
ബെംഗളൂരു: ആർസിബി വിജയാഘോഷത്തിനിടെയുണ്ടായ അപകടത്തിൽ പെൺകുട്ടിയുടെ ഒരു ലക്ഷം രൂപ വിലയുള്ള ആഭരണങ്ങൾ കാണാതായതായി പരാതി. തിക്കിലും തിരക്കിലും പെട്ട് മരിച്ച കുട്ടിയുടെ ആഭരണങ്ങളാണ് കാണാതായത് എന്നാണ് പരാതി. കുട്ടിയുടെ മൃതദേഹം കുടുംബത്തിന് കൈമാറുമ്പോൾ ആഭരണങ്ങൾ ഉണ്ടായിരുന്നില്ല. ഇത് സംബന്ധിച്ച് അമ്മ പൊലീസിൽ പരാതി നൽകി.
ഒമ്പതാം ക്‌ളാസുകാരിയായ ദിവ്യൻഷി എന്ന കുട്ടി തിക്കിലും തിരക്കിലും പെട്ട് മരിച്ചിരുന്നു. ഇവരുടെ അമ്മയാണ് ഇപ്പോൾ ആഭരണങ്ങൾ നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാണിച്ച് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മകളെ ആശുപത്രിയിലേക്ക് എത്തിക്കുമ്പോൾ ശരീരത്തിൽ സ്വർണാഭരണങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ മൃതദേഹം കൈമാറിയപ്പോൾ അവ ഉണ്ടായിരുന്നില്ല എന്നും മാതാവ് പറയുന്നു. മൃതദേഹം സൂക്ഷിച്ച മോർച്ചറിയിൽ വെച്ചാകാം ആഭരണങ്ങൾ മോഷ്ടിക്കപ്പെട്ടത് എന്നും ഇവർ ആരോപിക്കുന്നു. മകൾ അവസാനമായി ധരിച്ചിരുന്ന ആഭരണങ്ങളോട് തങ്ങൾക്ക് വൈകാരികമായ അടുപ്പമുണ്ടെന്നും അതുകൊണ്ട് അവ കണ്ടുപിടിച്ചുതരണമെന്നും അമ്മ ആവശ്യപ്പെടുന്നു. തിക്കിലും തിരക്കിലും മരണപ്പെട്ട 11 പേരിൽ ഏറ്റവും പ്രായം കുറഞ്ഞയാളായിരുന്നു ദിവ്യൻഷി.
ജൂൺ നാലിനായിരുന്നു രാജ്യത്തെ നടുക്കിയ അപകടമുണ്ടാകുന്നത്. ഐപിഎൽ കിരീടം നേടിയ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ടീമിനെ സ്വീകരിക്കാൻ ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപം വലിയ ആൾകൂട്ടം എത്തിയതോടെയാണ് അപകടമുണ്ടായത്. വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമുള്ള കിരീടമായതിനാൽ ആരാധകർ പരിധിക്കപ്പുറം തടിച്ചുകൂടാനിടയുണ്ടെന്നും സുരക്ഷ ഏർപ്പെടുത്താൻ പരിമിതികളുണ്ടെന്നും ചൂണ്ടിക്കാണിച്ച് ഡിസിപി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കത്ത് നൽകിയിരുന്നു. എന്നാൽ ഉദ്യോഗസ്ഥർ ഇത് കാര്യമായി എടുത്തിരുന്നില്ല.
ദുരന്തത്തിന്റെ ധാർമിക ഉത്തരവാദിത്വം ഏറ്റെടുത്ത് കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളും രാജിവെച്ചിരുന്നു. സംഭവത്തിൽ ആർസിബി മാർക്കറ്റിങ് മേധാവിയടക്കം നിരവധി പേരെ പ്രതി ചേർത്തിട്ടുണ്ട്.
Content Highlights: Gold got stoled during chinnaswamy stampede