
കൊച്ചി: വാടക ഗര്‍ഭധാരണ ചികിത്സയുടെ പേരില്‍ അനധികൃത സ്ഥാപനങ്ങള്‍ തട്ടിപ്പ് നടത്തുന്നുവെന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്തയില്‍ ഇടപെട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. പറഞ്ഞുകേട്ട വിവര പ്രകാരം ഗുരുതര കുറ്റകൃത്യമാണ് നടന്നതെന്ന് വീണാ ജോര്‍ജ് പറഞ്ഞു. രാജ്യത്ത് പണം നല്‍കിയുള്ള വാടക ഗര്‍ഭധാരണം നിരോധിച്ചിരിക്കുന്നുവെന്നും ലൈസന്‍സില്ലാത്ത സ്ഥാപനം വാടക ഗര്‍ഭധാരണം നടത്തിയാല്‍ 10 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയുമുണ്ടെന്നും മന്ത്രി റിപ്പോര്‍ട്ടറിനോട് പറഞ്ഞു.
'വാടക ഗര്‍ഭധാരണ ചികിത്സയ്ക്ക് ലൈസന്‍സുള്ള 23 സ്ഥാപനങ്ങളാണുള്ളത്. എആര്‍ടി ക്ലിനിക്കുകളും ബാങ്കുകളും സംസ്ഥാനത്തുണ്ട്. എന്നാല്‍ എന്‍ആര്‍ടി ക്ലിനിക്കിനുള്ള ലൈസന്‍സ് മാത്രമുള്ള സ്ഥാപനം സറോഗസി ലാബായി പ്രവര്‍ത്തിച്ചത് കുറ്റകൃത്യമാണ്. ഉത്തരവാദിത്തപ്പെട്ട അധികൃതരുമായി ബന്ധപ്പെട്ട് സ്ഥാപനം അടച്ചുപൂട്ടുന്നതിനും നിയമപരമായ നടപടി സ്വീകരിക്കുന്നതിനും നിര്‍ദ്ദേശം നല്‍കും', മന്ത്രി പറഞ്ഞു.
വാടക ഗര്‍ഭപാത്രത്തിനുള്ള നടപടിക്ക് നിരവധി ഘടകങ്ങളുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു. ഐവിഎഫ് ചികിത്സ നടത്തിയിട്ടും കുഞ്ഞുങ്ങളെ ലഭിക്കാത്ത ദമ്പതികള്‍ ആ സ്ഥാപനത്തിന്റെ ശിപാര്‍ശയോട് കൂടി ജില്ലയിലെ ഡിഎംഒയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ ബോര്‍ഡില്‍ അപേക്ഷ നല്‍കുകയും ഇവര്‍ യോഗ്യരാണെന്ന് സര്‍ട്ടിഫൈ ചെയ്താല്‍ മാത്രമേ വാടക ഗര്‍ഭപാത്രത്തിനുള്ള നടപടികള്‍ മുന്നോട്ട് പോകുകയുള്ളുവെന്നും വീണാ ജോര്‍ജ് വ്യക്തമാക്കി. നിയമപരമായി സൂക്ഷ്മപരായി പരിശോധിച്ചാണ് ഈ വിഷയത്തില്‍ മുന്നോട്ട് പോകേണ്ടതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
'ചൂഷണം നടക്കാന്‍ സാധ്യതയുള്ളത് കൊണ്ട് പ്രത്യേക ജാഗ്രത പുലര്‍ത്തി മുന്നോട്ട് പോകണമെന്നാണ് സര്‍ക്കാര്‍ നിലപാട്. പറഞ്ഞ റിപ്പോര്‍ട്ട് അതീവ ഗുരുതരമാണ്. ലൈസന്‍സ് അല്ലാത്ത ക്ലിനിക്കിലൂടെ വാടകഗര്‍ഭപാത്രമെടുത്ത് കുഞ്ഞുങ്ങളെ ലഭിക്കുന്നവര്‍ക്ക് നിയമപരമായ രക്ഷാകര്‍തൃത്വം ലഭിക്കില്ല. ആള്‍മാറാട്ടം, വ്യാജരേഖ, ചൂഷണം എന്നിവയും ഈ വിഷയത്തില്‍ നടന്നിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല', മന്ത്രി പറഞ്ഞു.
സംഭവത്തില്‍ ഗൗരവമായ അന്വേഷണം നടത്തുമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചു. ഇതു സംബന്ധിച്ച് ഗൗരവമായി അന്വേഷണം നടത്തുമെന്നും സതീദേവി പറഞ്ഞു. സ്ഥാപനത്തിനെതിരെ നടപടി സ്വീകരിക്കുമെന്നും സ്ത്രീശരീരം കേവലം വില്‍പനവസ്തുവായി കരുതുന്നു എന്നത് വളരെ ഗൗരവത്തോടെ കാണേണ്ടതാണെന്നും സതീദേവി കൂട്ടിച്ചേര്‍ത്തു. അന്വേഷണം നടത്തി കൊളള നടത്തുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി എടുക്കുമെന്നും സതീദേവി വ്യക്തമാക്കി.
റിപ്പോര്‍ട്ടറിന്റെ സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷനിലാണ് പണം വാങ്ങി സംസ്ഥാനത്ത് വാണിജ്യാടിസ്ഥാനത്തിലുള്ള അനധികൃത ഗര്‍ഭധാരണ ചികിത്സ സജീവമായി നടക്കുന്നത് കണ്ടെത്തിയത്. സര്‍ക്കാരിന്റെ അനുമതിയില്ലാത്ത സ്ഥാപനങ്ങള്‍ വാടക ഗര്‍ഭ ധാരണ ചികിത്സ നടത്തുന്നതായും റിപ്പോര്‍ട്ടറിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. എആര്‍ടി ബാങ്ക് ആയി മാത്രം പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ള സ്ഥാപനങ്ങളാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഇതുവഴി കോടികളാണ് സ്ഥാപനങ്ങള്‍ കൊയ്യുന്നത്.
Content Highlights: Health Minister Veena George responds over illegal surrogacy institutions