
പട്‌ന: ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സാമ്രാട്ട് ചൗധരിക്കെതിരെ ഗുരുതര ആരോപണവുമായി ആര്‍ജെഡി മുന്‍ മുഖ്യമന്ത്രി റാബ്‌റി ദേവി. പണ്ട് പെണ്‍കുട്ടികളെ ഉപദ്രവിക്കുകയും ഗുണ്ടായിസം കാണിക്കുകയും ചെയ്തയാളാണ് സാമ്രാട്ട് ചൗധരിയെന്ന് റാബ്‌റി ദേവി പറഞ്ഞു. 'കുട്ടിക്കാലം മുതലേ എനിക്ക് അയാളെ അറിയാം. പണ്ട് ബോറിംഗ് റോഡില്‍ വെച്ച് അയാള്‍ പെണ്‍കുട്ടികളെ ഉപദ്രവിക്കുന്നതും ഗുണ്ടായിസം കാണിക്കുന്നതുമെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്'-റാബ്‌റി ദേവി പറഞ്ഞു.
അതേസമയം റാബ്‌റി ദേവിയുടെ വിമര്‍ശനത്തില്‍ പ്രതികരണവുമായി സാമ്രാട്ട് ചൗധരി രംഗത്തെത്തി. സുപ്രീം കോടതി റാബ്‌റി ദേവിയുടെ ഭര്‍ത്താവ് ലാലു പ്രസാദ് യാദവിനെ കുറ്റവാളിയാണെന്ന് പ്രഖ്യാപിച്ചതിലുളള അസ്വസ്ഥതയാണ് ഇത്തരം പ്രസ്താവനകളിലൂടെ അവര്‍ പ്രകടിപ്പിക്കുന്നതെന്നായിരുന്നു സാമ്രാട്ട് ചൗധരി പറഞ്ഞത്. 'സുപ്രീം കോടതി അവരുടെ ഭര്‍ത്താവ് ലാലു പ്രസാദ് യാദവിനെ കുറ്റവാളിയായി പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ രാജകുമാരന്‍ രാഹുല്‍ ഗാന്ധിയും അവരുടെ മകനുമെല്ലാം തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്നിരിക്കുകയാണ്. ഇതെല്ലാം അവരെ അസ്വസ്ഥയാക്കും. റാബ്‌റി ദേവിക്ക് വേദനയുണ്ടാകുന്നത് സ്വാഭാവികമാണ്.'- സാമ്രാട്ട് ചൗധരി പറഞ്ഞു.
കഴിഞ്ഞ ദിവസം തേജസ്വി യാദവിനു നേരെ വധശ്രമമുണ്ടായെന്ന് റാബ്റി ദേവി ആരോപിച്ചിരുന്നു. ബിജെപിയും ജെഡിയുവും ചേർന്നാണ് പദ്ധതി ആസൂത്രണം ചെയ്തതെന്നാണ് റാബ്റി ദേവി ആരോപിച്ചത്. നാലുതവണ കൊലപാതക ശ്രമം നടന്നു. വീടിനകത്ത് വെച്ച് പോലും വധശ്രമമുണ്ടായി എന്നും അവർ പറഞ്ഞിരുന്നു. ഏതാനും മാസം മുൻപുണ്ടായ അപകടത്തിലും റാബ്റി ദേവി സംശയം പ്രകടിപ്പിച്ചിരുന്നു.
എന്നാൽ ബിഹാറിലെ ബിജെപി അധ്യക്ഷൻ ദിലീപ് കുമാർ ജെയ്‌സ്വാൾ റാബ്റി ദേവിയുടെ ആരോപണം തള്ളി രംഗത്തെത്തിയിരുന്നു. ആരോപണങ്ങൾ അടിസ്ഥാന രഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നായിരുന്നു ബിജെപി ബിഹാർ അധ്യക്ഷൻ്റെ പ്രതികരണം. തെരഞ്ഞെടുപ്പിന് പൊതുജനങ്ങളുടെ സിമ്പതി പിടിച്ച് പറ്റുന്നതിനായി ആർജെഡി കഥകൾ മെനയുകയാണെന്നും അദ്ദേഹം ആരോപിച്ചു. തേജസ്വി യാദവിന് വൈ കാറ്റഗറി സുരക്ഷയുണ്ടെന്നും യഥാർത്ഥത്തിൽ എന്തെങ്കിലും ഭീഷണിയുണ്ടെങ്കിൽ സർക്കാർ പരിശോധിക്കുമെന്നും സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുമെന്നും ദിലീപ് കുമാർ ജെയ്സ്വാൾ കൂട്ടിച്ചേർത്തു.
Content Highlights: He is a hooligan, used to harass girls : rabri devi against bjp's samrat chaudhary