
ന്യൂഡൽഹി: ഇന്ത്യയും ചൈനയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസുകൾ അടുത്ത മാസം പുനരാരംഭിക്കുമെന്ന് റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സൂചനയായാണ് ഈ നീക്കമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. എയർ ഇന്ത്യ, ഇൻഡിഗോ തുടങ്ങിയ വിമാനക്കമ്പനികളോട് ചൈനയിലേക്ക് വിമാന സർവീസുകൾ നടത്താൻ തയ്യാറാകാൻ ഇന്ത്യൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കോവിഡ് -19 പകർച്ചവ്യാധിയെത്തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവ്വീസ് താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്.
2019 ന് ശേഷം ആദ്യമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ മാസം അവസാനം ചൈന സന്ദർശിക്കാനിരിക്കെയാണ് കേന്ദ്ര സർക്കാർ നീക്കം. ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‌സിഒ) ടിയാൻജിനിൽ നടക്കുന്ന ഉച്ചകോടിക്കായാണ് പ്രധാനമന്ത്രി ചൈനയിലെത്തുന്നത്. പ്രധാനമന്ത്രി മോദിയുടെ സന്ദർശനത്തെ ചൈന സ്വാഗതം ചെയ്തിട്ടുണ്ട്. ഐക്യദാർഢ്യത്തിന്റെയും സൗഹൃദത്തിന്റെയും ഫലപ്രദമായ ഫലങ്ങളുടെയും ഒരു ഒത്തുചേരലായിരിക്കുമെന്നായിരുന്നു ചൈനയുടെ പ്രതികരണം. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ എന്നിവർ അടുത്ത കാലത്തായി എസ്‌സിഒയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു.
2020 ജൂണിൽ കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്‌വരയിൽ സൈനികർ തമ്മിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് ഇന്ത്യ-ചൈന ബന്ധം വഷളായിരുന്നു. ഇതിന് പിന്നാലെ ഇരു രാജ്യങ്ങളും യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽഎസി) സൈനിക വിന്യാസം വർദ്ധിപ്പിക്കുകയും നിരവധി റൗണ്ട് സൈനിക, നയതന്ത്ര ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു.
ഇന്ത്യയിലെ ചൈനീസ് നിക്ഷേപങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതും, ഇറക്കുമതികളിൽ കൂടുതൽ സൂക്ഷ്മ പരിശോധന നടത്തിയതും, പകർച്ചവ്യാധിയുടെ സമയത്ത് നേരിട്ടുള്ള വിമാന സർവീസുകൾ നിർത്തിവച്ചതും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര-സാമ്പത്തിക ബന്ധങ്ങളെ ബാധിച്ചിരുന്നു. എന്നാൽ അടുത്തിടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പഴയ നിലയിലേയ്ക്ക് മടങ്ങുന്നതായി വിലയിരുത്തപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് വിമാന സർവീസുകൾ പുനഃരാരംഭിക്കാനുള്ള കേന്ദ്ര നീക്കം.
Content Highlights: Government asks Air India, IndiGo to resume flights to China by next month Report