
ഇന്ന് സോഷ്യൽ മീഡിയ കൊണ്ടാടിയ വാർത്ത ആയിരുന്നു മമ്മൂട്ടി ആരോഗ്യം വീണ്ടെടുത്തു എന്നത്. സിനിമ മേഖലയിൽ നിന്നും രാഷ്ട്രീയ രംഗത്ത് നിന്നും നിരവധി പേരാണ് നടന് ആശംസകളുമായി എത്തിയത്. ഇപ്പോഴിതാ ഡോക്ടർ ഷാഹിന നിയാസ് തനിക്ക് മമ്മൂട്ടി നൽകിയ സഹായം ഓർത്തെടുക്കുകയാണ്. പൊള്ളലേറ്റ തന്റെ ചികിത്സ മമ്മൂട്ടി ഏറ്റെടുത്തിരുന്നുവെന്നും ആ ചികിത്സയിൽ നിന്നും ഒരുപാട് മാറ്റങ്ങൾ ഉണ്ടായെന്നും ഷാഹിന പറഞ്ഞു. നേരിട്ട് കണ്ട് മമ്മൂട്ടിയോട് കടപ്പാട് അറിയിക്കാൻ കഴിഞ്ഞില്ലെങ്കിലും എന്നും നന്ദിയുണ്ടാകുമെന്നും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുമെന്നും ഷാഹിന പറയുന്നു. ഫേസ്ബുക്കിൽ വീഡിയോ സ്റ്റോറി പങ്കിട്ടാണ് ഷാഹിന ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
' ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞ സന്തോഷ വാർത്തയായിരുന്നു മമ്മൂട്ടി പൂർണ ആരോഗ്യവാനായി തിരിച്ചു വന്നു എന്നത്. എന്നെ പോലെ ഓരോ മലയാളികളുടെയും പ്രാർത്ഥനയും സ്നേഹവും അദ്ദേഹത്തിനൊപ്പം ഉണ്ട്. എന്നെ സംബന്ധിച്ചിടത്തോളം മമ്മൂക്കയോട് എനിക്ക് ഒരുപാട് കടപ്പാടും സ്നേഹവും നന്ദിയും എന്നും ഉണ്ട്. 2011 ൽ എന്റെ ഒരു ഫോട്ടോ ഷൂട്ട് വിഷ്ണു സന്തോഷ് എടുത്തിരുന്നു. അത് മമ്മൂക്ക കാണാൻ ഇടയായി. അതിലൂടെ എന്റെ കഥ മനസിലാക്കി പൊള്ളലിനുള്ള ചികിത്സാ സഹായം ചെയ്തിരുന്നു.
ഒരുപാട് നാൾ ഞാൻ ചികിത്സ തുടരുകയും അതിലൂടെ മാറ്റം ഉണ്ടാക്കുകയും ചെയ്തിരുന്നു. അതിനുള്ള നന്ദിയും കടപ്പാടും എന്നും എനിക്കും എന്റെ കുടുംബത്തിനും മമ്മൂക്കയോട് ഉണ്ട്. ഇന്നുവരെ നേരിൽ കാണാൻ കഴിഞ്ഞിട്ടില്ല നന്ദി നേരിൽ പറയാൻ ആഗ്രഹം ഉണ്ട്. ഫോണിലൂടെ സംസാരിച്ചിട്ടുണ്ട്. എന്നെങ്കിലും ആ ഭാഗ്യം ഉണ്ടാകുമെന്ന് വിചാരിക്കുന്നു. ഇനിയും ഒരുപാട് സിനിമയിലൂടെയും കഥാപാത്രങ്ങളിലൂടെയും മമ്മൂക്കയെ കാണാൻ ആഗ്രഹിക്കുന്നു. ദൈവം അദ്ദേഹത്തിന് ദീർഘായുസ് നൽകാൻ പ്രാർത്ഥിക്കുന്നു,' ഷാഹിന പറഞ്ഞു.
Content Highlights: Dr. Shahina Niyaz shares memories of Mammootty helping her