മരിച്ചെന്ന പേരിൽ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കിയ രണ്ട് പേരെ സുപ്രീം കോടതിയിൽ ഹാജരാക്കി യോഗേന്ദ്ര യാദവ്

ബിഹാറിലെ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട വാദത്തിനിടെ സുപ്രീം കോടതിയിൽ നാടകീയ രം​ഗങ്ങൾ

dot image

ന്യൂഡൽഹി: ബിഹാറിലെ വോട്ടർ പട്ടിക തീവ്രപരിഷ്‌കരണവുമായി ബന്ധപ്പെട്ട വാദത്തിനിടെ സുപ്രീം കോടതിയിൽ നാടകീയ രം​ഗങ്ങൾ. മരിച്ചുവെന്ന് രേഖപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷൻ വോട്ടർ പട്ടികയിൽ നിന്നും ഒഴിവാക്കിയ രണ്ട് പേരെ ഹർജിക്കാരനായ യോ​ഗേന്ദ്ര യാദവ് കോടതിയിൽ ഹാജരാക്കിയതാണ് നാടകീയ രം​ഗങ്ങൾക്ക് ഇടയാക്കിയത്.

രണ്ട് പേർ മരിച്ചതായി പ്രഖ്യാപിച്ചതിനാൽ ഇവരുടെ പേര് വോട്ടർ പട്ടികയിൽ ഇല്ല. ദയവായി അവരെ കാണുക. ഇവരെ മരിച്ചതായി പ്രഖ്യാപിച്ചു. പക്ഷേ അവർ ജീവിച്ചിരിപ്പുണ്ട്, അവരെ കാണുക എന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനോട് രണ്ട് പേരെയും ഹാജരാക്കി യോ​ഗേന്ദ്ര യാദവ് പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകനായ രാകേഷ് ദ്വിവേദി ഇതിനെ 'നാടകം' എന്നാണ് വിശേഷിപ്പിച്ചത്.

'അബദ്ധത്തിൽ സംഭവിച്ച ഒരു പിശകായിരിക്കാം' എന്നായിരുന്നു ജസ്റ്റിസ് ബാഗ്ചിയുടെ പരാമ‍ർശം. 'അബദ്ധത്തിൽ സംഭവിച്ച ഒരു പിശകായിരിക്കാം. തിരുത്താൻ കഴിയും. എന്നാൽ നിങ്ങളുടെ പോയിന്റുകൾ നന്നായി എടുക്കുന്നു'വെന്നും ബാ​ഗ്ചി പറഞ്ഞു.

ബിഹാറിൽ നടന്നുകൊണ്ടിരിക്കുന്ന എസ്‌ഐആർ പ്രക്രിയയെ ചോദ്യം ചെയ്ത് സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു യാദവിൻ്റെ ഇടപെടൽ. കേസിലെ ഹർജിക്കാരിൽ ഒരാളാണ് അദ്ദേഹം. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായാണ് എസ്‌ഐആർ പരിശോധന നടക്കുന്നത്. വോട്ടർ പട്ടികയിൽ യാതൊരു കൂട്ടിച്ചേർക്കലും നടത്തിയിട്ടില്ലെന്ന് യോ​ഗേന്ദ്ര യാദവ് കോടതിയെ അറിയിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷൻ സംസ്ഥാനത്തുടനീളം സഞ്ചരിച്ചു. ഒരു കൂട്ടിച്ചേർക്കൽ പോലും കണ്ടെത്തിയില്ല. ലോക ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടവകാശ നിഷേധ പ്രക്രിയയ്ക്ക് നമ്മൾ സാക്ഷ്യം വഹിക്കുന്നു. 65 ലക്ഷം പേരുകൾ ഇല്ലാതാക്കി. ഇന്ത്യയുടെ ചരിത്രത്തിൽ ഒരിക്കലും ഇത് സംഭവിച്ചിട്ടില്ല. ഈ കണക്ക് ഒരു കോടി കടക്കുമെന്ന് ഉറപ്പാണെന്നും യോ​ഗേന്ദ്ര യാദവ് സുപ്രീം കോടതിയെ അറിയിച്ചു. എസ്ഐആർ പ്രക്രിയയെക്കുറിച്ചുള്ള യാദവിന്റെ വിശകലനത്തിന് കോടതി നന്ദി പറഞ്ഞു. കേസിൽ വാദം ബുധനാഴ്ചയും തുടരും.

Content Highlights: Yogendra Yadav shows up in Supreme Court with 2 voters declared dead by ECI after Bihar SIR

dot image
To advertise here,contact us
dot image