
പട്‌ന: വോട്ട് കൊള്ളയ്‌ക്കെതിരായ ഇന്‍ഡ്യാ സഖ്യത്തിന്റെ വോട്ട് അധികാര്‍ യാത്രയ്ക്ക് ഇന്ന് ബിഹാറില്‍ തുടക്കം. ബിഹാറിലെ 24 ജില്ലകളിലൂടെയാണ് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള യാത്ര കടന്നുപോകുന്നത്. ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഇടത് നേതാക്കളും അടക്കം വോട്ട് അധികാര്‍ യാത്രയില്‍ രാഹുല്‍ ഗാന്ധിക്കൊപ്പം അണിനിരക്കും.
റോഹ്താസ് ജില്ലയിലെ സസാറമില്‍ നിന്നാണ് യാത്ര ആരംഭിക്കുക. 24 ജില്ലകളിലൂടെ 1,300 കിലോമീറ്റര്‍ നേതാക്കള്‍ സഞ്ചരിക്കും. പതിനാല് ദിവസം നീളുന്ന യാത്ര സെപ്റ്റംബര്‍ ഒന്നിന് ഇന്‍ഡ്യാ സഖ്യത്തിന്റെ മഹാറാലിയോടെ സമാപിക്കും. വോട്ടര്‍ പട്ടികയില്‍ നിന്ന് ജനങ്ങളെ പുറന്തള്ളാനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കത്തെക്കുറിച്ച് വോട്ടര്‍മാരെ ബോധവത്ക്കരിക്കുകയാണ് യാത്രയുടെ ലക്ഷ്യം. രാഹുലിനും തേജസ്വിക്കും പുറമേ സിപിഐഎം നേതാവ് സുഭാഷിണി അലി, സിപിഐഎംഎല്‍ ജനറല്‍ സെക്രട്ടറി ദീപാങ്കര്‍ ഭട്ടാചാര്യ തുടങ്ങിയ നേതാക്കളും യാത്രയില്‍ പങ്കാളികളാകും. സമാപന ദിവസം പട്‌നയില്‍ നടക്കുന്ന മഹാറാലിയില്‍ രാഹുല്‍ ഗാന്ധിക്കും തേജസ്വി യാദവിനും പുറമേ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, സിപിഐഎം ജനറല്‍ സെക്രട്ടറി എം എ ബേബി, സമാജ്‌വാദി പ്രസിഡന്റ് അഖിലേഷ് യാദവ് തുടങ്ങിയവര്‍ പങ്കെടുക്കും.
നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിഹാറില്‍ ധൃതി പിടിച്ച് വോട്ടര്‍ പട്ടിക പുനഃപരിശോധിച്ച നടപടിക്കെതിരെ വ്യാപക പ്രതിഷേധമായിരുന്നു ഉയര്‍ന്നത്. നടപടിയിലൂടെ പൗരത്വ രജിസ്റ്റര്‍ ഒളിച്ചു കടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നാണ് ഉയര്‍ന്ന ആരോപണം. ഇതിന് പുറമേ വോട്ടര്‍മാരെ വ്യാപകമായി പുറന്തള്ളാന്‍ ബിജെപി സര്‍ക്കാര്‍ ശ്രമിക്കുന്നതായും പ്രതിപക്ഷം ആരോപിച്ചിരുന്നു. പുനഃപരിശോധനാ നടപടിയിലൂടെ 65 ലക്ഷത്തോളം പേരായിരുന്നു ഇത്തരത്തില്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായത്. ഇതിനെതിരെ സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. വോട്ടര്‍ പട്ടികയില്‍ നിന്ന് പുറത്തായവര്‍ ആരൊക്കെ, എന്തുകൊണ്ട് പുറത്താക്കി എന്നതടക്കമുള്ള കാര്യങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കണമെന്ന് സുപ്രീംകോടതി കര്‍ശമ നിര്‍ദേശം നല്‍കിയിരുന്നു.
Content Highlights- Rahul Gandhi's 'Voter Adhikar Yatra' in Bihar to begin today