

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം തുടരുന്ന സാഹചര്യത്തിൽ യുഎഇ വിമാനത്താവള അധികൃതർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ഇന്ത്യയ്ക്കും യുഎഇയ്ക്കും ഇടയിലുള്ള വിമാന സർവീസുകൾ തടസ്സപ്പെടുന്നു. ഇതേത്തുടർന്ന് ഞായറാഴ്ച നടത്താനിരുന്ന നിരവധി സർവിസുകൾ റദ്ദാക്കിയതായി എയർ ഇന്ത്യ അറിയിച്ചു. ഇറാൻ, ഇറാഖ് വ്യോമപാതകൾ അടച്ചതിനെത്തുടർന്ന് വിമാനങ്ങൾക്ക് ദൂരം കൂടുതലുള്ള ബദൽ പാത ഉപയോഗിക്കേണ്ടി വരുന്നുണ്ട്. ഇത് കണക്കിലടുത്ത് വ്യോമയാന നിയന്ത്രണ ഏജൻസിയായ ഡിജിസിഎ എയർ ഇന്ത്യ ജീവനക്കാരുടെ ഡ്യൂട്ടി സമയങ്ങൾക്ക് ഇളവനുവദിച്ചിട്ടുണ്ട്. ഏപ്രിൽ 30 വരെയാണ് ഇളവ് അനുവദിച്ചത്. നിലവിലെ സഹാചര്യത്തിൽ പുതിയ ഷെഡ്യൂൾ പ്രകാരം എയർ ഇന്ത്യ ഡൽഹിക്കും ദുബായിക്കും ഇടയിൽ ഒരു സർവീസ് മാത്രമാണ് നടത്തുന്നത്. ബാക്കി നാല് വിമാനങ്ങളും റദ്ദാക്കി. എയർ ഇന്ത്യ എക്സ്പ്രസും ഡൽഹി ദുബായ് സെക്ടറിൽ ഒരു സർവീസ് മാത്രമാണ് നടത്തുന്നത്. ബാക്കി അഞ്ച് സർവീസുകളും ഒഴിവാക്കിയിരിക്കുകയാണ്.
അബുദാബി, റാസൽഖൈമ, ഷാർജ, എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്. യാത്ര തടസപ്പെട്ടവർക്ക് ടിക്കറ്റുകൾ മറ്റൊരു തീയതിയിലേക്ക് മാറ്റുകയോ അല്ലെങ്കിൽ തുക പൂർണമായി തിരികെ വാങ്ങുകയോ ചെയ്യാവുന്നതാണെന്ന് കമ്പനി അറിയിച്ചു.
അതേസമയം, ദോഹയിലേക്കും തിരിച്ചുമുള്ള സർവീസുകൾ പരിമിതമായ തോതിൽ പുനരാരംഭിച്ചതായി ഖത്തർ എയർവേയ്‌സ് അറിയിച്ചു. ഡൽഹി, മുംബൈ എന്നിവയുൾപ്പെടെയുള്ള പ്രമുഖ നഗരങ്ങളിലേക്കുള്ള സർവീസുകളും ഇതിൽ ഉൾപ്പെടുന്നു. പശ്ചിമേഷ്യയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ദൂബായ് സർവീസുകളിൽ ഇനിയും തടസ്സങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് സ്പൈസ് ജെറ്റ് യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി. യാത്രാ തടസ്സങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ എസ്എംഎസ് വഴിയോ ഇമെയിൽ വഴിയോ നേരിട്ട് അറിയിക്കുമെന്നും യാത്രക്കാർ വിമാനത്തിന്റെ സ്ഥിതിഗതികൾ പരിശോധിക്കണമെന്നും എയർലൈൻസ് അധികൃതർ അറിയിച്ചിട്ടുണ്ട്.
Content Highlights: West Asian conflict: India-UAE flight services disrupted; DGCA relaxes working hours of employees