ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; NDA സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് വൈഎസ്ആർ കോൺഗ്രസ്, രാജ്നാഥ് സിംഗിനെ അറിയിച്ചു

പിന്തുണ ആർക്കെന്നതിൽ തീരുമാനം പിന്നീടെന്ന് ബിആർഎസ് വ്യക്തമാക്കി

dot image

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ എൻഡിഎ സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുമെന്ന് വൈഎസ്ആർ കോൺഗ്രസ്. സി പി രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണ തേടി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വൈഎസ്ആർ കോൺഗ്രസ് അദ്ധ്യക്ഷനും ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിയെ വിളിച്ചതിനെ തുടർന്നാണ് വൈഎസ്ആർസിപി തീരുമാനമെടുത്തതെന്ന് വൃത്തങ്ങൾ അറിയിച്ചു.

"തുടർന്ന്, ഞങ്ങളുടെ പാർട്ടി മേധാവി എംപിമാരുമായി ചർച്ച നടത്തി. ഞങ്ങളുടെ പാർലമെന്ററി പാർട്ടി നേതാവ് വൈ വി സുബ്ബ റെഡ്ഡി പാര്‍ട്ടി തീരുമാനം ഞങ്ങളെ അറിയിച്ചു," വൈഎസ്ആർസിപി തിരുപ്പതി എംപി മദ്ദില ഗുരുമൂർത്തി ഇന്ത്യൻ എക്സ്പ്രസിനോട് പറഞ്ഞു. പാർട്ടി തീരുമാനത്തിനൊപ്പം നിൽക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈഎസ്ആർ കോൺഗ്രസിന് ലോക്‌സഭയിൽ നാല് എംപിമാരും രാജ്യസഭയിൽ ഏഴ് എംപിമാരുമാണുള്ളത്. അതേസമയം, പിന്തുണ ആർക്കെന്നതിൽ തീരുമാനം പിന്നീടെന്ന് ബിആർഎസ് വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് ജസ്റ്റിസ് സുദർശൻ റെഡ്ഡിയെ ഇൻഡ്യാ സഖ്യത്തിൻറെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. സുപ്രീം കോടതി മുൻ ജഡ്ജിയും ഹൈദരാബാദ് സ്വദേശിയുമാണ് സുദർശൻ റെഡ്ഡി. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണെന്ന് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് ശേഷം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. സുപ്രീംകോടതി മുൻ ജഡ്ജിയായ സുദർശൻ റെഡ്ഡി ഗോവയുടെ ആദ്യ ലോകായുക്ത കൂടിയാണ്.വിജയസാധ്യതയില്ലെങ്കിലും രാഷ്ട്രീയ മത്സരം വേണം എന്നതാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

മഹാരാഷ്ട്ര ഗവർണർ സി പി രാധാകൃഷ്ണനെയാണ് എൻഡിഎ ഉപരാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. തമിഴ്‌നാട് ബിജെപി അധ്യക്ഷനായിരുന്ന സി പി രാധാകൃഷ്ണൻ ആർഎസ്എസിലൂടെയാണ് രാഷ്ട്രീയത്തിലെത്തിയത്. ദക്ഷിണേന്ത്യയിൽ നിന്നുളള ഒരു ഒബിസി വിഭാഗക്കാരനെ രംഗത്തിറക്കി പ്രതിപക്ഷ നിരയിൽ വിളളലുണ്ടാക്കുകയും തമിഴ്‌നാട് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കുകയും ചെയ്യുക എന്ന എൻഡിഎയുടെ ലക്ഷ്യത്തെയാണ് തെലുങ്ക് കാർഡിറക്കി ഇൻഡ്യ സഖ്യം നേരിട്ടത്.

Content Highlights: YSR Congress To Support NDA Candidate For VP Poll

dot image
To advertise here,contact us
dot image