
ന്യൂഡല്‍ഹി: ഒബിസി വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള രണ്ടാം അംബേദ്കറാണ് ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ ഗാന്ധിയെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. എക്‌സിലെഴുതിയ കുറിപ്പിലാണ് ഉദിത് രാജ് രാഹുലിനെ രണ്ടാം അംബേദ്കറെന്ന് വിശേഷിപ്പിച്ചത്.
'ചരിത്രം പുരോഗതിക്കായുള്ള അവസരം തരില്ലെന്ന് വീണ്ടും വീണ്ടും ഒബിസി വിഭാഗക്കാര്‍ ആലോചിക്കണം. തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ രാഹുല്‍ ഗാന്ധി പറഞ്ഞതിനെ പിന്തുടരുകയും പിന്തുണക്കുകയും വേണം. അങ്ങനെ ചെയ്യുകയാണെങ്കില്‍, രാഹുല്‍ ഗാന്ധി ഒബിസി വിഭാഗക്കാര്‍ക്ക് വേണ്ടിയുള്ള രണ്ടാം അംബേദ്കറാണെന്ന് തെളിയിക്കും', എന്നാണ് ഉദിത് രാജ് കുറിച്ചത്.
യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ജാതി സെന്‍സസ് നടത്താതിരുന്നത് തെറ്റാണെന്ന് മനസ്സിലാക്കുന്നുവെന്നും ഇപ്പോള്‍ അത് തിരുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും രാഹുല്‍ വെള്ളിയാഴ്ച തല്‍ക്കത്തോറ സ്‌റ്റേഡിയത്തില്‍ നടന്ന കോണ്‍ഗ്രസ് ഒബിസി സമ്മേളനത്തില്‍ പറഞ്ഞിരുന്നു.
'ഞാന്‍ ചെയ്യുന്ന കാര്യങ്ങളെ കുറിച്ച് ആലോചിക്കാറുണ്ട്. നന്നായി ചെയ്ത കാര്യങ്ങളെ കുറിച്ചും ചെയ്യാന്‍ കഴിയാതെ പോയതിനെ കുറിച്ചും പരിശോധിക്കാറുണ്ട്. അങ്ങനെ നോക്കിയപ്പോള്‍ രണ്ടോ മൂന്നോ കാര്യങ്ങള്‍ ഞാന്‍ കണ്ടു. ഭൂമിയേറ്റെടുക്കല്‍ നിയമം, തൊഴിലുറപ്പ് പദ്ധതി, ഭക്ഷ്യാവാകാശ നിയമം, ആദിവാസി ബില്ല്, നിയംഗിരി പ്രക്ഷോഭം എന്നിങ്ങനെ. ഈ കാര്യങ്ങളെല്ലാം നന്നായി ചെയ്തു. ഇതെല്ലാം ആദിവാസികളുമായും ദളിതരുമായും വനിതകളുമായും ബന്ധപ്പെട്ടതാണ്. ഈ വിഷയങ്ങളില്‍ താന്‍ നന്നായി ഇടപെട്ടെന്ന് അതില്‍ നല്ല പ്രശംസ ലഭിച്ചു', എന്നും രാഹുല്‍ പറഞ്ഞിരുന്നു.
'പക്ഷെ കോണ്‍ഗ്രസിന്റെയും എന്റെയും പ്രവര്‍ത്തനത്തില്‍ പക്ഷെ ഒരു വീഴ്ചയുണ്ടായി. ഒബിസി വിഭാഗങ്ങളുടെ താല്‍പര്യങ്ങളെ സംരക്ഷിക്കാനായില്ല. ആ സമയത്ത് ആഴത്തില്‍ ഒബിസി പ്രശ്‌നങ്ങള്‍ മനസിലായില്ലെന്നതാണ് കാരണം. കഴിഞ്ഞ 10 മുതല്‍ 15 വര്‍ഷം എനിക്ക് ദളിതുകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസ്സിലായി. അവരുടെ പ്രശ്‌നങ്ങള്‍ പ്രത്യക്ഷത്തിലുള്ളതാണ്. അത് കൊണ്ട് അത് എളുപ്പത്തില്‍ മനസ്സിലായി. എന്നാല്‍ ഒബിസി വിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ മറഞ്ഞുകിടന്നു. അന്ന് എനിക്ക് അവരുടെ പ്രശ്‌നങ്ങള്‍ മനസ്സിലായിരുന്നുവെങ്കില്‍ അന്നേ ജാതി സെന്‍സസ് നടത്തുമായിരുന്നു. അതെനിക്ക് പറ്റിയ ഒരു തെറ്റായിരുന്നു. അതാണ് ഞാന്‍ തിരുത്താന്‍ പോകുന്നത്.', എന്നും രാഹുല്‍ പറഞ്ഞിരുന്നു. രാഹുലിന്റെ ഈ വാക്കുകള്‍ക്ക് പിന്നാലെയാണ് ഉദിത് രാജിന്റെ പ്രതികരണം.
Content Highlights: Udit Raj Says Rahul Gandhi Could Be "2nd Ambedkar"