ദാവൂദിസത്തിൽ അടവിരിഞ്ഞ സ്വത്വ രാഷ്ട്രീയ കുഞ്ഞുങ്ങൾ ജമാഅത്തെ ഇസ്ലാമിക്ക് തന്നെ തിരിച്ചടിയാകുമ്പോൾ

ഇപ്രാവശ്യം സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ആസ്ഥാന ബുദ്ധിജീവി ആ മുറിയിൽ നിന്ന് വിവേകത്തിന്റെ ശബ്ദം പുറപ്പെടുവിച്ചു, 'ഒന്നോ രണ്ടോ പ്രസ്താവനകള്‍ കൊണ്ട് ഒരാളെ മുസ്ലീം വിരോധിയാക്കാൻ കഴിയില്ല', അത്രയും നല്ലത്

കെ പി എം ഹാരിസ്
1 min read|26 Jul 2025, 02:54 pm
dot image

ന്തുകൊണ്ടാണ് ജർമനിയിലെ അൾസേഷ്യൻ കമ്മ്യൂണിസ്റ്റുകളെ കുറിച്ച് പറയുമ്പോൾ 'ഒരു പക്ഷെ അൾസേഷ്യൻ പട്ടികൾ എന്ന് നിങ്ങൾ കേട്ടിരിക്കും' എന്ന് ദാവൂദ് പറയുന്നത്? മീഡിയവൺ ഔട്ട് ഓഫ് ഫോക്കസിലിരുന്ന് കീലേരി അച്ചുവിനെ പോലെ തന്റെ ഭയമില്ലായ്മ സ്ഥാപിക്കാൻ ശ്രമിക്കുന്ന നേരത്ത് ദാവൂദ് പറയുന്നുണ്ട് 'ഞാൻ നാദാപുരത്ത് നിന്ന് വരുന്നവനാ, പോൾ ബോർട്ടിന്റെ നാട്ടിൽ നിന്ന് വരുന്നവനെ ഗോർബച്ചേവിനെ പറഞ്ഞ് പേടിപ്പിക്കരുതെന്ന്'. ആ നാദാപുരം പൊളിറ്റിക്കൽ സിൻഡ്രം തന്നെയാണ് ഇന്ന് ജമാഅത്തിനെ നയിക്കുന്നത്. നാദാപുരത്ത് നിന്ന് ലഭിച്ച സിപിഐഎം വിരുദ്ധതയും, മുസ്ലിം സാമുദായിക സ്വത്വവാദത്തിന്റെ ഉന്മാദവും സൃഷ്ടിക്കുന്ന, ഇസ്ലാമിക ദർശനത്തിന്റെ ഒരു അടിത്തറയുമില്ലാത്ത ഒരു ദർശനം മാത്രമാണ് ദാവൂദിസം.


രണ്ടായിരത്തിന്റെ ആദ്യ പതിറ്റാണ്ടിന്റെ അവസാനത്തിൽ എസ്‌ഐഒ സംസ്ഥാന പ്രസിഡന്റായിരിക്കെയാണ് ദാവൂദിലൂടെ കേരള ജമാഅത്തെ ഇസ്ലാമിയിൽ മുസ്ലീം സ്വത്വവാദം പിടി മുറുക്കി തുടങ്ങുന്നത്. അതുവരെ ക്യാമ്പസ് രാഷ്ട്രീയത്തിൽ ഇസ്ലാമിക സംസ്‌കാരത്തിന്റെ അച്ചടക്ക രാഷ്ട്രീയം ശീലമാക്കിയ എസ്‌ഐഒ പ്രവർത്തകർക്ക് മുന്നിൽ 'മതേതര ഭീകരതക്കും മതവർഗീയതക്കുമെതിര സർഗാത്മക വിദ്യാർത്ഥി രാഷ്ട്രീയം' എന്ന മുദ്രാവാക്യവുമായാണ് ദാവൂദ് കടന്ന് വന്നത്. പതിവിൽ നിന്ന് വ്യത്യസ്ഥമായ ക്യാമ്പസ് പൊളിറ്റിക്‌സിന്റെ സജീവമായ ഈ രണ്ട് വർഷത്തെ, അന്ന് ജമാഅത്തെ ഇസ്ലാമി തങ്ങളുടെ വിദ്യാർത്ഥി സംഘടനയുടെ കേവലം ചടുലതയായാണ് മനസ്സിലാക്കിയതെങ്കിൽ, യഥാർത്ഥത്തിൽ ജമാഅത്തെ ഇസ്ലാമി അതുവരെ തുടർന്ന് വന്ന ഇസ്ലാമിക സമീപന സാംസ്‌കാരിക മൂലധനത്തെ അകത്ത് നിന്ന് തന്നെ തച്ചുടക്കുകയാണ് ദാവൂദിസം ചെയ്തത്. കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലെ കണക്കുകൾ അവതരിപ്പിച്ച് മലബാറെന്താ കേരളത്തിലല്ലേ? എന്ന മുദ്രാവാക്യത്തിലൂടെ മുസ്ലീം സാമുദായിക സ്വത്വവാദത്തിന് 'മലബാർ' എന്ന ഒരു ജോഗ്രഫിക്കൽ നരേറ്റീവ് കൂടി സൃഷ്ടിച്ചെടുക്കാൻ സാധിച്ചതോടെ മുസ്ലീം സാമുദായിക സ്വത്വവാദത്തിനൊരു ദേശനാമത്തിന്റെ പുനർസൃഷ്ടികൂടി നടത്താൻ ദാവൂദിയൻ ദർശനത്തിന് സാധിച്ചു.

സി ദാവൂദ്

ദാവൂദിന്റെ എസ്‌ഐഒ കാലത്തിന് ശേഷം മുസ്ലീം സാമുദായിക സ്വത്വവാദത്തിനോടൊപ്പം ദലിദ് സ്വത്വവാദത്തിന്റെയും ചർച്ചകളാൽ കേരള എസ്‌ഐഒ പരിസരം ആഭ്യന്തര സംഘർഷത്തിലായി. ഉൻമാദികളായ സാമുദായിക സ്വതവാദക്കാരുടെ ഭാഷയും രീതിയും അതുവരെയുള്ള എസ്‌ഐഒ സംവാദത്തിന്റെ മര്യാദകളെ കാറ്റിൽ പറത്തി. അന്നത്തെ പ്രസിഡന്റും ഇന്നത്തെ ജമാഅത്ത് സെക്രട്ടറിയുമായ ശിഹാബ് പൂക്കോട്ടൂർ തന്നെ നേരിട്ട് സാമുദായിക സ്വത്വവാദത്തിന് വെള്ളവും വളവും നൽകി. എസ്‌ഐഒ പോളിസികളിൽ നിന്ന് അതിനെതിരെ സംസാരിച്ചവരെ ഔദ്യോഗിക നേതൃത്വം തന്നെ സംഘടനാവിരു?ദ്ധരായി ചിത്രീകരിക്കുവാനുളള ശ്രമം നടത്തി. അന്നത്തെ ജമാഅത്ത് അമീർ ടി ആരിഫലിയും സെക്രട്ടറി മുജീബ് റഹ്‌മാനും സ്വത്വവാദികൾക്ക് നിർലോഭം പിന്തുണ നൽകി. ഒരു പ്രധാനപ്പെട്ട ആഭ്യന്തര ചർച്ചയിൽ ജമാഅത്തിന്റെ സമുന്നതനായ ഒരു നേതാവ് ടി ആരിഫലിയെ പ്രതിസ്ഥാനത്ത് നിർത്തി 'റഫറി തന്നെ ഇറങ്ങി കളിക്കുകയാണെന്ന് ഞാൻ സംശയിക്കുന്നു' എന്ന് പ്രസ്താവിച്ചു.

വർഷങ്ങൾ കടന്നു പോയി ദലിത് സ്വത്വവാദം പതിയെ എസ്‌ഐഒ വിൽ നിന്ന് പടിയിറങ്ങി. ഗ്രൗണ്ടിൽ ഇറങ്ങികളിച്ച റഫറി അഖിലേന്ത്യാ നേതാവായി. അന്നത്തെ റഫറിയുടെ സംസ്ഥാന സെക്രട്ടറി സംസ്ഥാന അമീറും. മുസ്ലീം സാമുദായിക സ്വത്വവാദ വക്താക്കൾ ജമാഅത്ത് ശൂറയിലുമെത്തി. ഒരാൾ അമീറിന്റെ റിംഗ് മാസ്റ്ററും മറ്റൊരാൾ ടിവി ഫെയിമുമായി.

സിപിഐഎമ്മിനെ ശത്രു പക്ഷത്തിരുത്തി ദാവൂദിസം സംഘടനയിൽ അടിമുടി പിടി മുറുക്കി. പാവം മൗദൂദി !, ജമാഅത്തിന്റെ ആന്തരിക ദാർശനിക പരിണാമം മനസ്സിലാക്കാൻ കഴിയാത്ത സിപിഐഎമ്മുകാരുടെ വിമർശന റഫറൻസ് മാത്രമായി. മൗദൂദി ജാതക ദോഷത്താൽ പുരനിറഞ്ഞു നിന്നു പോയ വെൽഫെയർ പാർട്ടിയെ, യുഡിഎഫ് മുന്നണി രാഷ്ട്രീയത്തിന്റെ സമൂഹ വിവാഹ പന്തലിൽ മംഗല്യം നടത്തി തങ്ങളുടെ രാഷ്ട്രീയാധികാര സാഫല്യത്തിലെത്താമെന്ന് ദാവൂദിസ്റ്റുകൾ സ്വപ്നം കണ്ടു. അപ്പോഴെല്ലാം സിപിഐഎമ്മുകാർ മൗദൂദി ജാതക ദോഷം ഉയർത്തി കൊണ്ടു വന്നു. അങ്ങനെയൊക്കെയാണെങ്കിലും നിലമ്പൂരിൽ അൻവറെന്ന ചക്ക വീണ് മുയലിന് പകരം ഇപ്രാവശ്യം സിപിഐഎം എന്ന പുലി ചത്തു. ഉടനെ ശിക്കാരി ശംഭുവിനെ പോലെ ജമാഅത്ത് അമീർ തോക്കുമെടുത്ത് ഇറങ്ങി. ഞങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കുമെന്ന് വീമ്പിളക്കി. കളിയറിയാഞ്ഞിട്ടില്ലയെന്നും കളിക്കാൻ ഞങ്ങൾ തീരുമാനിച്ചാൽ നിലമ്പൂർ 2026 നിയമസഭ ഇലക്ഷനിൽ ആവർത്തിക്കുമെന്നും പറയാതെ പറഞ്ഞു. നിലമ്പൂർ രാഷ്ട്രീയ കഥയറിയാതെ ആട്ടം കണ്ട ജമാഅത്ത് അണികൾ അപ്പോഴും ശിക്കാരി ശംഭു തന്നെയാണ് നിലമ്പൂരിൽ പുലിയെ വെടിവെച്ചിട്ടതെന്ന് കരുതി സൈബറിടങ്ങളിൽ സ്തുതിഗീതങ്ങളുമായി ആറാടി.


പി മുജീബ് റഹ്‌മാൻ

സിപിഐഎം ജമാഅത്ത് ആരോപണ പ്രത്യാരോപണങ്ങൾ തുടരവെ കേരളം കണ്ട ഏറ്റവും വലിയ കമ്യൂണിസ്റ്റ് പോരാളി വി എസ് അന്തരിച്ചു. ദാവൂദിസത്തിൽ അട വിരിഞ്ഞ പുതിയ സ്വത്വ രാഷ്ട്രീയ കുഞ്ഞുങ്ങൾ സൈബറിടങ്ങളിലുണ്ടെന്ന് ജമാഅത്തോർഞ്ഞില്ല. മാത്രമല്ല അതിൽ തങ്ങളുടെ സമുന്നതനായ വെൽഫെയർ പാർട്ടിയുടെ നേതാവിന്റെ മകനുമുണ്ടെന്ന് തിരിച്ചറിയുന്നതിന് മുമ്പ് ദാവൂദിസത്തിൽ നിന്ന് ഉന്മാദിയായി അയാൾ നാദാപുരം പൊളിറ്റിക്കൽ സിൻഡ്രത്തെ ആവാഹിച്ച് ഫേസ്ബുക്കിൽ വിഎസിന് ആദരാജ്ഞലി അർപ്പിച്ചു. ജമാഅത്ത് അമീർ എഴുതിയ വിഎസ് ഫേസ്ബുക്ക് കുറിപ്പ് അതോടെ പടമായി. ഇതിനിടയിൽ കൂനിൽമേൽ കുരു പോലെ പതിനഞ്ച് വർഷത്തെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റ് വിഎസിന് തന്റെ ഡൽഹി പത്രപ്രവർത്തന പാരമ്പര്യ ഓർമ്മയിൽ നിന്നൊരു ആചാരവെടി മുഴക്കി പ്രമുഖ പത്രപ്രവർത്തകൻ എംസിഎ നാസർ. പക്ഷെ ആ വെടി ജമാഅത്തിന്റെ ഇടനെഞ്ചിൽ തുളച്ചു കയറി.

അതിനിടയിൽ ജമാഅത്തുകാരനായ ഒരു അധ്യാപകനും ഫേസ്ബുക്കിൽ പോസ്റ്റിട്ടു. തന്റെ നേതാവിന്റെ മകൻ ഒറ്റക്കായി പോവരുതല്ലോ. ഇപ്രാവശ്യം സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ആസ്ഥാന ബുദ്ധിജീവി ആ മുറിയിൽ നിന്ന് വിവേകത്തിന്റെ ശബ്ദം പുറപ്പെടുവിച്ചു, 'ഒന്നോ രണ്ടോ പ്രസ്ഥാവനകൾ കൊണ്ട് ഒരാളെ മുസ്ലീം വിരോധിയാക്കാൻ കഴിയില്ല'. അത്രയും നല്ലത്.


വിഎസ് ഒരു ജനപക്ഷ രാഷ്ട്രീയത്തിന്റെ ഉടമയായിരുന്നു. ഒരു ഭരണാധികാരിയെന്ന നിലയിൽ താരതമ്യേന ജനാധിപത്യപരമായി പെരുമാറുകയും ഏതെങ്കിലും ഒരു സമുദായത്തിന് ലഭിക്കേണ്ട അവരുടെ അവകാശങ്ങളെ വ്യക്തി എന്ന നിലയിൽ തന്റെ ബോധ്യങ്ങളിൽ നിന്ന്‌കൊണ്ട് ജനാധിപത്യവിരുദ്ധമായി ബോധപൂർവ്വം തടഞ്ഞുവെക്കുകയും ചെയ്തു എന്ന് പറയുവാൻ കഴിയാത്തവിധം തന്റെ ജനാധിപത്യ ബോധത്തെ അടയാളപ്പെടുത്തിയ നേതാവായിരുന്നു. ഹിന്ദുത്വത്തോടും അദ്ദേഹം അതിശക്തമായി തന്നെ പ്രതികരിച്ചിട്ടുണ്ട്. വിഎസ് മരണത്തിലും കേരളത്തിലെ ഇടത് പക്ഷത്തിന് ഊർജ്ജം പകർന്നാണ് വിട പറഞ്ഞത്. അത് കേവല ഊർജ്ജമല്ല. 2026 ലെ നിയമസഭ തെരെഞ്ഞെടുപ്പിനെപ്പോലും സ്വാധീനിക്കാൻ കഴിയുന്ന ഊർജ്ജം. വേലിക്കകത്ത് ശങ്കരൻ അച്ചുതാനന്ദനെ അദ്ദേഹത്തിന്റെ നൂറ്റിരണ്ട് വർഷത്തെ ജീവിതത്തിനിടയിൽ ഒരാൾക്കും ദുഷ്പ്രഭുത്വത്തിന്റെ ഒരു വേലിക്കകത്തും തളച്ചിടാൻ സാധിച്ചിരുന്നില്ല. മരണത്തിലും മുസ്ലീം വിരോധി എന്ന ആഖ്യാനത്തിന്റെ വേലിയും തകർത്താണ് അദ്ദേഹം ചുടുകാട്ടിൽ അന്ത്യവിശ്രമം കൊള്ളുന്നത്.

പിൻകുറി:

ജീവിച്ചിരിക്കുന്ന സഖാക്കളോടാണ്, വിഎസ് മരണത്തിലും ഉയർത്തിയ ജനപക്ഷ രാഷ്ട്രീയം നഷ്ടപ്പെടുത്തുന്ന പുതിയ പ്രസ്താവനകളുമായി വരാതിരിക്കുക. ശിക്കാരി ശംഭുമാർ മലബാറിൽ അവസരത്തിനായി കാത്തിരിപ്പുണ്ട്. മറ്റൊന്ന്കൂടിയുണ്ട് സംഘപരിവരിവാറിന്റെ പ്രാഥമിക ഇരകളായ മുസ്ലീം സമൂഹത്തോടുളള പ്രതികരണങ്ങളിലും, അവരുടെ വ്യത്യസ്ഥ രാഷ്ട്രീയ ധാരയോടുമുളള സമീപനങ്ങളിലും പുതിയ ഇന്ത്യതേടുന്ന വിശാല ഇടതുപക്ഷ രാഷ്ട്രീയ സാധ്യതകളെ റദ്ദ് ചെയ്യാതിരിക്കുക, കാരണം അവരുടെ ലിസ്റ്റിൽ മുസ്ലിമിനും, കൃസ്ത്യാനിക്കും ശേഷമുളള പേര് കമ്യൂണിസ്റ്റെന്നാണ്.

Content Highlights: KPM Harris's opinion on Jamaat-e-Islami CDawood and VS Achuthanandan

dot image
To advertise here,contact us
dot image