
പ്രകൃതി മനോഹാരിതയുടെയും വൈവിധ്യങ്ങളുടെയും പറുദീസയാണ് ഇന്ത്യ. പര്‍വതങ്ങളും മഞ്ഞും കടലും മരുഭൂമിയുമെല്ലാമുള്ള പ്രകൃതി വൈവിധ്യങ്ങള്‍ നിറഞ്ഞ നാട്. കാഴ്ചകള്‍ കാണാനും പ്രകൃതിഭംഗി ആസ്വദിക്കാനുമായി ധാരാളം വിദേശികളും ഇന്ത്യയിലേക്ക് എത്തുന്നുമുണ്ട്. എന്നാൽ ഇന്ത്യയുടെ വൃത്തിയെ പറ്റിയും ചില ആളുകളുടെ സ്വഭാവം മൂലവും ഒരുപാട് നെഗറ്റീവായ കാര്യങ്ങൾ ചർച്ചയാകാറുണ്ട്. വൃത്തി ഇല്ലായ്മയും തിരക്കുള്ള റോഡുകളും മാലിന്യങ്ങൾ തള്ളിയ ഗ്രൗണ്ടുകളുമെല്ലാം ഇന്ത്യയിൽ ഒരുപാട് കാണാറുണ്ട്.
ഇപ്പോഴിതാ ഇന്ത്യയിലെ മലമുകളിലെ വെള്ളച്ചാട്ടം ആസ്വദിക്കുന്ന ഒരു വിദേശ സഞ്ചാരിയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. യുഎസ് സ്വദേശിയായ യുവാവിന്റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇന്ത്യയെ കുറിച്ച് പ്രചരിച്ചുകൊണ്ടിരിക്കുന്ന നുണകളെയും മോശം കാര്യങ്ങളെയും തിരുത്തിക്കുറിക്കുകയാണ് യുവാവ്. വാന്‍ബോയ്‌സ്222 എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് അദ്ദേഹം വീഡിയോ പോസ്റ്റ് ചെയ്തത്.
'ഇന്ത്യ ശരിക്കും വൃത്തിയില്ലാത്തതും മാലിന്യം നിറഞ്ഞതുമായ രാജ്യമായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? എന്നാല്‍ എനിക്ക് ഏറ്റവും പ്രിയപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഏറ്റവും ചെലവുകുറഞ്ഞ രാജ്യമാണിത്. അതിശയിപ്പിക്കുന്ന ആളുകളും അതിശയിപ്പിക്കുന്ന വ്യത്യസ്തമായ കാലാവസ്ഥയുമുള്ള രാജ്യം. ഞാനിപ്പോള്‍ ഒരു മലമുകളിലെ വെള്ളച്ചാട്ടത്തിലാണ് ഉള്ളത്. ഇന്ത്യയെ കുറിച്ച് നിങ്ങള്‍ കേട്ടിട്ടുള്ള എല്ലാ പ്രചരണങ്ങളിലും സത്യത്തിന്റെ ഒരു ചെറിയ അംശം മാത്രമാണുള്ളത്. ഈ സ്ഥലം തന്നെ നോക്കൂ', എന്നാണ് അദ്ദേഹം വീഡിയോയില്‍ പറയുന്നത്.
'ഇന്ത്യ മലിനവും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നതുമായ ചേരികളുമുള്ള ഒരു രാജ്യമെന്നതിലുപരി, മികച്ച ഭക്ഷണവും മനോഹരമായ പ്രകൃതിയും ഉള്ള ദേശമാണ്. ഇവിടെത്തെ നാട്ടുകാര്‍ അതിഥികളെ സ്വീകരിക്കുന്നതില്‍ ഏറെ ഇഷ്ടപ്പെടുന്നവരും ലോകത്തിലെ മികച്ച ആതിഥ്യമര്യാദ പാലിക്കുന്നവരുമാണ്. ഫിലിപ്പൈന്‍സിനോട് ഒന്നും താരതമ്യം ചെയ്യാനാകില്ലെങ്കിലും ഇന്ത്യയെ ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നു. ഇന്ത്യയില്‍ കൂടുതല്‍ ആളുകളെ കാണാനും വീണ്ടും ഇവിടേക്ക് വരാനും കാത്തിരിക്കുകയാണ്', യുവാവ് വീഡിയോയുടെ ക്യാപ്ഷനായി കുറിച്ചു.
ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് സഞ്ചാരികള്‍ ഏറ്റെടുത്തത്. നിരവധിയാളുകള്‍ വീഡിയോയ്ക്ക് താഴെ കമന്റുകളും നല്‍കിയും രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയെ കുറിച്ച് പറഞ്ഞതെല്ലാം സത്യമാണെന്നും ചിലര്‍ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Tourist's video about India Goes viral