കാട്ടാനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച് പരിക്കേറ്റയാള്‍ക്ക് 25,000 രൂപ പിഴ ചുമത്തി കർണാടക വനം വകുപ്പ്

കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ കാട്ടാനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനാണ് പിഴ ചുമത്തിയത്

dot image

ബന്ദിപ്പൂര്‍: കാട്ടാനയ്ക്കടുത്ത് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റയാള്‍ക്ക് 25000 രൂപ പിഴ ചുമത്തി വനം വകുപ്പ്. കര്‍ണാടകയിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വില്‍ കാട്ടാനയ്‌ക്കൊപ്പം സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച യുവാവിനെ ആന ഓടിക്കുകയും പരിക്കേല്‍പ്പിക്കുകയുമായിരുന്നു. വന്യജീവി സങ്കേതങ്ങളിലൂടെ യാത്ര ചെയ്യുമ്പോള്‍ വാഹനത്തില്‍ നിന്നും പുറത്തിറങ്ങരുതെന്നും വന്യ മൃഗങ്ങളെ പ്രകോപിപ്പിക്കരുതെന്നും വനം വകുപ്പിന്റെ കര്‍ശന നിര്‍ദേശം പാലിക്കാത്തതിനാലാണ് യുവാവിന് പിഴ ചുമത്തിയത്.

ലോറിയില്‍ നിന്ന് വീണ ക്യാരറ്റ് കഴിച്ചുകൊണ്ട് ശാന്തനായി വഴിയരികില്‍ നിന്ന ആനയെ യുവാവ് പ്രകോപിപ്പിച്ചതിനെ തുടര്‍ന്നായിരുന്നു ആന അക്രമാസക്തനായത്. റീല്‍സെടുക്കാനാണ് ഇയാള്‍ വാഹനത്തില്‍ നിന്ന് ഇറങ്ങിയത്. തലനാരിഴക്കാണ് ഇയാള്‍ക്ക് ജീവന്‍ തിരിച്ച് കിട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വനംവകുപ്പ് അധികൃതര്‍ അന്വേഷണം ആരംഭിക്കുകയും ഇയാളെ കണ്ടെത്തുകയും ചെയ്തു.

സ്വയം തെറ്റ് മനസിലാക്കിയ യുവാവ് ക്ഷമാപണം നടത്തുകയും അതിന്റെ വീഡിയോ കര്‍ണാടക വനം വകുപ്പ് അവരുടെ ഔദ്യോഗ്യക പേജില്‍ പങ്കുവച്ചു. ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് വനം വകുപ്പ് അഭ്യര്‍ത്ഥിച്ചു.

Content Highlight; Man fined ₹25,000 for taking selfie with wild elephant in Bandipur

dot image
To advertise here,contact us
dot image