൊഗോയ്, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ അടക്കമുള്ളവര്‍ അസം പൊലീസ് നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ജനങ്ങള്‍ക്ക് ആവശ്യം അവരുടെ സ്വപ്‌നത്തിലെ അസം കെട്ടിപ്പടുക്കുന്ന ഒരു നേതൃത്വത്തെയാണെന്നായിരുന്നു ഗൗരവ് ഗൊഗോയ് പറഞ്ഞത്. എഫ്‌ഐആറിന്റെ പകര്‍പ്പോ കേസിന്റെ വിശദാംശങ്ങളോ നല്‍കാതെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണിയാണ് പൊലീസ് ഉയര്‍ത്തുന്നതെന്ന് സ്റ്റാലിനും പറഞ്ഞു. സംഭവത്തെ പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ, വിമണ്‍ പ്രസ് കോര്‍, എഡിറ്റേഴ്‌സ് ഗില്‍ഡ് തുടങ്ങിയവരും അപലപിച്ചിരുന്നു.

Content Highlights- FIR against journalists also names Satya Pal Malik, Pak media personality on assam police case

dot image
To advertise here,contact us
dot image