
ഭോപ്പാല്‍: നിയമസഭയിലെ പ്രതിഷേധങ്ങള്‍ക്ക് നിരോധനമേര്‍പ്പെടുത്തി മധ്യപ്രദേശ് സര്‍ക്കാര്‍. മധ്യപ്രദേശ് നിയമസഭയിലെ എല്ലാതരത്തിലുമുള്ള മുദ്രാവാക്യങ്ങളും പ്രതീകാത്മക പ്രതിഷേധങ്ങളുമാണ് നിരോധിച്ചത്. മഴക്കാല സമ്മേളനത്തിന് തൊട്ടുമുമ്പ് പുറത്തിറക്കിയ ഉത്തരവ് വലിയ തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിട്ടുണ്ട്.
നേരത്തെ നടന്ന സമ്മേളനങ്ങളില്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് വലിയ രീതിയിലുള്ള പ്രതിഷേധങ്ങളുണ്ടായിരുന്നു. പൊതുജനങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും സര്‍ക്കാര്‍ ഒളിച്ചുനില്‍ക്കുകയാണെന്ന് ആരോപിച്ച് ഒരു എംഎല്‍എ കറുപ്പ് മാസ്‌ക് ധരിച്ചായിരുന്നു സമ്മേളനത്തിലെത്തിയത്. ജോലി ഒഴിവുകളിൽ നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ച് ഒരു എംഎല്‍എ കളിപാമ്പുമായി നിയമസഭയിലെത്തിയിരുന്നു. അഴിമതിക്കെതിരെ അസ്ഥികൂടത്തിന്റെ ചിത്രമുള്ള വസ്ത്രം ധരിച്ചെത്തിയതും കടത്തെ കുറിച്ച് സൂചിപ്പിക്കാന്‍ ചങ്ങലയുമായെത്തിയ സംഭവവും സാഹചര്യവും മധ്യപ്രദേശ് നിയമസഭയിലുണ്ടായിരുന്നു.
എന്നാല്‍ ഇത്തരം എല്ലാ പ്രതിഷേധങ്ങളെയും നിശബ്ദമാക്കാനാണ് ബിജെപി സർക്കാർ ശ്രമിക്കുന്നതെന്നാണ് പരാതി ഉയരുന്നത്. സ്റ്റാന്‍ഡിങ് ഓര്‍ഡര്‍ 94 (2) പ്രകാരം പ്രതീകാത്മക വസ്തുക്കള്‍, മാസ്‌ക്കുകള്‍, ഹോണുകള്‍, പ്രതിഷേധങ്ങള്‍ തുടങ്ങിവയെല്ലാം നിരോധിച്ചിട്ടുണ്ട്. സംഭവത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
മാധ്യമങ്ങള്‍ക്ക് പ്രതികരണങ്ങള്‍ നല്‍കുന്നത് പോലും സര്‍ക്കാര്‍ നിരോധിച്ചെന്നും ഉപപ്രതിപക്ഷ നേതാവ് ഹേമന്ത് കടാരേ പറഞ്ഞു. നിയമസഭയ്ക്ക് അകത്ത് നടക്കുന്നത് ജനങ്ങള്‍ക്ക് അറിയാന്‍ സാധിക്കുന്നില്ലെങ്കില്‍, മഹാത്മാഗാന്ധി- ബാബാ സാഹേബ് അംബേദ്ക്കര്‍ എന്നിവരുടെ വാക്യങ്ങള്‍ ഉച്ചരിക്കുന്നത് പ്രശ്‌നമാണെങ്കില്‍ സംസ്ഥാനം അടിയന്തരാവസ്ഥയിലാണോയെന്ന് അദ്ദേഹം ചോദിച്ചു. സ്പീക്കര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എംഎല്‍എമാര്‍ക്ക് സഭയ്ക്ക് അകത്ത് പ്രശ്‌നങ്ങള്‍ ഉച്ചരിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ ജയിലിലാണെങ്കില്‍ പോലും അവര്‍ പ്രതിഷേധിച്ചിരിക്കുമന്ന് കോണ്‍ഗ്രസ് നേതാവ് ഡോ. ഗോവിന്ദ് സിങ് പറഞ്ഞു. ജനാധിപത്യത്തിന്റെ പാരമ്പര്യത്തെക്കുറിച്ച് സ്പീക്കറെ ഓര്‍മിപ്പിക്കണമെന്ന് മുന്‍ മന്ത്രിയും മുതിര്‍ന്ന എംഎല്‍എയുമായ ലഖാന്‍ ഖങ്കോരിയ പ്രതികരിച്ചു. ബിജെപി എംഎല്‍എയും മുന്‍ ഇടക്കാല സ്പീക്കറുമായ രാമേശ്വര്‍ ശര്‍മ ഉത്തരവിനെ പിന്തുണച്ച് രംഗത്തെത്തിയിട്ടുണ്ട്. നിയമസഭ ഗൗരവമായ ഭരണഘടനാ ചര്‍ച്ചകള്‍ക്കുള്ള ഇടമാണെന്നും റെസ്ലിങ്ങിനോ കുഴപ്പങ്ങള്‍ ഉണ്ടാക്കാനോയുള്ള സ്ഥലമല്ലെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. നിയമസഭ തീയേറ്ററല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlights: Madhyapradesh government banned protests in Legislative assembly