ഹിന്ദി സംസാരിച്ചത് ഇഷ്ടമായില്ല; ഇന്ത്യൻ വംശജരെ 'നേരിടണമെന്ന്' ബ്രിട്ടീഷ് യുവതി; കടയുടമയ്ക്ക് പരാതി

ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ പാടില്ലെന്നും പരാതി നൽകിയ ശേഷം ബ്രിട്ടീഷ് യുവതി പറഞ്ഞു

dot image

ലണ്ടൻ: ലണ്ടൻ വിമാനത്താവളത്തിലെ വസ്ത്രവ്യാപാര ശാലയിൽ ഹിന്ദി സംസാരിച്ച ഇന്ത്യൻ തൊഴിലാളികൾക്കെതിരെ ബ്രിട്ടീഷ് യുവതിയുടെ പരാതി. ലൂസി വൈറ്റ് എന്ന ബ്രിട്ടീഷ് യുവതിയാണ് കടയിലെ ഇന്ത്യൻ ജീവനക്കാർക്ക് നേരെ പരാതിയുമായി രംഗത്തെത്തിയത്. മനസിലാകാത്ത ഒരു ഭാഷയിലാണ് അവർ പരസ്പരം സംസാരിച്ചതെന്നും ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ പാടില്ലെന്നും പരാതി നൽകിയ ശേഷം ലൂസി പറഞ്ഞു.

തന്റെ എക്സ് പോസ്റ്റിലൂടെയാണ് ലൂസി സംഭവം തുറന്നുപറഞ്ഞത്. ലണ്ടൻ എയർപ്പോർട്ടിനുള്ളിലെ മാർക്സ് ആൻഡ് സ്‌പെൻസർ എന്ന വസ്ത്രവ്യാപാര ശാലയിൽ പർച്ചേസിനായി കയറിയതായിരുന്നു ലൂസി. ഇതിനിടെ അവിടെയുള്ള ഇന്ത്യൻ വംശജരായ തൊഴിലാളികൾ ഹിന്ദിയിൽ പരസ്പരം സംസാരിച്ചത് ലൂസിയെ ചൊടിപ്പിച്ചു. ഇതെന്ത് ഭാഷയാണ് നിങ്ങൾ സംസാരിക്കുന്നത് എന്ന് ലൂസി ചോദിച്ചപ്പോൾ 'ഹിന്ദി' എന്ന് തൊഴിലാളികൾ മറുപടി നൽകി. ഇതിൽ പ്രകോപിതയായ ലൂസി സ്ഥാപനത്തിലെ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് പരാതി നൽകുകയായിരുന്നു. തന്റെ പക്കൽ വോയിസ് റെക്കോർഡിങ്ങുകൾ ഉണ്ടെന്നും ഇവരെ എല്ലായ്‌പ്പോഴും നേരിടേണ്ടിവരുമെന്നുമുള്ള വംശീയത നിറഞ്ഞ അഭിപ്രായവും ലൂസി എക്‌സിലൂടെ പങ്കുവെച്ചു.

ലൂസിയുടെ ഈ പോസ്റ്റ് വലിയ വാദപ്രതിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. നിരവധി പേരാണ് ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ പങ്കുവെച്ചിരിക്കുന്നത്. വംശീയമായ നിരവധി പ്രതികരണങ്ങൾ ലൂസിയുടെ ഈ പോസ്റ്റിന് ലഭിക്കുന്നുണ്ട്. ഇത്തരം കടകളിൽ നിന്ന് തങ്ങൾ സാധനങ്ങൾ വാങ്ങില്ലെന്നും അവരെ റിപ്പോർട്ട് ചെയ്യേണ്ടത് അത്യാവശ്യമാണെന്നുമാണ് ഒരു വിഭാഗം പറയുന്നത്.

എന്നാൽ ലൂസിയുടെ വംശീയ മനോഭാവത്തെ ചോദ്യം ചെയ്യുന്നവരും നിരവധിയാണ്. ലൂസി വെറും വംശീയവാദിയാണെന്നും ഇതല്ല ശരിയായ രീതിയെന്നും നിരവധി പേർ പറയുന്നുണ്ട്.

Content Highlights: British women complaints against indian men for speaking hindi at shop

dot image
To advertise here,contact us
dot image