
ഭാരം കുറയ്ക്കാന്‍ അത്ഭുത മരുന്നൊന്നുമില്ല, നല്ല പോലെ കഷ്ടപ്പെട്ടാണ് പലരും ഭാരം കുറയ്ക്കാറുള്ളത്. അതുകൊണ്ടുതന്നെ ആരെങ്കിലും ബോഡി ഫിറ്റ്‌നസ് നേടിക്കഴിഞ്ഞാല്‍ അല്പം അസൂയയോടെയല്ലാതെ നമുക്കവരെ നോക്കാനും സാധിക്കില്ല. രണ്ടുമാസം കൊണ്ട് 17 കിലോ ഭാരം കുറച്ച് ഫിറ്റനസ് ഫ്രീക്കന്മാരെ ഞെട്ടിച്ചിരിക്കുകയാണ് സര്‍ഫറസ് ഖാന്‍. വ്യായമമുറകളും ഡയറ്റും ഉള്‍പ്പെടെയുള്ള ഭാരം കുറയ്ക്കല്‍ യാത്ര സര്‍ഫറസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. ഡയറ്റില്‍ പക്ഷെ എല്ലാവരുടെയും കണ്ണുടക്കിയത് ഒരുകാര്യത്തിലാണ്, ഗ്രീന്‍ കോഫിയില്‍.
എന്താണ് ഗ്രീന്‍ കോഫി?
റോസ്റ്റ് ചെയ്യാത്ത അസംസ്‌കൃത കോഫിയാണ് ഗ്രീന്‍ കോഫി എന്ന് അറിയപ്പെടുന്നത്. റോസ്റ്റ് ചെയ്യാത്തിനാല്‍ തന്നെ നമുക്ക് ശീലമുള്ള കാപ്പിയുടെ സവിശേഷ രുചിയോ മണമോ ഇതിനുണ്ടായിരിക്കുകയില്ല. ഇളം പച്ച നിറത്തിലായിരിക്കും ഇത് ഉണ്ടാകുക. ബീന്‍സ് രൂപത്തിലും പൊടി രൂപത്തിലും ഇത് ഉപയോഗിക്കുന്നവരുണ്ട്.
ചരിത്രം ചികഞ്ഞുപോയാല്‍ എത്യോപ്യവരെ പോകേണ്ടി വരും. ഒരു ആട്ടിടയാനാണ് ഗ്രീന്‍ കോഫിയുടെ ഫലം തിരിച്ചറിയുന്നത്. അവിടെ നിന്ന് യെമനിലെത്തിയ ഗ്രീന്‍ കോഫി, സൂഫിവര്യന്‍മാര്‍ പ്രാര്‍ഥനയില്‍ ഉണര്‍ന്നിരിക്കുന്നതിന് വേണ്ടിയുള്ള പാനീയമായി ഗ്രീന്‍ കോഫി ഉപയോഗിച്ചിരുന്നു. വീണ്ടും ഒരുപാട് നാളുകള്‍ പിന്നിട്ട ശേഷം 13-ാം നൂറ്റാണ്ടിലാണ് കോഫി റോസ്റ്റിങ് ആരംഭിക്കുന്നത്. 1600കളില്‍ യൂറോപ്പില്‍ എത്തുമ്പോഴേക്കും കൂടുതല്‍ ജനപ്രിയമായി അതുമാറി.
റോസ്റ്റഡ് കോഫിക്ക് ലോകം മുഴുവന്‍ ആരാധകര്‍ നിറഞ്ഞപ്പോഴും ഗ്രീന്‍ കോഫി ചിത്രത്തിലുണ്ടായിരുന്നില്ലെന്ന് തന്നെ പറയാം. ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ക്കിടയില്‍ മാത്രം ഗ്രീന്‍ കോഫി നിറഞ്ഞുനിന്നു. എന്നാല്‍ ഇന്ന് ഗ്രീന്‍ കോഫിക്കും ആരാധകര്‍ ഏറിയിരിക്കുകയാണ്. നിരവധി ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ഗ്രീന്‍ കോഫി വില്‍ക്കുന്നുണ്ട്. 300 മുതല്‍ 1500 രൂപവരെയാണ് വില.
കോഫി ഭാരം കുറയാന്‍ സഹായിക്കുമോ?
നേരത്തേ പറഞ്ഞതുപോലെ ഭാരം കുറയ്ക്കാന്‍ അത്ഭുതമരുന്നൊന്നും ഇല്ല. എന്നാല്‍ ഗ്രീന്‍ കോഫി കുടിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് അനുഭവസ്ഥരുടെ സാക്ഷ്യം. ക്ലോറോജെനിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ഭാരം കുറയ്ക്കാന്‍ സഹായിക്കും. ക്ലോറോജെനിക് ആസിഡിന് ശരീരത്തിലെ അനാവശ്യമായ ഫാറ്റ് ഇല്ലാതാക്കാനുള്ള സവിശേഷ കഴിവുണ്ട്. രക്തസമ്മര്‍ദം, കൊളസ്‌ട്രോള്‍ എന്നിവ കുറയ്ക്കുന്നതിനും ഗ്ലൂക്കോസ് ലെവല്‍ മെച്ചപ്പെടുത്തുന്നതിനും ഇത് സഹായിക്കും.
കാപ്പിക്കുരു റോസ്റ്റ് ചെയ്യുമ്പോള്‍ ഈ ക്ലോറോജെനനിക് ആസിഡ് കുറയുകയും ഗ്രീന്‍ കോഫിയുടെ റിസള്‍ട്ട് നല്‍കാന്‍ സാധിക്കാതെ വരികയും ചെയ്യും.
അതുപോലെ ഗ്രീന്‍ കോഫി കുടിക്കുന്നത് വിശപ്പിനെ ശമിപ്പിക്കും അതിനാല്‍ അമിതമായി ഭക്ഷണം കഴിക്കാനായി സാധിക്കാതെ വരും. ഭക്ഷണശേഷം ഇത് കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കുന്നതിനും ഭാരം കുറയ്ക്കുന്നതിനും സഹായിക്കും.
ഗ്രീന്‍ കോഫി കുടിച്ചുകൊണ്ട്, ബാലന്‍സ്ഡ് ആയ ഒരു ഡയറ്റ് സ്വീകരിക്കുകയും വ്യായാമം ഉള്‍പ്പെടെ ശീലമാക്കിക്കൊണ്ടുള്ള ആരോഗ്യകരമായ ഒരു ജീവിതശൈലി സ്വീകരിച്ചാല്‍ മികച്ച ഫിറ്റ്‌നസ്സ് നിങ്ങള്‍ക്കും സ്വന്തമാക്കാനാകും.
Content Highlights: What Is Green Coffee, The Drink Behind Cricketer Sarfaraz Khan's 17 Kg Weight Loss In 2 Months