
പറവൂർ: എറണാകുളം പറവൂരിലെ ആശ ബെന്നിയുടെ ആത്മഹത്യയിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. പണം പലിശയ്ക്ക് നൽകിയ പ്രദീപ് കുമാർ പൊലീസ് സ്റ്റേഷനിൽ വച്ച് ആശയെ ഭീഷണിപ്പെടുത്തിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് കുടുംബം ആരോപിച്ചു. മുതലും പലിശയും തിരിച്ച് നൽകിയിട്ടും കൂടുതൽ പണം ആവശ്യപ്പെട്ട് പ്രദീപ് കുമാർ ഭീഷണിപ്പെടുത്തിയത് കൊണ്ടാണ് മരിക്കുന്നതെന്ന് ആശയുടെ ആത്മഹത്യ കുറിപ്പിൽ എഴുതിയിരുന്നു. 2022 മുതലാണ് റിട്ടയേഡ് പോലീസ് ഉദ്യോഗസ്ഥനായ പ്രദീപ് കുമാറിൽ നിന്ന് പലതവണകളിലായി ആശ 10 ലക്ഷം രൂപ പലിശയ്ക്ക് കടം വാങ്ങിയത്. പലിശ ഉൾപ്പെടെ 30 ലക്ഷത്തോളം രൂപ തിരിച്ചടച്ചെന്ന് കുടുംബം പറയുന്നു.
എന്നാൽ കൂടുതൽ പണം ആവശ്യപ്പെട്ട് ഭീഷണി തുടർന്നതോടെ മാനസിക സമ്മർദ്ദം സഹിക്കാനാകാതെ ദിവസങ്ങൾക്ക് മുൻപ് ആശ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഫോൺ മുഖേനയും വീട്ടിലെത്തിയും പ്രദീപ് കുമാറും ഭാര്യ ബിന്ദുവും ഭീഷണിപ്പെടുത്തല്‍ തുടര്‍ന്നതോടെ ആശയുടെ കുടുംബം എസ്പി ഓഫീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പറവൂർ പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിരുന്നു. എന്നാല്‍ പൊലീസ് സ്റ്റേഷനിൽ വച്ചും പൊലീസുകാർക്ക് മുന്നിൽ വച്ചും പ്രദീപ് കുമാർ ആശയെ ഭീഷണിപ്പെടുത്തിയെന്നും കുടുംബം പറയുന്നു.
കഴിഞ്ഞ ദിവസം രാത്രിയും പ്രദീപ് കുമാറും ഭാര്യയും ആശയുടെ വീട്ടിലെത്തി ഭീഷണി മുഴക്കി. ഇതിന്റെ മാനസിക സമ്മർദ്ദം താങ്ങാനാകാതെയാണ് ഉച്ചയോടെ വീട്ടിൽനിന്ന് ഇറങ്ങിയ ആശ പുഴയിൽ ചാടി ആത്മഹത്യ ചെയ്തതെന്നാണ് കുടുംബത്തിന്റെ പരാതി. പറവൂർ താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് പോസ്റ്റ്‌മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടു നൽകും. പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)
Content Highlights: Asha Benny Case, family against police