ശ്വാസമുണ്ടെന്ന് കണ്ടപ്പാൾ വീണ്ടും 14കാരിയുടെ തലയ്ക്കടിച്ചെന്ന് പ്രതി; കശ്മീർ താഴ്‌വരയെ നടുക്കിയ കൊലപാതകം

താഴ്‌വരയിൽ നടന്ന കൊലപാതകത്തിന് പിന്നിൽ പ്രണയവുമായി ബന്ധപ്പെട്ട പല വാർത്തകളും പ്രചരിച്ചിരുന്നു. കാമുകൻ പെൺകുട്ടിയെ കൊലപ്പെടുത്തി എന്നായിരുന്നു കഥകൾ

dot image

കശ്മീർ താഴ്‌വരയിലെ ഗന്ദേർബാൽ ജില്ലയിൽ പതിനാലുകാരി കൊല്ലപ്പെട്ട സംഭവം നാടിനെയാകെ നടുക്കിയിരുന്നു. കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീടിന് സമീപം രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇപ്പോൾ കൊലപാതകിയെ പൊലീസ് കണ്ടെത്തിയതോടെ നാട്ടിലുള്ളവരെല്ലാം അമ്പരന്നിരിക്കുകയാണ്. പെൺകുട്ടിയുമായി ഉണ്ടായ വഴക്കിനെ തുടർന്ന് മൂത്ത സഹോദരി മരകഷ്ണം കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അഖ്സ എന്ന പെണ്‍കുട്ടിയാണ് മരിച്ചത്.

ഞായറാഴ്ച രാവിലെയാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ സജ്ജീകരിച്ച് അന്വേഷണവും ആരംഭിച്ചു. ഫോറൻസിക്ക് വിഭാഗം ക്രൈം സീനിൽ നിന്നും സാമ്പിളുകളും ശേഖരിച്ചു. താഴ്‌വരയിൽ നടന്ന കൊലപാതകത്തിന് പിന്നിൽ പ്രണയവുമായി ബന്ധപ്പെട്ട പല വാർത്തകളും പ്രചരിച്ചിരുന്നു. കാമുകൻ പെൺകുട്ടിയെ കൊലപ്പെടുത്തി എന്നായിരുന്നു കഥകൾ. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥർ ഇതെല്ലാം അന്നേ തള്ളിക്കളഞ്ഞിരുന്നു. സംഭവം നടക്കുന്നതിന് മുമ്പ് സഹോദരിമാരെ ചിലർ ഒരുമിച്ച് കണ്ടിരുന്നു. ഇതോടെ പൊലീസ് സഹോദരിയെ ചോദ്യം ചെയ്തപ്പോഴാണ് യാഥാർഥ്യം പുറത്ത് വന്നത്. വീടിന് പുറത്തിറങ്ങിയപ്പോൾ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതേതുടർന്ന് മൂത്തയാൾ മരകഷ്ണം കൊണ്ട് ഇളയ കുട്ടിയുടെ തലയ്ക്കടിക്കുകയാണ് ഉണ്ടായത്. അടിയുടെ ആഘാതത്തിലാണ് പെൺകുട്ടി മരിച്ചത്.

അനിയത്തി മരിച്ചെന്ന് മനസിലാക്കിയ പെൺകുട്ടി സംഭവസ്ഥലത്ത് നിന്ന് ഭയന്ന് ഓടിപ്പോവുകയും ഇല്ലാത്ത കഥ മെനയുകയുമായിരുന്നു. സംഭവത്തിൽ ഇനിയാരും പിടിയിലാവാനില്ലെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. കാറിൽ വന്നൊരാളെ കുറിച്ച് ആദ്യമൊഴിയിലുണ്ടായിരുന്നു. ഇത് കെട്ടിച്ചമച്ചതാണെന്ന് വ്യക്തമായി. അമ്മയുടെ കാണാതെ പോയ റിസ്റ്റ് വാച്ച് നോക്കി പോയതാണ് സഹോദരിമാർ. ഇതിനിടെയാണ് വഴക്കും കൊലപാതകവും നടക്കുന്നത്. മരിച്ച കുട്ടിയുടെ കൈയിൽ കുരുങ്ങിയ നിലയിലുണ്ടായിരുന്ന മുടി മൂത്ത സഹോദരിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവത്തിന് ശേഷം രക്തകറ പുരണ്ട വസ്ത്രങ്ങൾ പെൺകുട്ടി കസിന്റെ വീട്ടിൽ വച്ചാണ് മാറ്റിയത്. ഇത് കണ്ടെത്തിയിട്ടുണ്ട്. ചോദ്യം ചെയ്യലിൽ അനിയത്തിക്ക് ശ്വാസമുണ്ടെന്ന് വ്യക്തമായപ്പോൾ അവളുടെ തലയിൽ വീണ്ടും വടികൊണ്ട് അടിച്ചതായി പ്രതി വെളിപ്പെടുത്തിയിട്ടുണ്ട്. സമീപമുള്ള വയലിലാണ് മരകഷ്ണം പ്രതി ഒളിച്ചുവച്ചത്.

Content Highlights: Kashmir Murder updates, 14year old girl killed by her own sister

dot image
To advertise here,contact us
dot image