

ദുബായ് മുനിസിപ്പാലിറ്റിയിൽ യുവ ജീവനക്കാർക്കായി പ്രത്യേക യൂത്ത് സ്പേസ് സ്ഥാപിക്കുന്നതിന് ഫെഡറൽ യൂത്ത് അതോറിറ്റിയുടെ (FYA) ഔദ്യോഗിക അംഗീകാരം ലഭിച്ചു. യുവാക്കൾക്ക് അറിവും അനുഭവങ്ങളും പങ്കുവെക്കാനും പുതിയ ആശയങ്ങൾ വികസിപ്പിക്കാനും മുനിസിപ്പാലിറ്റി സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിൽ പങ്കാളികളാകാനും അവസരമൊരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. യുഎഇയിലൂടനീളം നടപ്പാക്കുന്ന യൂത്ത് സ്പേസസ് പദ്ധതിയുടെ ഭാഗമായാണ് പുതിയ സംരംഭം. യുവാക്കൾക്ക് പരസ്പരം ബന്ധപ്പെടാനും പഠിക്കാനും കൂട്ടായ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും പ്രത്യേക ഇടങ്ങൾ ഒരുക്കുന്നതിലൂടെ സ്ഥാപനങ്ങളുടെ വികസനത്തിൽ അവരുടെ പങ്കാളിത്തം വർധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
യുവജനകാര്യ സഹമന്ത്രിയും ഫെഡറൽ യൂത്ത് അതോറിറ്റി ചെയർമാനുമായ ഡോ. സുൽത്താൻ ബിൻ സെെഫ് അൽ നെയാദിയുടെയും ദുബായ് മുനിസിപ്പാലിറ്റി ഡയറക്ടർ ജനറൽ മർവാൻ അഹമ്മദ് ബിൻ ഗലീതയുടെയും സാന്നിധ്യത്തിലാണ് അംഗീകാരം പ്രഖ്യാപിച്ചത്. വിവിധ മേഖലകളിൽ യുവാക്കൾക്ക് കൂടുതൽ അവസരങ്ങൾ നൽകാനും സ്ഥാപനങ്ങളുടെയും സമൂഹത്തിന്റെയും വളർച്ചയിൽ അവരുടെ സംഭാവന ഉറപ്പാക്കാനും പദ്ധതി സഹായിക്കുമെന്ന് അൽ നെയാദി പറഞ്ഞു. ദേശീയ യുവജന അജണ്ട 2031ന്റെ ( National Youth Agenda 2031) ലക്ഷ്യങ്ങൾക്കനുസരിച്ച് രാജ്യത്തെ വിവിധ സ്ഥാപനങ്ങളിൽ യൂത്ത് സ്പേസുകൾ വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ദുബായ് മുനിസിപ്പാലിറ്റിയുടെ യൂത്ത് കൗൺസിലിന്റെ നേതൃത്വത്തിൽ പുതിയ കേന്ദ്രത്തിൽ ചർച്ചകൾ, ശില്പശാലകൾ, പരിശീലന പരിപാടികൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. വിവിധ വകുപ്പുകളിലും മേഖലകളിലുമുള്ള യുവ ജീവനക്കാർക്ക് ആശയങ്ങൾ പങ്കുവെക്കാനും മുനിസിപ്പാലിറ്റിയുടെ പദ്ധതികളുമായി ബന്ധപ്പെട്ട നിർദേശങ്ങൾ മുന്നോട്ടുവെക്കാനും ഇതിലൂടെ സാധിക്കും. യുവ ജീവനക്കാരും മുതിർന്ന ഉദ്യോഗസ്ഥരും വിദഗ്ധരും തമ്മിലുള്ള ആശയവിനിമയത്തിനും കേന്ദ്രം വേദിയാകും.
മുനിസിപ്പാലിറ്റിയുടെ പ്രവർത്തനങ്ങളിലും സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിലും യുവാക്കളുടെ പങ്കാളിത്തം വർധിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മർവാൻ ബിൻ ഗലീത പറഞ്ഞു. യുവജന ശാക്തീകരണ പദ്ധതികളിൽ പങ്കെടുത്ത ദുബായ് മുനിസിപ്പാലിറ്റി ജീവനക്കാരുടെ അനുഭവങ്ങൾ പങ്കുവെച്ച പാനൽ ചർച്ചയും അഗീകാര പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്നു. തൊഴിൽപരമായ കഴിവുകൾ വികസിപ്പിക്കാനും ജോലിസ്ഥലത്തെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാനും ഇത്തരം പദ്ധതികൾ സഹായിച്ചതായി ജീവനക്കാർ വിലയിരുത്തി.
Content Highlights: Dubai Municipality has approved the Youth Space initiative to recognise young talents and provide opportunities for creativity and youth development.