
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റുചെയ്യാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത് തിരിച്ചെത്തുമോയെന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ഒന്നാം ദിനം പരിക്കേറ്റ് റിട്ടയര്‍ ഹര്‍ട്ടായി മടങ്ങിയ റിഷഭ് പന്ത് രണ്ടാം ദിനം ക്രീസിലേക്ക് തിരിച്ചെത്തിയിരുന്നു. പരിക്കിനെയും വേദനയെയും അതിജീവിച്ച് ബാറ്റ് ചെയ്ത പന്ത് ഇന്ത്യയുടെ ഒന്നാം ഇന്നിങ്സില്‍ നിര്‍ണായക അര്‍ധ സെഞ്ച്വറി നേടിയാണ് മടങ്ങിയത്.
ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിലും ബാറ്റ് ചെയ്യാന്‍ റിഷഭ് പന്ത് എത്തുന്നതിനുള്ള സാധ്യത ഉയരുന്നത്. ഇപ്പോള്‍ നിര്‍ണായകമായ അഞ്ചാം ദിനം പന്ത് ബാറ്റിങ്ങിലേക്ക് തിരിച്ചെത്തുമോയെന്നതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് കോച്ച് സിതാന്‍ഷു കൊട്ടക്. ബാറ്റിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും പന്തിന്റെ സേവനം ആവശ്യമുണ്ടെന്നും അഞ്ചാം ദിനം അദ്ദേഹം തിരിച്ചെത്തുമെന്നാണ് സിതാന്‍ഷു കൊട്ടക് സ്ഥിരീകരിച്ചത്.
'റിഷഭ് പന്ത് അഞ്ചാം ദിനം ബാറ്റ് ചെയ്യും', നാലാം ദിവസം മത്സരം അവസാനിച്ചതിന് ശേഷം കോച്ച് കൊട്ടക് മാധ്യമങ്ങളോട് പറഞ്ഞു. കൂടാതെ അതിനിര്‍ണായകമായ അവസാന ദിവസം കളിക്കാര്‍ ഓരോ പന്തും മെറിറ്റില്‍ കളിക്കണമെന്നും അനാവശ്യമായ അപകടസാധ്യതകള്‍ ഒഴിവാക്കണമെന്നും ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍ ചൂണ്ടിക്കാട്ടി.
Breaking News 🚨
— Sandy (@flamboypant) July 26, 2025
Rishabh Pant will bat tomorrow confirms Batting Coach Sitanshu Kotak in press conference
Told you all he's a stubborn guy, he'll come to bat 😭👍🏻 pic.twitter.com/fef0QaEreO
മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ ഒന്നാംദിനമാണ് റിഷഭ് പന്ത് പരിക്കേറ്റ് റിട്ടയര്‍ ഹര്‍ട്ടായി മടങ്ങുന്നത്. വ്യക്തിഗത സ്‌കോര്‍ 37ല്‍ നില്‍ക്കെയായിരുന്നു പന്തിന്റെ മടക്കം. ക്രിസ് വോക്‌സിനെ റിവേഴ്‌സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിനിടെ ബോള്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ കാല്‍പാദത്തില്‍ കൊള്ളുകയായിരുന്നു. ചെറുവിരലിന് മുകളിലാണ് പന്ത് കൊണ്ടത്. പന്ത് കൊണ്ട ഭാഗത്ത് പെട്ടെന്ന് മുഴയ്ക്കുകയും ചെയ്ത പന്തിനെ ഉടന്‍ ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോവുകയും ചെയ്തു.
കാലിലെ പരിക്ക് വകവെക്കാതെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ദിനം ക്രീസിലെത്തി അര്‍ധസെഞ്ച്വറിയാണ് റിഷഭ് പന്ത് നേടിയെടുത്തത്. ഷാര്‍ദൂല്‍ താക്കൂര്‍ പുറത്തായ ശേഷം വീണ്ടും ഗ്രൗണ്ടിലെത്തുകയായിരുന്നു. പന്തിന്റെ രണ്ടാം വരവിനെ വലിയ കയ്യടികളോടെയാണ് മാഞ്ചസ്റ്ററിലെ കാണികള്‍ സ്വീകരിച്ചത്.
അതേസമയം മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ ശക്തമായി നിലയിലാണ്. ഒന്നാം ഇന്നിംഗ്‌സില്‍ 311 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോള്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 174 റണ്‍സെടുത്തിട്ടുണ്ട്. ഇപ്പോഴും 137 റണ്‍സ് പിറകിലാണ് ഇന്ത്യ. കെ എല്‍ രാഹുല്‍ (87), ശുഭ്മന്‍ ഗില്‍ (78) എന്നിവരാണ് ക്രീസില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോറായ 358നെതിരെ ഇംഗ്ലണ്ട് 669 റണ്‍സാണ് അടിച്ചെടുത്തത്.
Content Highlights: ENG vs IND: Rishabh Pant will bat for India on Day 5 in Manchester, confirms batting coach