
ബെംഗളൂരു: ധര്‍മസ്ഥല കൂട്ടക്കൊലപാതകത്തിൽ മൃതദേഹങ്ങൾ കുഴിച്ചിട്ടതിനെ സംബന്ധിച്ച് അന്വേഷണ സംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചു. ക്ഷേത്ര പരിസരത്ത് എവിടെയൊക്കെയാണ് മൃതദേഹം കുഴിച്ചിട്ടത് എന്നത് സംബന്ധിച്ച് ശുചീകരണ തൊഴിലാളി അന്വേഷണസംഘത്തിന് മൊഴി നൽകി. ക്ഷേത്ര പരിസരത്തെ മൂന്ന് കിലോമീറ്റർ ചുറ്റളവിലെ വനമേഖലയിലും മൃതദേഹങ്ങൾ കുഴിച്ചിട്ടു എന്നും ഇയാൾ വെളിപ്പെടുത്തി. അന്വേഷണ സംഘം തങ്ങളുടെ പ്രത്യേക ഹെല്പ് ഡസ്ക് ഓഫീസ് ബെൽത്തങ്ങാടിയിൽ ഉടൻ തുറക്കും. 2003ൽ ധർമസ്ഥലയിൽ വെച്ച് കാണാതായ അനന്യ ഭട്ടിന്റെ തിരോധാനക്കേസും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.
ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ധര്‍മസ്ഥല കേസ് അന്വേഷിക്കുന്നത്. ഇതിനിടെ അന്വേഷണം തുടങ്ങുന്നതിന് മുൻപായി ഡിസിപി സൗമ്യലത അന്വേഷണ സംഘത്തിൽ നിന്ന് പിന്മാറിയിയത് വലിയ ചർച്ചയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് സൗമ്യലത അറിയിച്ചത്.
1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നല്‍കിയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. അവസാനം സംസ്‌കരിച്ചതാണെന്ന് അവകാശപ്പെട്ടുള്ള മൃതദേഹങ്ങളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടെയാണ് ഇയാള്‍ പൊലീസില്‍ മൊഴി നല്‍കിയത്.
ആരോപണവിധേയരെല്ലാം ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പര്‍വൈസര്‍മാരും ജീവനക്കാരുമാണ്. എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയാല്‍ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
മഞ്ചുനാഥ സ്വാമി ക്ഷേത്രത്തിലെ മുന്‍ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിനു പിന്നാലെ നിരവധി പേര്‍ ധര്‍മസ്ഥലക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ വന്നിട്ടും കര്‍ണാടക സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടാത്തത് വലിയ ചര്‍ച്ചയായിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ എസ്‌ഐടി രൂപീകരിച്ചത്.
Content Highlights: sanitation officer told SIT where dead bodies were buried