'ശ്രീരാമന് മനസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു'; വിവാദ പരാമർശവുമായി വൈരമുത്തു, തമിഴ്‌നാട്ടിൽ രാഷ്ട്രീയപ്പോര്

വൈരമുത്തുവിന്റെ പരാമർശം മുഖ്യമന്ത്രി സ്റ്റാലിന്‍ അംഗീകരിക്കുന്നുണ്ടോയെന്നാണ് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ചോദിക്കുന്നത്

dot image

തമിഴ്‌നാട്ടിൽ നടന്ന സാഹിത്യപരിപാടിയിൽ ശ്രീരാമനെ കുറിച്ച് നടത്തിയ പരാമർശത്തിൽ വിവാദത്തിൽപ്പെട്ട് ഗാനരചയിതാവും കവിയുമായ വൈരമുത്തു. മുഖ്യമന്ത്രി സ്റ്റാലിനുൾപ്പെടെ പങ്കെടുത്ത ചടങ്ങിൽ സീതയിൽ നിന്ന് വേർപിരിഞ്ഞ ശേഷം ശ്രീരാമന് മാനസിക സന്തുലിതാവസ്ഥ നഷ്ടപ്പെട്ടെന്നും പിന്നീട് സ്വബോധമില്ലാതെ അദ്ദേഹം പ്രവർത്തിച്ചുവെന്നുമായിരുന്നു വൈരമുത്തുവിന്റെ പരാമർശം. ഇതിന് പിന്നാലെ തമിഴ്‌നാട്ടിൽ വലിയ രാഷ്ട്രീയ വിവാദം തന്നെ ഉയർന്ന് വന്നിരിക്കുകയാണ്.

രാമായണത്തിന്റെ തമിഴ് പതിപ്പായ കമ്പ രാമായണത്തിന്റെ രചയിതാവായ പുരാതന തമിഴ് കവി കമ്പറിന്റെ പേരിലുള്ള അവാർഡ് വാങ്ങാനെത്തിയ ചടങ്ങിലാണ് വൈരമുത്തു വിവാദ പരാമർശം നടത്തിയത്. മതവികാരം വ്രണപ്പെടുത്തുകയാണ് വൈരമുത്തു ചെയ്തതെന്നാണ് ബിജെപി വാദിക്കുന്നത്.

രാമായണത്തിലെ ബാലി എന്ന കഥാപാത്രം രാമന്റെ തീരുമാനങ്ങളെ കുറിച്ച് വനത്തിൽവച്ച് ചില ചോദ്യങ്ങൾ ഉന്നയിക്കുന്നുണ്ട്. രാമൻ രാജ്യത്തിന്റെ ചുമതല അദ്ദേഹത്തിന്റെ സഹോദരന് നൽകിയതും, വാലിയുടെ രാജ്യത്തിന്റെ ചുമതല സഹോദരൻ സുഗ്രീവന് നൽകിയതും യുക്തിക്ക് നിരക്കാത്തതാണെന്നും അത് അപ്പോഴത്തെ മാനസികവികാരത്തിൽ സംഭവിച്ചത് പോയതാണെന്നും വൈരമുത്തു പറഞ്ഞു.

വൈരമുത്തുവിന്റെ പരാമർശം മുഖ്യമന്ത്രി സ്റ്റാലിന്‍ അംഗീകരിക്കുന്നുണ്ടോയെന്നാണ് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ ചോദിക്കുന്നത്. അതേസമയം വിഡ്ഢിയും ഭ്രാന്തനുമായ ഒരാളാണ് വൈരമുത്തു എന്നാണ് ബിജെപി വക്താവ് നാരായണൻ തിരുപ്പതി വൈരമുത്തുവിനെ വിളിച്ചത്. അതേസമയം അദ്ദേഹത്തിന്റെ വാക്കുകൾ മനപൂർവം വളച്ചൊടിച്ചതാണെന്നാണ് വൈരുമുത്തുവിനോട് അടുത്ത വൃത്തങ്ങൾ പ്രതികരിച്ചു. വൈരമുത്തു നടത്തിയത് സാഹിത്യ വ്യാഖ്യാനമാണെന്നും മതപരമായ പ്രസംഗമോ രാഷ്ട്രീയ പ്രസംഗമോ അല്ല അതെന്നും അവർ വിശദീകരിക്കുന്നു.

Content Highlights: Lord Ram has lost his mind Vairamuthu's remarks ignites controversy

dot image
To advertise here,contact us
dot image