
ഡല്‍ഹിയിലെ തെരുവുകളില്‍ നിന്ന് നായകളെ നീക്കം ചെയ്യാനുള്ള സുപ്രീം കോടതി ഉത്തരവില്‍ പ്രതികരണവുമായി മുന്‍ കേന്ദ്രമന്ത്രിയും മൃഗാവകാശ പ്രവര്‍ത്തകയുമായ മനേക ഗാന്ധി. സുപ്രീം കോടതിയുടെ ഉത്തരവ് അപ്രായോഗികമാണെന്ന് അഭിപ്രായപ്പെട്ട മനേക ഗാന്ധി, ഇത് സാമ്പത്തിക നഷ്ടം ഉണ്ടാക്കുകയും പാരിസ്ഥിതിക സന്തുലിതാവസ്ഥയെ ദോഷകരമായി ബാധിക്കുമെന്നും പറഞ്ഞു.
നായകളെ തെരുവില്‍ നിന്ന് നീക്കം ചെയ്യുന്നത് അപ്രതീക്ഷിതമായ പ്രത്യാഘ്യാതങ്ങള്‍ക്ക് വഴിവെക്കും. നിലവില്‍ ഡല്‍ഹിയിലുള്ള തെരുവുനായകളെ പൂര്‍ണമായി
നീക്കം ചെയ്താലും അവിടേക്ക് വീണ്ടും നായകളെത്തും. 48 മണിക്കൂറിനുള്ളില്‍ ഡല്‍ഹിക്ക് സമീപമുള്ള ഗാസിയാബാദില്‍ നിന്നും ഫരീദാബാദില്‍ നിന്നും മൂന്ന് ലക്ഷത്തിലധികം നായകളെങ്കിലും ഇവിടേക്ക് എത്തും. കാരണം ഡല്‍ഹിയിലെ തെരുവുകളില്‍ ഭക്ഷ്യാവശിഷ്ടങ്ങളുടെ ലഭ്യത അത്രയും കൂടുതലാണ്. ഇത് കൂടാതെ നായകളുടെ എണ്ണം കുറയുന്നതോടെ കുരങ്ങിന്റെയും എലിയുടെയും ശല്യമായിരിക്കും പിന്നീട് ഉണ്ടാവുക. 1880-കളില്‍ സമാനമായ അവസ്ഥ പാരീസില്‍ ഉണ്ടായിട്ടുണ്ടെന്നും മനേക ഗാന്ധി വ്യക്തമാക്കി.
അന്ന് പാരീസില്‍ സംഭവിച്ചത്
1880-ല്‍ പാരീസിൽ തെരുവ് നായകളുടെ വര്‍ധനവും പേവിഷബാധയും മൂലം സമാനമായ മാറ്റങ്ങള്‍ ഗവണ്മെന്റ് കൊണ്ടുവന്നിരുന്നു. വലിയ തോതില്‍ അന്ന് നായകളെയും പൂച്ചകളെയും നഗരത്തില്‍ നിന്ന് നീക്കം ചെയ്യുകയും കൊല്ലുകയും ചെയ്തിരുന്നു. ഇത് നഗരത്തില്‍ എലികളുടെ എണ്ണത്തില്‍ അനിയന്ത്രിതമായ വര്‍ധനയ്ക്ക് കാരണമായി. ഭക്ഷ്യക്ഷാമം നിലനിന്നതിനാല്‍ ഇവയെ പാകം ചെയ്ത് ഭക്ഷിക്കാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരായതായും അന്നത്തെ റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
കഴിഞ്ഞ ദിവസമാണ് ഡല്‍ഹിയില്‍ തെരുവ് നായകളുടെ ആക്രമണം വര്‍ധിച്ച് വന്ന സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഡല്‍ഹി-എന്‍സിആര്‍ തെരുവുകളില്‍ നിന്ന് എല്ലാ തെരുവ് നായക്കളെയും നീക്കം ചെയ്ത് ഷെല്‍ട്ടറുകളില്‍ പാര്‍പ്പിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശം. ഗുരുഗ്രാം, നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളിലെ പൊതു ഇടങ്ങളില്‍ നിന്ന് എല്ലാ തെരുവ് നായകളേയും ഉടന്‍ നീക്കം ചെയ്യണമെന്നാണ് ഉത്തരവിൽ പറയുന്നത്. പിന്നാലെ ഉത്തരവിനെ വിമർശിച്ച് ബോളിവുഡ് താരങ്ങളുൾപ്പടെ രംഗത്തെത്തിയിട്ടുണ്ട്.
Content Highlights- 'If dogs are removed from Delhi, it will be like what happened in Paris'; Maneka Gandhi warns