മദര്‍ തെരേസ ക്ലിനിക്ക് എന്ന പേരിടുന്നതിനെതിരെ ജാര്‍ഖണ്ഡ് ബിജെപി; 'മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നു'

'മദര്‍ തെരേസയുടെ പേര് ജാര്‍ഖണ്ഡിലെ പൊതു സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരുത്തരവാദിത്വപരമാണ്'

dot image

റാഞ്ചി: ജാര്‍ഖണ്ഡിലെ അടല്‍ മൊഹല്ല ക്ലിനിക്കുകളുടെ പേരുമാറ്റി മദര്‍ തെരേസ അഡ്വാന്‍സ്ഡ് ക്ലിനിക്കുകളാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി. വ്യാഴാഴ്ചയാണ് സര്‍ക്കാര്‍ നഗരങ്ങളിലെ ചേരിപ്രദേശത്ത് താമസിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളായ അടല്‍ മൊഹല്ലകളുടെ പേര് മദര്‍ തെരേസ അഡ്വാന്‍സ്ഡ് ക്ലിനിക്കുകളാക്കി മാറ്റാന്‍ തീരുമാനിച്ചത്.

ആരോഗ്യ സംരക്ഷണത്തിന്റെ പേരില്‍ മതപരിവര്‍ത്തനം പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടിയാണ് ഹേമന്ത് സോറന്‍ സര്‍ക്കാരിന്റെ ഈ നീക്കമെന്ന് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ പ്രതിപക്ഷ നേതാവുമായ അമര്‍ കുമാരി ബൗരി ആരോപിച്ചു. ജാര്‍ഖണ്ഡ് സംസ്ഥാനം രൂപീകരിച്ച മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ പാരമ്പര്യത്തെ ചെറുതാക്കി കാണിക്കുന്നതിന് വേണ്ടിയുള്ള ബോധപൂര്‍വ്വവും അപകടകരവുമായ നീക്കമാണിത്. മതപരിവര്‍ത്തന നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോടെ നടപ്പിലാക്കുന്ന ബോധപൂര്‍വ്വമായ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

മദര്‍ തെരേസ്സ പാവങ്ങള്‍ക്കും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നവര്‍ക്കും വേണ്ടി നടത്തിയ സേവനങ്ങളെ വിലമതിക്കുന്നു. എന്നാല്‍ അവരുടെ പേരില്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് എതിരെ കുട്ടിക്കടത്ത്, മതപരിവര്‍ത്തനം എന്നീ ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്ന അമര്‍ കുമാരി ബൗരി പറഞ്ഞു. മദര്‍ തെരേസയുടെ പേര് ജാര്‍ഖണ്ഡിലെ പൊതു സ്ഥാപനങ്ങള്‍ക്ക് ഉപയോഗിക്കുന്നത് നിരുത്തരവാദിത്വപരമാണ്, പ്രത്യേകിച്ച് മതപരിവര്‍ത്തനം വലിയൊരു പ്രശ്‌നമായി നില്‍ക്കവേയെന്നും അദ്ദേഹം പറഞ്ഞു.

Content Highlights: BJP against rename Atal Mohalla Clinics as Mother Teresa Clinic at jharkhand

dot image
To advertise here,contact us
dot image