
ചെമ്മാട്: ചെമ്മാട് ദാറുൽ ഹുദ ഇസ്ലാമിക് യൂണിവേഴ്സ്റ്റിക്കെതിരായ സിപിഐഎം പ്രതിഷേധത്തിൽ പ്രതികരിച്ച് സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങൾ. സിപിഐഎം നടപടി പ്രതിഷേധാർഹമെന്നും സ്ഥാപനങ്ങൾക്ക് എതിരായ പ്രതിഷേധം രാഷ്ട്രീയ പാർട്ടിക്ക് ഒരിക്കലും ഗുണകരമാകില്ലെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ മാനേജ്മെന്റുമായി സംസാരിക്കാം. പ്രതിഷേധം നടത്തി സ്ഥാപനത്തെ താറടിക്കാൻ ആരും ശ്രമിക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.
കുടിവെള്ളം മലിനമാക്കുന്നു, പാടം മണ്ണിട്ട് നികത്തുന്നു എന്നാരോപിച്ചാണ് സിപിഐഎം തിരൂരങ്ങാടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദാറുൽ ഹുദയിലേക്ക് മാർച്ച് നടത്തിയത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം ബഹാഉദ്ദീൻ നദ്‌വിയാണ് യൂണിവേഴ്സിറ്റിയുടെ വൈസ് ചാൻസലർ. ബഹാഉദ്ദീൻ നദ്‌വിക്കെതിരെ രൂക്ഷവിമർശനമാണ് മാർച്ചിന് ശേഷം നടന്ന യോഗത്തിൽ സിപിഐഎം ഉന്നയിച്ചത്.
അതേസമയം സ്ഥാപനത്തിനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചാണ് സിപിഐഎം മാർച്ച് നടത്തിയതെന്നും ഇത് തികച്ചും രാഷ്ട്രീയ പ്രേരിതവും കേരളത്തിന്റെ സാമൂഹിക സാഹചര്യത്തിൽ തീർത്തും അനുചിതവുമാണെന്നാണ് ദാറുൽഹുദാ ഭാരവാഹികൾ പ്രതികരിച്ചത്. തികച്ചും ജനകീയമായും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയുമാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. ദാറുൽഹുദായുടെ പ്രവർത്തനം മൂലം ഇന്നുവരെ സമീപവാസികളുടെ കുടിവെള്ളത്തിന് ഏതെങ്കിലും തരത്തിലുള്ള തകരാറുകൾ സംഭവിച്ചതായി യാതൊരു പരാതിയും ഉണ്ടായിട്ടില്ല. പരാതികൾ ആരുടെ ഭാഗത്ത് നിന്നാണെങ്കിലും കേൾക്കാനും തിരുത്താനും ദാറുൽഹുദാ മാനേജിങ് കമ്മിറ്റി തയ്യാറാണ്. പരാതികൾ ഉണ്ടെങ്കിൽ സ്ഥാപന അധികാരികളുമായി ബന്ധപ്പെട്ട് ചർച്ചകളിലൂടെയും പരിഹരിക്കുകയെന്ന ജനാധിപത്യ മര്യാദ പാലിക്കുന്നതിന് പകരം ഒരു മതസ്ഥാപനത്തിന്റെ പരിസരത്തേക്ക് സമരകാഹളം മുഴക്കി മാർച്ച് നടത്തുന്നത് തീർത്തും ദുരുദ്ദേശ്യപരമാണെന്നും ഭാരവാഹികൾ പറഞ്ഞിരുന്നു.
Content Highlights: Jifri Thangal criticise CPIM Protest against Darul Huda Islamic University