
വോട്ട് എന്ന പൗരന്റെ അടിസ്ഥാന അവകാശവും, ജനാധിപത്യത്തിന്റെ നെടുംതൂണായ തിരഞ്ഞെടുപ്പ് പ്രക്രിയയും അട്ടിമറിക്കപ്പെട്ടതിന്റെ തെളിവുകളുമായാണ് പ്രതിപക്ഷം ഇത്തവണ പോരിനിറങ്ങിയിരിക്കുന്നത്. ജനാധിപത്യത്തെ എന്തുവിലകൊടുത്തും സംരക്ഷിക്കാന്‍, അതിനെതിരായ എല്ലാ നീക്കങ്ങളെയും പ്രതിരോധിക്കാന്‍, ജനാധിപത്യമെന്തെന്നും ഇന്ത്യന്‍ ഭരണഘടനയെന്തെന്നും പൂര്‍ണമായി ഉള്‍ക്കൊണ്ടുകൊണ്ട് ഏകമനസ്സോടെ അവര്‍ അണിനിരന്നു. ഒറ്റനോട്ടത്തില്‍ ബിഹാറിലും ബംഗാളിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളും അടുത്ത ലോക്‌സഭ തിരഞ്ഞെടുപ്പുമെല്ലാം ലക്ഷ്യം വെച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധിയും സംഘവും ഇറങ്ങിയിരിക്കുന്നതെന്ന് തോന്നാമെങ്കിലും അതിനപ്പുറമുള്ള രാഷ്ട്രീയമാനങ്ങള്‍ ഈ പോരാട്ടത്തിന് ഉണ്ട്.
രാഹുല്‍ ഗാന്ധി തന്റെ പക്കലൊരു ആറ്റം ബോംബ് ഉണ്ടെന്ന് വെല്ലുവിളിച്ചപ്പോള്‍ പരിഹാസമായിരുന്നു ആദ്യം ഭരണപക്ഷത്തിന്റെ ആയുധം. പക്ഷെ എന്നാല്‍ കഴിഞ്ഞദിവസം നടന്ന പ്രതിപക്ഷ മാര്‍ച്ചില്‍ ഭരണകേന്ദ്രങ്ങള്‍ ഒന്ന് വിറച്ചു. വോട്ടുകൊള്ളയുടെ കണക്കുകള്‍ നിരത്തികൊണ്ടുള്ള പ്രതിപക്ഷത്തിന്റെ പുതിയ ക്യാംപെയ്ന്റെ മൂന്നാം ഘട്ടമാണ് ഈ മാര്‍ച്ച് എന്ന് തന്നെ വായിക്കാം.
ആദ്യ ഘട്ടം, രാഹുല്‍ ഗാന്ധി നടത്തിയ ആ പവര്‍ പോയിന്റ് വാര്‍ത്താസമ്മേളനമായിരുന്നു. ചില ഇംഗ്ലിഷ് അക്ഷരങ്ങള്‍ മാത്രം നാടും വീടും പേരുമുള്ള കള്ള വോട്ടര്‍മാരുടെ വലിയ പട്ടിക രാഹുല്‍ വലിയ സ്‌ക്രീനില്‍ കാണിച്ചുതന്നു. ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ സഹായിക്കുന്നതിനായി ബെംഗളൂരു സെന്‍ട്രലില്‍ മാത്രം ഒരു ലക്ഷത്തോളം വ്യാജ വോട്ടുകള്‍ ചേര്‍ത്തുവെന്നാണ് രാഹുല്‍ ഗാന്ധി തെളിവുകള്‍ നിരത്തിയത്. മഹാരാഷ്ട്ര, ഹരിയാന, കര്‍ണാടക എന്നിവടങ്ങളിലെ വോട്ടര്‍ പട്ടിക, മഹാരാഷ്ട്രയിലെ പോളിംഗ് ദിവസത്തെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ചത്, ഒരാള്‍ തന്നെ പല ബൂത്തുകളിലുള്ളത്, വ്യാജ മേല്‍വിലാസങ്ങള്‍, നിയമസഭ ഇലക്ഷനും ലോക്സഭ ഇലക്ഷനുമിടെ ചേര്‍ക്കപ്പെട്ട ഒരു കോടി പുതിയ വോട്ടര്‍മാര്‍… എന്നിങ്ങനെ രാഹുല്‍ ഗാന്ധി അക്കമിട്ട് നിരത്തിയത് ഒട്ടനവധി കാര്യങ്ങളാണ്.
ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ജനപിന്തുണ തേടി ആരംഭിച്ച ക്യാമ്പെയ്നായിരുന്നു അടുത്ത ഘട്ടം. വോട്ട് കൊള്ള പല ദേശീയ മാധ്യമങ്ങളും സൈഡ് ലൈനാക്കുമെന്ന് മുന്‍കൂട്ടി കണ്ടുകൊണ്ട് കൂടിയായിരിക്കണം രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും 'വോട്ട്ചോരി ഡോട്ട് ഇന്‍' എന്ന പേരില്‍ വെബ്സൈറ്റിന് തുടക്കമിട്ടത്. വെബ്സൈറ്റില്‍ 'വോട്ട് ചോരി പ്രൂഫ്, ഡിമാന്‍ഡ് ഇസി (ഇലക്ഷന്‍ കമ്മീഷന്‍) അക്കൗണ്ടബിലിറ്റി, റിപ്പോര്‍ട്ട് വോട്ട് ചോരി' എന്നിങ്ങനെ മൂന്ന് ഓപ്ഷനുകളുണ്ട്. ഇതില്‍ വോട്ട് ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എന്തെങ്കിലും അനുഭവമുണ്ടെങ്കില്‍ അതേപ്പറ്റി ജനങ്ങള്‍ക്ക് തുറന്നെഴുതാം. I Stand against Vote Chori എന്ന സര്‍ട്ടിഫിക്കറ്റുമായുള്ള ക്യാംപെയ്നിനും കോണ്‍ഗ്രസ് തുടക്കമിട്ടു.
ഇതിനിടയില്‍ ഹരിയാന തിരഞ്ഞെടുപ്പ് കമ്മീഷനും കര്‍ണാടക തിരഞ്ഞെടുപ്പ് കമ്മീഷനും രാഹുല്‍ ഗാന്ധിക്ക് നോട്ടീസ് അയച്ചു. പക്ഷെ പിന്മാറാന്‍ പ്രതിപക്ഷം തയ്യാറായില്ല. പ്രതിഷേധ മാര്‍ച്ചായിരുന്നു അടുത്ത ഘട്ടം. പട നയിച്ച് വരുന്ന രാഹുല്‍ ഗാന്ധി, പിന്നില്‍ അണിനിരന്ന് 300 എംപിമാര്‍… പ്രതിപക്ഷ മാര്‍ച്ച് തലസ്ഥാനനഗരിയെ സ്തംഭിപ്പിച്ചു. ബാരിക്കേഡുകള്‍ ചാടിക്കടന്നും ഭരണഘടന ഉയര്‍ത്തിപ്പിടിച്ചും മോദി ചോര്‍ ഹേ എന്ന മുദ്രാവാക്യം ഉറക്കെ വിളിച്ചും പ്രതിപക്ഷം നടത്തിയ മാര്‍ച്ചില്‍ ഡല്‍ഹിയിലെ ഭരണസിരാകേന്ദ്രങ്ങള്‍ക്കെല്ലാം തീപിടിച്ചു.
വോട്ടുകൊള്ളയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്ന ഈ ക്യാപെയ്‌ന് രാഷ്ട്രീയപരമായി തീര്‍ച്ചയായും ചില ഇംപാക്ടുകള്‍ സൃഷ്ടിക്കാനായിട്ടുണ്ട്.
വ്യാജവാര്‍ത്തകളും വസ്തുതാവിരുദ്ധ പ്രചരണങ്ങളും സര്‍വമേഖലകളിലും പ്രത്യേകിച്ച് രാഷ്ട്രീയരംഗത്ത് പോലും സാധാരണമായി കൊണ്ടിരിക്കുന്ന കാലത്താണ്, കൃത്യമായ ഡാറ്റയുടെ പിന്‍ബലത്തോടെ പുതിയ കാലത്തോട് സംവദിക്കുന്ന രീതിയില്‍ രാഹുല്‍ ഗാന്ധി എന്ന രാഷ്ട്രീയ നേതാവ് രംഗത്തുവന്നത്. വാട്‌സ് ആപ്പ് യൂണിവേഴ്‌സിറ്റികള്‍ക്ക് സര്‍വത്ര അംഗീകാരം ലഭിക്കുന്നതാണ് ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മള്‍ കണ്ടത്. എന്നാല്‍, രാഹുല്‍ ഗാന്ധിയുടെ വാര്‍ത്താസമ്മേളനത്തിന് പിന്നാലെ പല യുവ ഇന്‍ഫ്‌ളുവന്‍സേഴ്‌സും ഇലക്ഷന്‍ കമ്മീഷന്റെ വെബ്‌സൈറ്റില്‍ കയറി വോട്ടര്‍പട്ടികയിലെ വിവരങ്ങള്‍ ക്രോസ് ചെക്ക് ചെയ്യുന്ന വീഡിയോസ് പങ്കുവെച്ചിരുന്നു. ആ ക്യാംപെയ്ന്‍ ജനങ്ങളിലേക്ക് കടന്നുചെന്നതിന്റെ പ്രതിഫലനമായിരുന്നു അത്. കേരളത്തിലേതടക്കമുള്ള പ്രാദേശിക മാധ്യമങ്ങള്‍ വോട്ടര്‍പട്ടികയിലെ ക്രമക്കേടുകള്‍ക്ക് പിന്നാലെ തപ്പിയിറങ്ങി. തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയം ഇപ്പോള്‍ സംശയത്തിന്റെ നിഴലിലായത് അങ്ങനെയാണ്.
ഒരു നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്കെതിരെ പലപ്പോഴും ഉയരുന്ന വിമര്‍ശനങ്ങളിലൊന്ന്, അദ്ദേഹത്തിന്റെ രാഷ്ട്രീയ പോരാട്ടങ്ങള്‍ക്ക് സ്ഥിരതയില്ല എന്നതായിരുന്നു. പക്ഷെ ഭരണഘടനയുടെ സംരക്ഷണത്തിനാണ് താന്‍ ഓരോ ചുവടും വെക്കുന്നതെന്ന വാക്കുകള്‍ ഏറ്റവും കണ്‍സിസ്റ്റന്റായാണ് അദ്ദേഹം തുടരുന്നത്. ഭരണഘടന കയ്യിലേന്തിയാണ് ഓരോ പ്രതിഷേധ പരിപാടികളും ക്യാംപെയ്‌നുകളിലും രാഹുല്‍ ഗാന്ധി മുന്നില്‍ നടക്കുന്നത്. ഭരണഘടനയില്‍ ഭേദഗതിയോ തിരുത്തുകളോ വരുത്താതെ തന്നെ, അത് പൗരന് നല്‍കുന്ന അവകാശങ്ങളെ ഹനിക്കുന്ന രീതിയാണ് ഇവിടെ നിലനില്‍ക്കുന്നതെന്ന് ആദ്യം പറഞ്ഞ നേതാക്കളില്‍ ഒരാള്‍ രാഹുല്‍ ആയിരുന്നു. വോട്ടുകൊള്ളയ്‌ക്കെതിരെയുള്ള ക്യാംപെയ്‌നിലും ഭരണഘടന സംരക്ഷണം തന്നെയാണ് തന്റെ ലക്ഷ്യമെന്ന് അദ്ദേഹം പല കുറി ആവര്‍ത്തിച്ചു പറയുന്നുണ്ട്. അതുകൊണ്ട് തന്നെ, സ്ഥിരത ഇല്ല എന്ന വിമര്‍ശനങ്ങള്‍ക്കുള്ള മറുപടി കൂടിയാകുന്നുണ്ട് രാഹുലിന്റെ ഈ പോരാട്ടം.
രാഹുലിനും കോണ്‍ഗ്രസിനും അപ്പുറത്തേക്ക് രാജ്യം ഇപ്പോള്‍ ഉറ്റുനോക്കുന്നത് ഇന്ത്യ സഖ്യത്തിലേക്കാണ്. സഖ്യത്തിന്റെ പ്രാരംഭ നേതാക്കളില്‍ പലരും മറുകണ്ടം ചാടിയതും മറ്റ് ചിലര്‍ വഴിമാറിയും പോയതും, പരസ്പരം ഉടലെടുത്ത തര്‍ക്കങ്ങളുമെല്ലാം ഇന്‍ഡ്യ സഖ്യത്തിന്റെ കെട്ടുറപ്പില്‍ ചോദ്യങ്ങളുയര്‍ത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന മാര്‍ച്ച് പ്രതിപക്ഷ സഖ്യം ശക്തമായി നിലനില്‍ക്കുമെന്ന സൂചനകള്‍ നല്‍കിയ ഒന്നായിരുന്നു. പ്രതിഷേധത്തിനിടെ തളര്‍ന്നുപോയ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മിതാലി ബാഗിനെ ചേര്‍ത്തുപിടിച്ച കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധിയുടെയും സിപിഐഎം എംപി ജോണ്‍ ബ്രിട്ടാസിന്റെയും ചിത്രം ഇത്രമേല്‍ ആഘോഷിക്കപ്പെടുന്നതിന് കാരണവും ഇന്‍ഡ്യ സഖ്യത്തിന് മേല്‍ ജനാധിപത്യ വിശ്വാസികള്‍ക്കുള്ള പ്രതീക്ഷകളാണ്.
വോട്ടുകൊള്ളയ്‌ക്കെതിരെ നടക്കുന്ന പ്രതിഷേധ ക്യാംപെയ്‌ന്റെ ഭാവി എന്താകുമെന്നതാണ് അടുത്ത ചോദ്യം. ക്യാംപെയ്‌ന് പൊതുജനങ്ങള്‍ക്കിടയിലും മാധ്യമങ്ങളിലും ശ്രദ്ധ നേടാനായിട്ടുണ്ട്. ക്യാംപെയ്‌ന്റെ ഭാഗമായി നിയമനടപടികളിലേക്ക് രാഷ്ട്രീയപാര്‍ട്ടികളുടെ വിവിധ തലങ്ങളിലുള്ളവര്‍ കടന്നിട്ടുമുണ്ട്. ബിജെപിയ്ക്ക് സ്വാഭാവികമായും ചെറുതല്ലാത്ത ചങ്കിടിപ്പുണ്ടായിട്ടുണ്ട്. വരുംനാളുകളില്‍ ഈ ക്യാംപെയ്ന്‍ എങ്ങനെ മുന്നോട്ടുപോകുമെന്നാണ് ഇനി കാണാനുള്ളത്. അതിന്റെ ഭാവി എന്തായാലും, അത് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് മാത്രമല്ല, ഇന്ത്യ എന്ന രാജ്യത്തിനും ഇവിടുത്തെ പൗരന്‍മാര്‍ക്കും ജനാധിപത്യത്തിനും നിര്‍ണായകമായിരിക്കും.
Content Highlights: What will be the next step of Rahul Gandhi in campaign against Votechori