
ഓസ്‌ട്രേലിയക്കെതിരെയുള്ള രണ്ടാം ട്വന്റി-20 മത്സരത്തിൽ ദക്ഷിണാഫ്രിക്കക്ക് വമ്പൻ വിജയം. 53 റൺസിനാണ് പ്രോട്ടീസ് ഓസീസിനെ തറപറ്റിച്ചത്. ദക്ഷിണാഫ്രിക്ക ഉയർത്തിയ 219 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് 165ൽ എല്ലാവരും പുറത്തായി.
സെഞ്ച്വറി നേടിയ ഡെവാൾഡ് ബ്രെവിസാണ് കളിയിലെ താരം. ബൗളിങ്ങിൽ കോർബിവൻ ബോസ്‌ക് ക്വെന മഫാക്ക എന്നിവർ മൂന്ന് വിക്കറ്റ് നേടി. ഓസ്‌ട്രേലിയക്കായി ടിം ഡേവിഡ് 24 പന്തിൽ 50 റൺസ് നേടി.
26 റൺസ് നേടിയ അലക്‌സ് കാരിയാണ് ഓസീസിന്റെ രണ്ടാമത്തെ ടോപ് സ്‌കോറർ. ക്യാപ്റ്റൻ മിച്ചൽ മാർ 22 റൺസ് നേടി. ബാക്കിയാർക്കും ബാറ്റിങ്ങിൽ മികവ് പുലർത്താൻ സാധിച്ചില്ല. മൂന്ന് മത്സരങ്ങളുടെ പരമ്പര നിലവിൽ 1-1 ന് സമനിലയാണ്. അവസാന മത്സരം ഓഗസ്റ്റ് 16 ശനിയാഴ്ച്ച നടക്കും.
നേരത്തെ ടോസ് ലഭിച്ച ഓസ്‌ട്രേലിയ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. യുവതാരം ഡെവാൾഡ് ബ്രെവിസിന്റെ സെഞ്ച്വറിയുടെ മികവിലാണ് ആറ് വിക്കറ്റ് നഷ്ടത്തിൽ 218 റൺസാണ് ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്.
44ന് ന് രണ്ട് എന്ന നിലയിൽ നാലാമനായി ഇറങ്ങിയ ബ്രെവിസ് തുടക്കം മുതൽ ആക്രമിച്ച് കളിച്ചു. വെറും 56 പന്തിൽ നിന്നും എട്ട് സിക്‌സറും 12 ഫോറും അടിച്ചാണ് ബ്രെവിസിന്റെ പവർ ഹിറ്റിങ്. ട്വന്റി-20യിൽ സെഞ്ച്വറി തികക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ദക്ഷിണാഫ്രിക്കൻ ബാറ്ററാണ് ബ്രെവിസ്. താരത്തിന്റെ ആദ്യ സെഞ്ച്വറിയായിരുന്നു ഇത്. ഒരു ദക്ഷിണാഫ്രിക്കൻ ബാറ്ററുടെ ഏറ്റവും വേഗതയേറിയ രണ്ടാം സെഞ്ച്വറിയും.
ട്രിസ്റ്റിയൻ സ്റ്റബ്‌സിനെ കൂട്ടുപിടിച്ചാണ് ബ്രെവിസ് വെടിക്കെട്ടിന് തിരികൊളുത്തിയത്. സ്റ്റബ്‌സ് 22 പന്തിൽ നിന്നും മൂന്ന് ഫോറുൾപ്പടെ 31 റൺസ് നേടി. നാലാം വിക്കറ്റിൽ 126 റൺസിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും അടിച്ചെടുത്തത്. ബാക്കി ബാറ്റർമാരൊന്നും കാര്യമായ സംഭാവന ചെയ്തില്ല.
എയ്ഡൻ മാർക്രം (18), റിയാൻ റിക്കൾട്ടൺ (14), ലുഹാൻ ഡ്രെ പ്രെട്രോയിസ് (10), എന്നീ ടോപ് ഓർഡർ ബാറ്റർമാരെല്ലം പരാജയപ്പെട്ട സാഹചര്യത്തിലാണ് ബ്രെവിസിന്റെ വെടിക്കെട്ട്.
22 കാരന്റെ ഇന്നിങ്‌സിൽ ഏറ്റവും പ്രഹരം ലഭിച്ചത് സീനിയർ ബൗളറായ ജോഷ് ഹെയ്‌സൽവുഡിനാണ് നാല് ഓവറിൽ നിന്നും 56 റൺസാണ് ഹെയ്‌സൽവുഡ് വിട്ടുനൽകിയത്. ഒരു വിക്കറ്റ് മാത്രമാണ് അദ്ദേഹം സ്വന്തമാക്കിയത്. ഗ്ലെൻ മാക്‌സ്‌വെൽ 44 റൺസ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് സ്വന്തമാക്കി. നാല് ഓവറിൽ വെറും 24 റൺസ് മാത്രം നൽകി രണ്ട് വിക്കറ്റ് നേടിയ ബെൻ ഡ്വാർഷുയിസാണ് ഓസ്‌ട്രേലിയൻ നിരയിൽ റണ്ണൊഴുക്കിന് തടയിട്ടത്. ആദം സാംബ ഒരു വിക്കറ്റ് നേടി.
ആദ്യ ലമത്സരത്തിൽ ഓസ്ട്രലേിയ വിജയിച്ചതിനാൽ കസാലിസ് സ്‌റ്റേഡിയത്തിൽ നടക്കുന്ന മൂന്നാം മത്സരത്തിൽ ജയിക്കുന്ന ടീമിന് ട്രോഫി സ്വന്തമാക്കാൻ സാധിക്കും.
Content Highlights- Southafrica win Against Australia in Second T20I