

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം തുടരുന്ന ആധിപത്യം ഇനിയും തുടരുകതന്നെ ചെയ്യുമെന്ന് ഇന്ത്യയുടെ മുന്‍ നായകനും ലോകകപ്പ് ജേതാവുമായ രോഹിത് ശര്‍മ. ശനിയാഴ്ച മുംബൈയില്‍ ടി20 മുംബൈ ലീഗ് നാലാം സീസണിന്റെ ലോഞ്ചിനിടെ സംസാരിക്കുവേയാണ് ഇന്ത്യൻ ക്രിക്കറ്റ് നിലവിൽ കടന്ന് പോകുന്ന അഭിമാനകരമായ നിമിഷങ്ങളെ കുറിച്ച് രോഹിത് ശർമ വാചാലനായത്. പുരുഷ-വനിതാ ടീമുകള്‍ ഒരേപോലെ ലോകവേദികളില്‍ കിരീടങ്ങള്‍ നേടുന്നത് അഭിമാനകരമാണെന്നും തങ്ങളുടെ വിജയ കുതിപ്പ് തുടരുമെന്നാണ് താൻ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി20 ലോകകപ്പിൽ ഇന്ത്യ ചരിത്രവിജയം സ്വന്തമാക്കിയതിന് പിന്നാലെയാണ് രോഹിത്തിന്റെ പ്രതികരണം. മാർച്ച് എട്ടിന് അഹമ്മദാബാദിൽ ഇന്ത്യൻ പുരുഷ ടീം മൂന്നാമത്തെ ടി20 ലോകകപ്പ് കിരീടവും തുടർച്ചയായ രണ്ടാം കിരീടവും സ്വന്തമാക്കിയിരുന്നു. ഇതിന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് നവി മുംബൈയിൽ നടന്ന ഏകദിന വനിത ലോകകപ്പിൽ ഇന്ത്യൻ വനികൾ ആദ്യമായി ലോകകിരീടത്തിൽ മുത്തമിട്ടത്.
’കഴിഞ്ഞ രണ്ട് വർഷങ്ങളായി നമ്മളുടെ നേട്ടങ്ങൾ കാണുമ്പോൾ എനിക്ക് വളരെ സന്തോഷവും അഭിമാനവും തോന്നുകയാണ്. മികച്ച പ്രകടനവുമായാണ് നമ്മൾ ഈ നേട്ടങ്ങൾ കൈവരിച്ചിരിക്കുന്നത്. പുരുഷ ടീം മാത്രമല്ല, മുംബൈയിൽ ലോകകപ്പ് നേടിയ വനിതാ ടീമിന്റെ പ്രകടനവും അതിശയിപ്പിക്കുന്നതായിരുന്നു. അടുത്തിടെ ടി20 ലോകകപ്പിൽ പുരുഷ ടീം കാഴ്ചവെച്ച പ്രകടനം സമാനതകളില്ലാത്തതാണെന്നും ഈ വിജയക്കുതിപ്പ് തുടരുന്നതിനായി ടീമുകൾ കൂടുതൽ ആവേശത്തോടെ മുന്നോട്ട് പോകണം’, അദ്ദേഹം നിർദ്ദേശിച്ചു.
’ഇത് ഒരു തുടക്കം മാത്രമാണെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, ഇവിടെ ഇനി നമുക്ക് പിന്നോട്ട് നോക്കേണ്ട സാഹചര്യമില്ല. ക്രിക്കറ്റിൽ നമ്മൾ എപ്പോഴും വേഗതയെ കുറിച്ച് സംസാരിക്കാറുണ്ട്. ഇപ്പോൾ പുരുഷ-വനിതാ ടീമുകൾക്ക് ആ വേഗത ലഭിച്ചിട്ടുണ്ട്. ഇത് നിലനിർത്താൻ സാധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു’, രോഹിത് ശർമ കൂട്ടിച്ചേർത്തു.
Content Highlights: ’T20 World Cup just a start’, Rohit Sharma says India will extend cricket dominance