വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നാല് തരം വിസകളുമായി കുവൈത്ത്; 30 ദിവസം മുതൽ ഒരു വർഷം വരെ കാലാവധി

കുവൈത്ത് ടൂറിസത്തിന്റെ വളർച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്

dot image

വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് നാല് തരം ടൂറിസ്റ്റ് വിസകൾ പ്രഖ്യാപിച്ച് കുവൈത്ത് ഗവൺമെന്റ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെയും അവരുടെ സന്ദർശന ലക്ഷ്യത്തിന്‍റെയും അടിസ്ഥാനത്തിൽ വിസകൾ നൽകാനാണ് ​ഗവൺമെന്റിന്റെ പുതിയ തീരുമാനം. കുവൈത്ത് ടൂറിസത്തിന്റെ വളർച്ചയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

നാല് തരത്തിലുള്ള വിസകളാണ് കുവൈത്ത് ​ഗവൺമെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. പുതിയ വിസകൾക്ക് 30 ദിവസം മുതൽ ഒരു വർഷം വരെയാണ് കാലാവധി. ഒന്നോ അതിലധികമോ തവണ കുവൈത്തിൽ വരുന്നതിന് അനുയോജ്യമായ രീതിയിൽ വിസകൾ ലഭ്യമാണ്.

മികച്ച സാമ്പത്തിക ഭദ്രതയും ശക്തമായ പാസ്‌പോർട്ടുമുള്ള രാജ്യങ്ങളിലെ പൗരന്മാർക്കാണ് ആദ്യ വിഭാഗത്തിലുള്ള വിസകൾ ലഭിക്കുക. ഇവർക്ക് ഹ്രസ്വകാലത്തേക്കും ദീർഘകാലത്തേക്കുമുള്ള എല്ലാതരം വിസകളും ലഭ്യമാണ്.

ഗൾഫ് പൗരന്മാർ, പ്രൊഫഷണൽ യോഗ്യതകളുള്ള പ്രവാസികൾ, യുഎസ്, യുകെ, ഷെങ്കൻ വിസകളോ ജിസിസി റെസിഡൻസ് പെർമിറ്റുകളോ ഉള്ളവർക്കാണ് രണ്ടാം വിഭാ​ഗത്തിലുള്ള വിസ ലഭിക്കുക.

മൂന്നാം വിഭാഗത്തിലുള്ള വിസകൾ ഉടൻ നിലവിൽ വരും. ഇവർക്ക് സാമ്പത്തിക ഭദ്രത തെളിയിക്കുന്ന രേഖകളും മറ്റ് ആവശ്യമായ രേഖകളും ഹാജരാക്കേണ്ടി വരും. നാലാം വിഭാ​ഗത്തിൽ സമ്മേളനങ്ങൾ, ഉത്സവങ്ങൾ, മറ്റ് പരിപാടികൾ എന്നിവയിൽ പങ്കെടുക്കുന്ന സന്ദർശകർക്കായി ഇവന്റ്-നിർദ്ദിഷ്ട വിസകൾ നൽകും. ഓരോ പരിപാടിക്കും അനുസരിച്ചുള്ള നിബന്ധനകളോടെയായിരിക്കും ഇത്.

പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, സിംഗിൾ-എൻട്രി വിസകൾക്ക് 30, 60, അല്ലെങ്കിൽ 90 ദിവസം വരെ കുവൈറ്റിൽ താമസിക്കാൻ അനുവാദമുണ്ട്. എന്നാൽ മൂന്ന് മാസം, ആറ് മാസം, അല്ലെങ്കിൽ ഒരു വർഷം കാലാവധിയുള്ള മൾട്ടിപ്പിൾ-എൻട്രി വിസകൾക്ക് ഓരോ തവണ പ്രവേശിക്കുമ്പോഴും 30 ദിവസം വരെ കുവൈത്തിൽ താമസിക്കാൻ സാധിക്കും. വിനോദസഞ്ചാര മേഖലയ്ക്ക് കൂടുതൽ പ്രവേശനം നൽകുന്നതോടൊപ്പം തന്നെ സന്ദർശകരുടെ വരവ് നിയന്ത്രിക്കാനും നിരീക്ഷിക്കാനും ഈ നീക്കത്തിലൂടെ കുവൈറ്റ് ലക്ഷ്യമിടുന്നു.

Content Highlights: Kuwait unveils four-tier visa system to boost tourism

dot image
To advertise here,contact us
dot image