
ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം ശക്തിപ്പെടുത്താൻ ഇരു രാജ്യങ്ങളും രംഗത്ത്. ഇതിന്റെ ഭാഗമായി നിരവധി നടപടികളാണ് ഇരുരാജ്യങ്ങളും പ്രഖ്യാപിച്ചത്. ഇന്ത്യയും- ചൈനയും തമ്മിലുള്ള യഥാർത്ഥ നിയന്ത്രണരേഖയിൽ കഴിഞ്ഞ ഒൻപതു മാസമായി സമാധാനവും ശാന്തതയും നിലനിൽക്കുന്നതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ പുരോഗതി പ്രകടമാണെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ പറഞ്ഞു.
ഇരു രാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവ്വീസ് പുനസ്ഥാപിക്കും. നാഥുല പാസ് അടക്കം മൂന്ന് അതിർത്തികൾ വഴിയുള്ള വ്യാപാരം വീണ്ടും ആരംഭിക്കും. ടൂറിസ്റ്റ്, ബിസിനസ് വിസകൾ വീണ്ടും നൽകിത്തുടങ്ങും. അതിർത്തിയിലെ സേന പിന്മാറ്റത്തിനുള്ള ധാരണ നടപ്പാക്കും. അതിർത്തി വ്യക്തമായി നിർണയിക്കാൻ പ്രത്യേക സമിതിക്ക് രണ്ടു രാജ്യങ്ങളും രൂപം നൽകും. സേനകൾക്കിടയിലടക്കം അതിർത്തിയിയിൽ തർക്കങ്ങൾ തീർക്കാൻ മധ്യ, കിഴക്കൻ മേഖലകളിലും സംവിധാനങ്ങൾ വരും. ഇപ്പോൾ വടക്കൻ മേഖലയിൽ മാത്രമാണ് ഇതുള്ളത്. അതേസമയം ബ്രിക്‌സ് ഉച്ചകോടി 2026ൽ ഇന്ത്യയിൽ നടത്തും. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇതിനായി ഇന്ത്യയിലെത്തും. ഇന്ത്യക്കും ചൈനയ്ക്കുമിടയിൽ നയതന്ത്രബന്ധം വന്നതിന്റെ 75ാം വാർഷികം ഇക്കൊല്ലം ആഘോഷിക്കും.
അജിത് ഡോവലിനു പുറമെ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായും വാങ് യി കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചകളിലാണ് നിർണായക ധാരണകളിലെത്തിയത്. അതിർത്തി ശാന്തമാണ് സമാധാനം നിലനിൽക്കുന്നു. ഉഭയകക്ഷി ബന്ധത്തിൽ പുരോഗതിയുണ്ട്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാണ്. ബന്ധത്തിൽ പുതിയ ഊർജമുണ്ട്. പലമേഖലകളിലും മുന്നോട്ട് പോകാൻ കഴിഞ്ഞെന്നും ചർച്ചയ്ക്ക് ശേഷം അജിത് ഡോവൽ പറഞ്ഞിരുന്നു. 2020ൽ ഗാൽവൻ താഴ് വരയിലുണ്ടായ സംഘർഷത്തിനു ശേഷം ഇരുരാജ്യവും തമ്മിലുള്ള ബന്ധം സാധാരണ ഗതിയിലാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ചർച്ച.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ന്യൂഡൽഹിയിലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ വാങ് യി കൂടിക്കാഴ്ച നടത്തിയിരുന്നു. ഷാങ്ഹായ് കോ ഓപ്പറേഷൻ ഓർഗനൈസേഷൻ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കാൻ ഈ മാസം ഒടുവിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തുന്ന ചൈന സന്ദർശനത്തിന് മുന്നോടിയായാണ് അജിത് ഡോവൽ- വാങ് യി ചർച്ച നടന്നത്. ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായുള്ള ചൈനിസ് പ്രസിഡന്റിന്റെ ക്ഷണക്കത്തും വാങ് യി മോദിക്ക് കൈമാറി.
Content Highlights: india china Steps to warm diplomatic relations