
സിദ്ധാർഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി തുഷാർ ജലോട്ട സംവിധാനം ചെയ്യുന്ന സിനിമയാണ് 'പരം സുന്ദരി'. ഒരു റൊമാന്റിക് കോമഡി ഴോണറിൽ പുറത്തിറങ്ങുന്ന സിനിമയുടെ ട്രെയിലറിന് വലിയ ട്രോളുകളാണ് ലഭിച്ചത്. ചിത്രത്തിലെ മലയാളം ഡയലോഗുകൾക്കും ജാൻവിയുടെ കഥാപാത്രത്തിനും ആണ് പ്രധാനമായും ട്രോളുകൾ ഉയർന്നത്. ഇപ്പോഴിതാ ഈ വിമർശനങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ജാൻവി കപൂർ.
പകുതി മലയാളിയായിട്ടുള്ള കഥാപാത്രമാണ് പരം സുന്ദരിയിലേതെന്നും താൻ മലയാള സിനിമയുടെ വലിയ ആരാധികയാണെന്നും ജാൻവി പറഞ്ഞു. 'ഞാൻ ഒരു മലയാളിയല്ല, എന്റെ അമ്മയും അങ്ങനെയല്ല. പക്ഷേ എന്റെ കഥാപാത്രം പകുതി തമിഴുമാണ് പകുതി മലയാളിയുമാണ്. ആ സംസ്‌കാരത്തോടും ഭൂപ്രകൃതിയോടും എനിക്ക് എപ്പോഴുമൊരു താല്‍പര്യമുണ്ടായിരുന്നു. ഞാന്‍ മലയാളം സിനിമകളുടെ വലിയ ആരാധികയാണ്. വളരെ രസകരമായ ഒരു സിനിമയുടെയും കഥയുടെയും ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷം. പ്രേക്ഷകരുടെ മുഖത്ത് ഒരു പുഞ്ചിരി നിറയ്ക്കാൻ കഴിയുന്ന ഒരു സിനിമയാണ് പരം സുന്ദരി. എനിക്ക് എന്റെ വേരുകളിലേക്ക് ചെല്ലാനുള്ള അവസരം കൂടിയാണിത്', ജാൻവി കപൂർ പറഞ്ഞു.
ചിത്രത്തിൽ സിദ്ധാർഥ് നോർത്ത് ഇന്ത്യനായും ജാൻവി മലയാളിയുമായിട്ടാണ് എത്തുന്നത്. പരം എന്ന കഥാപാത്രമായി സിദ്ധാർഥ് എത്തുമ്പോൾ സുന്ദരി ആയിട്ടാണ് ജാൻവി എത്തുന്നത്. ട്രെയ്‌ലറിൽ ജാൻവി സ്വന്തം പേര് പറയുന്ന ഡയലോഗുകൾ വ്യക്തമല്ലെന്നും ഒരു മലയാളിയായി നടിയെ സങ്കൽപ്പിക്കാൻ കഴിയുന്നില്ലെന്നുമാണ് കമന്റുകൾ. ചെന്നൈ എക്സ്പ്രസിലെ മീനമ്മയ്ക്കും കേരള സ്റ്റോറിയിലെ ശാലിനി ഉണ്ണികൃഷ്ണനും ഒത്ത എതിരാളിയാകും ഈ സിനിമയിലെ ജാൻവിയുടെ സുന്ദരി എന്നാണ് മറ്റൊരു വിഭാഗം എക്സിൽ കുറിക്കുന്നത്. ചിത്രം ആഗസ്റ്റ് 29 ന് തിയേറ്ററിലെത്തും.
സിനിമയിലെ പുതിയ ഗാനം കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഡേഞ്ചർ എന്നാരംഭിക്കുന്ന ഗാനത്തിനും വലിയ തോതിലുള്ള ട്രോളുകളും വിമർശനങ്ങളുമാണ് ലഭിക്കുന്നത്. ഗാനത്തിലെ മലയാളം വരികൾക്കാണ് ട്രോളുകൾ നേരിടുന്നത്. 'ചുവപ്പ് നിറത്തിലെ സാരിയിൽ ഞങ്ങൾ എല്ലാം ഡേഞ്ചർ ആണല്ലോ' എന്ന മലയാളം വാരിയിലൂടെയാണ് ഗാനം ആരംഭിക്കുന്നത്. എന്നാൽ ഇത് ഇതേ ഹിന്ദി അർത്ഥമുള്ള വരികളുടെ മോശം ട്രാൻസ്‌ലേഷൻ എന്നാണ് സോഷ്യൽ മീഡിയ കണ്ടെത്തിയിരിക്കുന്നത്. ഗൂഗിൾ ട്രാൻസ്‌ലേറ്ററിൽ ഇട്ടാണോ വരികൾ ഉണ്ടാക്കിയതെന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്. കേരളത്തിനെ പശ്ചാത്തലമാക്കി ഒരു സിനിമ ചെയ്യുമ്പോൾ അതിലെ ഗാനങ്ങൾ എഴുത്തുമായി ഒരു മലയാളി എഴുത്തുകാരനെപ്പോലെ കിട്ടിയില്ലേ എന്നാണ് മറ്റു കമന്റുകൾ.
Content Highlights: Janhvi Kapoor reacts to param sundhari trolls