നിയമത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാത്രമാണ് ഞങ്ങൾ പ്രകടിപ്പിക്കുന്നത്; രാഷ്ട്രപതിയുടെ റഫറൻസിൽ സുപ്രീം കോടതി

രാഷ്ട്രപതിയുടെ റഫറൻസ് നേരത്തെയുള്ള വിധിയെ ചലഞ്ച് ചെയ്യുന്നില്ലെന്നും അതിനാൽ കോടതിക്ക് ഉപദേശക റോളിൽ മാത്രമേ സംസാരിക്കാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കി

dot image

ന്യൂഡൽഹി: രാഷ്ട്രപതി ദ്രൗപതി മുർമുവിനും ഗവർണർമാർക്കും സംസ്ഥാനങ്ങൾ പാസാക്കുന്ന ബില്ലുകൾ പാസാക്കാൻ സമയപരിധി നിശ്ചയിച്ച ഏപ്രിൽ 12 ലെ ഉത്തരവ് സുപ്രീം കോടതി മാറ്റിവെയ്ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായിയുടെ നേതൃത്വത്തിലുള്ള ഭരണഘടനാ ബെഞ്ച്. വിധി നിയമപരമായി ശരിയാണോ എന്നതിൽ ഉപദേശം തേടിയുള്ള രാഷ്ട്രപതിയുടെ റഫറൻസ് പരി​ഗണിക്കവെയാണ് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്. 10 ബില്ലുകൾക്ക് അനുമതി നൽകാതെ തടഞ്ഞ് വെച്ചിരിക്കുന്ന തമിഴ്‌നാട് സർക്കാരും ഗവർണർ ആർ എൻ രവിയും ഉൾപ്പെട്ട കേസിൽ കോടതി ഉപദേശക റോളിൽ മാത്രമേ പ്രവർത്തിക്കൂ എന്നും അപ്പീലിൽ ഇരിക്കില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. രാഷ്ട്രപതിയുടെ റഫറൻസ് നേരത്തത്തെ വിധിയെ ചലഞ്ച് ചെയ്യുന്നില്ലെന്നും അതിനാൽ കോടതിക്ക് ഉപദേശക റോളിൽ മാത്രമേ സംസാരിക്കാൻ കഴിയൂവെന്നും കോടതി വ്യക്തമാക്കി.

ഏപ്രിൽ12 ലെ വിധിന്യായത്തിൽ ഗവർണർ രവിയുടെ നടപടികൾ 'നിയമവിരുദ്ധവും' 'ഏകപക്ഷീയവു'മാണെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ബില്ലുകൾ രണ്ടാമതും സമർപ്പിച്ചതിന് ശേഷം അദ്ദേഹം ഒപ്പിടേണ്ടതായിരുന്നുവെന്നും കോടതി ചൂണ്ടിക്കാണിച്ചിരുന്നു. ഞങ്ങൾ നിയമത്തിന്റെ കാഴ്ചപ്പാട് പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യുന്നത്. തമിഴ്‌നാട് കേസിൽ തീരുമാനമെടുക്കുകയല്ല എന്നും കോടതി പറഞ്ഞു. റഫറൻസിന്റെ നിലനിൽപ്പിനെക്കുറിച്ച് ഉയർ‌ന്നുവന്ന എതിർപ്പുകൾക്ക് മറുപടിയായിട്ടായിരുന്നു കോടതി നിരീക്ഷണം.

ഞങ്ങൾ ഒരു ഉപദേശക അധികാരപരിധിയിലാണ്. ഞങ്ങൾ അപ്പീലിൽ ഇല്ല. പൊതു പ്രാധാന്യമുള്ള നിയമപരമായ കാര്യങ്ങളിൽ സുപ്രീം കോടതിയെ സമീപിക്കാൻ രാഷ്ട്രപതിക്ക് അധികാരം നൽകുന്ന ആർട്ടിക്കിൾ 143ൽ കോടതിക്ക് ഒരു അഭിപ്രായം പറയാൻ കഴിയും. പക്ഷേ അതിന് വിധിയെ മറികടക്കാൻ കഴിയില്ലെന്നും ജസ്റ്റിസ് സൂര്യ കാന്ത് പറഞ്ഞു. കേരളത്തിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കെ കെ വേണുഗോപാൽ, തമിഴ്നാടിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് സിംഗ്‌വി എന്നിവരുടെ വാദം കേട്ടുകൊണ്ടാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ ചന്ദൂർക്കർ എന്നിവരടങ്ങുന്ന അഞ്ചംഗ ബെഞ്ച് നടപടി ക്രമങ്ങൾ ആരംഭിച്ചത്.

പ്രസിഡന്റ് ദ്രൗപതി മുർമുവിൻ്റെ പരാമർശത്തിൽ ഉന്നയിച്ച 14 ചോദ്യങ്ങൾക്ക് തമിഴ്‌നാട് കേസിൽ രണ്ടംഗ ബെഞ്ചിന്റെ വിധി മൂർത്തമായും നേരിട്ടും ഉത്തരം നൽകിയിട്ടുണ്ടെന്നായിരുന്നു കേരളത്തിൻ്റെയും തമിഴ്നാടിൻ്റെയും വാദം. ഇതിനകം തീരുമാനിച്ച വിഷയങ്ങൾ പുനഃപരിശോധിക്കാൻ ആർട്ടിക്കിൾ 143 പ്രകാരം രാഷ്ട്രപതിക്ക് ഉപദേശക അധികാരപരിധി ആവശ്യപ്പെടാൻ കഴിയില്ലെന്നും കേരളവും തമിഴ്നാടും വാദിച്ചു. കോടതി ഇതിനകം തീരുമാനിച്ച വിധികളിൽ തീരുമാനമെടുക്കാൻ ആവശ്യപ്പെടുന്നത് പൂർണ്ണമായും ആർട്ടിക്കിൾ 143 ന് പുറത്താണെന്ന് 2ജി അഴിമതി പോലുള്ള മുൻ കേസുകളെ പരാമർശിച്ച് കേരളത്തിൻ്റെ അഭിഭാഷകൻ കെ കെ വേണുഗോപാൽ ചൂണ്ടിക്കാണിച്ചു. മന്ത്രിസഭയുടെ 'സഹായവും ഉപദേശവും' അനുസരിച്ച് പ്രവർത്തിക്കാൻ രാഷ്ട്രപതി ബാധ്യസ്ഥനായതിനാൽ രാഷ്ട്രപതിയുടെ റഫറൻസ് യഥാർത്ഥത്തിൽ ഫെഡറൽ സർക്കാരിന്റെ നീക്കമാണെന്നും കെ കെ വേണു​ഗോപാൽ വാദിച്ചു. പുനഃപരിശോധനാ ഹർജി ഫയൽ ചെയ്യാതെ ഒരു വിധി മറികടക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്നാടിന് വേണ്ടി ഹാജരായ അഭിഭാഷകൻ അഭിഷേക് സിംഗ്‌വി സമാനമായ വാദങ്ങളാണ് ഉന്നയിച്ചത്. ആർട്ടിക്കിൾ 143, ഒരു കോടതിയുടെ വിധിക്കെതിരെ ആ കോടതിയിൽ തന്നെ അപ്പീലിനായോ, അവലോകനത്തിനായോ, റിവ്യൂ പെറ്റീഷൻ തള്ളിയതിന് ശേഷം അന്തിമവിധിയിൽ പുനഃപരിശോധന നടത്താനുള്ള സുപ്രീം കോടതിയുടെ അധികാരത്തിന് പകരമായോ ഉപയോ​ഗിക്കാൻ കഴിയില്ലെന്ന് അഭിഷേക് സിംഗ്‌വി ചൂണ്ടിക്കാണിച്ചു.

തമിഴ്‌നാട് കേസുമായി ബന്ധപ്പെട്ട് ഒരു വലിയ ബെഞ്ച് വേണമെന്ന ആവശ്യം പ്രത്യേകം ഉന്നയിച്ചതായി അറ്റോർണി ജനറൽ ആർ വെങ്കട്ടരമണി ഈ ഘട്ടത്തിൽ പറഞ്ഞിരുന്നു. ആർട്ടിക്കിൾ 143 കേസുകളിൽ കോടതിക്ക് മുമ്പത്തെ വിധിന്യായങ്ങൾ പുനഃപരിശോധിക്കാനോ മാറ്റം വരുത്താനോ കഴിയുമെന്ന് അറ്റോർണി ജനറൽ ആർ വെങ്കട്ടരമണിയും സോളിസിറ്റർ ജനറൽ തുഷാർ മേത്തയും വാദിച്ചു. രാഷ്ട്രപതിയുടെ റഫറൻസിൽ കോടതി നാളെ വാദം കേൾക്കൽ പുനരാരംഭിക്കും.

Content Highlights: Won't Overturn, Advisory Role Only Supreme Court On Presidential Reference

dot image
To advertise here,contact us
dot image