ധര്‍മസ്ഥലയിലെ മണ്ണ് നീക്കി പരിശോധന മറ്റന്നാള്‍; ഹാജരാക്കിയ തലയോട്ടിയിലെ മണ്ണും പരിശോധിക്കും

ശുചീകരണ തൊഴിലാളിയുടെ ഇന്നത്തെ മൊഴിയെടുപ്പ് രണ്ട് ക്യാമറകളില്‍ അന്വേഷണ സംഘം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്

dot image

ബെംഗളൂരു: ധര്‍മസ്ഥലയിലെ കൂട്ടകൊലപാതകത്തില്‍ ശുചീകരണ തൊഴിലാളിയുടെ മൊഴിയെടുപ്പ് നാളെയും തുടരും. കോടതിയില്‍ ഹാജരാക്കിയ തലയോട്ടിയിലെ മണ്ണ് പ്രത്യേക അന്വേഷണ സംഘം പരിശോധിക്കും. അന്വേഷണസംഘം ധര്‍മസ്ഥലയിലെ മണ്ണും പരിശോധിക്കും. ഇന്നത്തെ മൊഴിയെടുപ്പ് രണ്ട് ക്യാമറകളില്‍ അന്വേഷണ സംഘം റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ധര്‍മസ്ഥലയിലെ മണ്ണ് നീക്കി തിങ്കളാഴ്ച്ച പരിശോധന നടത്തും.

ക്ഷേത്ര പരിസരത്ത് എവിടെയൊക്കെയാണ് മൃതദേഹം കുഴിച്ചിട്ടത് എന്നത് സംബന്ധിച്ച് ശുചീകരണ തൊഴിലാളി ഇന്ന് അന്വേഷണസംഘത്തിന് മൊഴി നല്‍കിയിരുന്നു. ക്ഷേത്ര പരിസരത്തെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവിലെ വനമേഖലയിലും മൃതദേഹങ്ങള്‍ കുഴിച്ചിട്ടു എന്നും ഇയാള്‍ വെളിപ്പെടുത്തി. അന്വേഷണ സംഘം തങ്ങളുടെ പ്രത്യേക ഹെല്പ് ഡസ്‌ക് ഓഫീസ് ബെല്‍ത്തങ്ങാടിയില്‍ ഉടന്‍ തുറക്കും. 2003ല്‍ ധര്‍മസ്ഥലയില്‍ വെച്ച് കാണാതായ അനന്യ ഭട്ടിന്റെ തിരോധാനക്കേസും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കും.

ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് ധര്‍മസ്ഥല കേസ് അന്വേഷിക്കുന്നത്. ഇതിനിടെ അന്വേഷണം തുടങ്ങുന്നതിന് മുന്‍പായി ഡിസിപി സൗമ്യലത അന്വേഷണ സംഘത്തില്‍ നിന്ന് പിന്മാറിയിയത് വലിയ ചര്‍ച്ചയായിരുന്നു. വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് പിന്മാറ്റമെന്നാണ് സൗമ്യലത അറിയിച്ചത്.

1998നും 2014നും ഇടയില്‍ ധര്‍മസ്ഥലയില്‍ വെച്ച് ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പെണ്‍കുട്ടികളുടെയും സ്ത്രീകളുടെയും മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ താന്‍ നിര്‍ബന്ധിതനായിരുന്നുവെന്ന് ശുചീകരണ തൊഴിലാളി ദക്ഷിണ കന്നഡ പൊലീസിന് മൊഴി നല്‍കിയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു.


ആരോപണവിധേയരെല്ലാം ധര്‍മസ്ഥല മഞ്ചുനാഥ ക്ഷേത്രത്തിലെ സൂപ്പര്‍വൈസര്‍മാരും ജീവനക്കാരുമാണ്. എതിര്‍ക്കുന്നവരെ ഇല്ലാതാക്കാന്‍ ഒരു മടിയുമില്ലാത്തവരാണ് അവരെന്നും തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്തിയാല്‍ പേരുകള്‍ വെളിപ്പെടുത്താന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: Dharmastala case the soil was removed and inspected in Monday

dot image
To advertise here,contact us
dot image