15 വയസ്സുകഴിഞ്ഞ മുസ്ലിംപെണ്‍കുട്ടികൾക്ക് വിവാഹം കഴിക്കാമെന്ന് സുപ്രീംകോടതി; ദേശീയ ബാലാവകാശ കമ്മീഷൻ ഹർജി തള്ളി

മുസ്ലിം വ്യക്തിനിയമപ്രകാരം, പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കാന്‍ രക്ഷിതാക്കളുടെ സമ്മതം ആവശ്യമില്ലെന്നായിരുന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി.

dot image

ന്യൂഡല്‍ഹി: 15 വയസ്സുകഴിഞ്ഞ മുസ്ലിം പെണ്‍കുട്ടികള്‍ക്ക് മുസ്ലിം വ്യക്തിനിയമപ്രകാരം ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാമെന്ന് സുപ്രീംകോടതി. 2022 ലെ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് ശരിവെച്ചാണ് സുപ്രീംകോടതി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. 16 വയസ്സുള്ള മുസ്ലിം പെണ്‍കുട്ടിയുടെയും 30 വയസ്സുകാരന്റെ വിവാഹം ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മീഷന്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തളളി.

മുസ്ലിം വ്യക്തിനിയമപ്രകാരം, പ്രായപൂര്‍ത്തിയായില്ലെങ്കിലും ഋതുമതിയായ പെണ്‍കുട്ടിക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ഒരുമിച്ച് താമസിക്കാന്‍ രക്ഷിതാക്കളുടെ സമ്മതം ആവശ്യമില്ലെന്നായിരുന്നു പഞ്ചാബ്-ഹരിയാന ഹൈക്കോടതി വിധി. പെണ്‍കുട്ടിയും യുവാവും കുടുംബത്തിന്റെ ഭീഷണിയില്‍ നിന്നും സംരക്ഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പതിനഞ്ചുകാരിയെ വിവാഹം കഴിച്ചയാള്‍ക്കെതിരെ കുടുംബം പോക്‌സോ കേസും നല്‍കിയിരുന്നു. ഇതും കോടതി തള്ളുകയായിരുന്നു.

പ്രായപൂര്‍ത്തിയാവാതെ വിവാഹം കഴിച്ചവരെ സംരക്ഷിച്ചുള്ള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്യാന്‍ ബാലാവകാശകമ്മീഷന് എന്തുകാര്യമാണെന്നും സുപ്രീംകോടതി ചോദിച്ചു. വിഷയത്തില്‍ നിയമപ്രശ്‌നം ഇല്ലെന്നും അത് ഉചിതമായ കേസില്‍ ഉന്നയിച്ചുകൊള്ളാനും സുപ്രീംകോടതി നിര്‍ദേശിച്ചു.

യഥാര്‍ത്ഥ പ്രണയവുമായി ബന്ധപ്പെട്ട കേസുകളില്‍ യുവാക്കള്‍ പരസ്പരം ഇഷ്ടപ്പെടുകയും വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത്തരം സംഭവങ്ങളെ മറ്റുഗുരുതര ക്രിമിനല്‍ കുറ്റകൃത്യങ്ങളുമായി തുലനം ചെയ്യണോ? സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കേണ്ടത് പ്രധാനമാണ് എന്നും ബെഞ്ച് നിരീക്ഷിച്ചു.

ഇത്തരം സാഹചര്യങ്ങളില്‍ മാതാപിതാക്കള്‍ അവരുടെ അന്തസ്സ് സംരക്ഷിക്കാന്‍ നിസ്സാരമായ പോക്‌സോ കേസുകള്‍ ഫയല്‍ ചെയ്യുന്നുവെന്നും അവരുടെ പെണ്‍കുട്ടികള്‍ ഒളിച്ചോടിയ കാര്യം രക്ഷിതാക്കള്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Content Highlights: muslim girl Marriage SC dismissed petition by the National Commission for Protection of Child Rights

dot image
To advertise here,contact us
dot image