

2026 ടി20 ലോകകപ്പിൽ ദയനീയ പ്രകടനം പുറത്തെടുത്ത പാകിസ്താൻ ക്രിക്കറ്റ് ടീമിനെ രൂക്ഷമായി വിമർശിച്ച് പാകിസ്താന്റെ മുൻ ക്യാപ്റ്റൻ റാഷിദ് ലത്തീഫ്. ഇന്ത്യൻ ടീം തുടർച്ചയായി ഐസിസി കിരീടങ്ങൾ വാരിക്കൂട്ടുമ്പോൾ പാകിസ്താൻ നോക്കൗട്ട് കാണാതെ പുറത്താകുന്നത് ശീലമാക്കിയിരിക്കുകയാണെന്ന് ലത്തീഫ് പരിഹസിച്ചു. ലോകകപ്പ് ഫൈനലിൽ ഇന്ത്യ ന്യൂസിലൻഡിനെ തകർത്ത് കിരീടം നിലനിർത്തിയതിന് പിന്നാലെയാണ് കടുത്ത പ്രതികരണവുമായി ലത്തീഫ് രംഗത്തെത്തിയത്. ഇന്ത്യയുടെ ഡിഎൻഎ വിജയികളുടെതും പാകിസ്താനുള്ളത് തോൽക്കുന്നവരുടെ ഡിഎൻഎയാണെന്നുമാണ് ലത്തീഫ് പറയുന്നത്.
’ടോസ് നഷ്ടമായിട്ട് പോലും ഇന്ത്യ 250 റൺസ് നേടുന്നു, ആർക്കും ഇന്ത്യയെ പിടിച്ചുകെട്ടാൻ പോലും കഴിന്നില്ല, ഇത് ഒരു രാത്രി കൊണ്ട് മാത്രം സംഭവിച്ചതല്ല. കഴിഞ്ഞ 10 വർഷമായി ഇന്ത്യ നടത്തുന്ന കഠിനാധ്വാനത്തിന്റെ ഫലമാണ്. കഴിഞ്ഞ ഐസിസി ഇവന്റുകളും ഏഷ്യാകപ്പും നോക്കിയാല്‍ അത് മനസ്സിലാവുകയും ചെയ്യും’, റാഷിദ് ലത്തീഫ് വ്യക്തമാക്കി.
’ഇന്ത്യയുടെ ഡിഎന്‍എ ട്രോഫി നേടുന്നവരുടെയും നമ്മുടെ ഡിഎൻഎ നോക്കൗട്ട് മത്സരങ്ങൾക്ക് മുമ്പ് തന്നെ തോൽക്കുന്നവരുടേതുമാണ്. ഇന്ത്യ ഫൈനൽ കളിക്കുകയും കപ്പ് നേടുകയും ചെയ്യുന്നു’, റാഷിദ് ലത്തീഫ് കൂട്ടിച്ചേർത്തു.
2026 ടി20 ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ പാകിസ്താൻ സെമി കാണാതെ പുറത്താവുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യയോടേറ്റ പരാജയവും ആരാധകരെ നിരാശരാക്കിയിരുന്നു. ഗ്രൂപ്പ് എയില്‍ രണ്ടാം സ്ഥാനക്കാരായാണ് പാകിസ്താന്‍ സൂപ്പര്‍ എട്ടിലേക്ക് യോഗ്യത നേടിയത്. നെതര്‍ലന്‍ഡ്സ്, യുഎസ്എ, നമീബിയ എന്നിവരെ പരാജയപ്പെടുത്തിയപ്പോള്‍ ഇന്ത്യയോട് മാത്രമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ തോറ്റത്. സൂപ്പര്‍ എട്ടിലെ പോരാട്ടങ്ങള്‍ പാകിസ്താന് കടുപ്പമേറിയതായിരുന്നു. ന്യൂസിലന്‍ഡുമായുള്ള ആദ്യ മത്സരം മഴ മൂലം ഉപേക്ഷിക്കേണ്ടി വന്നതിന് പിന്നാലെ ഇംഗ്ലണ്ടിനോട് രണ്ട് വിക്കറ്റിന് പരാജയപ്പെടുകയും ചെയ്തു. ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി മികവിലാണ് ഇംഗ്ലണ്ട് പാകിസ്താനെ തോല്‍പ്പിച്ചത്.
Content Highlights: 'India's DNA Is To Win Trophies And Pakistan's Is To Lose', says Rashid Latif