

ധുരന്ദറിനെക്കുറിച്ചും രൺവീർ സിങ്ങിനെക്കുറിച്ചും മനസുതുറന്ന് നടൻ അക്ഷയ് കുമാർ. കുറച്ചുകാലങ്ങളായി ബോളിവുഡിൽ ആംഗ്രി യങ് മാന് നായകന്മാർ നിലച്ചിരിക്കുകയായിരുന്നു എന്നും എന്നാൽ രൺവീറിന്റെ കഥാപാത്രത്തെ എല്ലാവരും സ്വീകരിച്ചു എന്നും അക്ഷയ് കുമാർ പറഞ്ഞു. ധുരന്ദർ പോലെയൊരു സിനിമയിൽ ഭാഗമാകാൻ ആഗ്രഹമുണ്ടായിരുന്നു എന്നാൽ സിനിമയുടെ വിജയത്തിൽ അസൂയ ഇല്ലെന്നും അക്ഷയ് കുമാർ പറഞ്ഞു. 'ഇന്ത്യ ടുഡേ കോൺക്ലേവിൽ' സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ധുരന്ദറിന്റെ കാര്യം എടുക്കാം. രക്തച്ചൊരിച്ചിലുള്ള ഒരു ആക്ഷൻ ചിത്രമാണത്. പക്ഷെ ആളുകൾ അത് ഏറ്റെടുത്തു. അവരത് ആസ്വദിക്കുന്നു. രൺവീർ സിങ്ങിനെപ്പോലെയുള്ള ഒരു നായകൻ ആംഗ്രി യങ് മാൻ ഇമേജ് സ്വീകരിക്കുന്നു. അത്തരം വേഷങ്ങൾ കുറച്ചുകാലമായി നിലച്ചിരിക്കുകയായിരുന്നു. അഞ്ചോ ആറോ വർഷം മുമ്പ് ഞാൻ ചില സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങൾ ചെയ്തിരുന്നു. അവ നന്നായി വിജയിച്ചിരുന്നു. ഇപ്പോൾ ഹൊറർ കോമഡിയുടെ സമയമാണ്, 'സ്ത്രീ' വലിയ വിജയമായി. അങ്ങനെ എല്ലാം മാറിക്കൊണ്ടിരിക്കുന്നു, അടുത്തതായി പ്രേക്ഷകർ എന്ത് ഇഷ്ടപ്പെടുമെന്ന് നമുക്കറിയില്ല.
'ലയാരി' സംഘത്തിന്റെ ഭാഗമാകാൻ ഞാൻ അനുയോജ്യനാണെന്ന് ആദിത്യ കരുതിയിട്ടുണ്ടാവില്ല. അദ്ദേഹം അങ്ങനെ ചിന്തിക്കാത്തതുകൊണ്ട് എനിക്ക് ആ വേഷം ലഭിച്ചതുമില്ല. ഞാൻ രൺവീറിനെ കാണുകയും അദ്ദേഹം എന്റെ ജോലിയെ അഭിനന്ദിക്കാറുമുണ്ട്. അദ്ദേഹം ചെയ്യാൻ ആഗ്രഹിച്ച ചില വേഷങ്ങൾ എനിക്ക് ലഭിച്ചിട്ടുണ്ട്, തിരിച്ചും അങ്ങനെ സംഭവിക്കാറുണ്ട്. ഹിന്ദി സിനിമയിൽ 15-20 ഓളം നടന്മാരുണ്ട്, ഇന്ത്യയിൽ 180 ചിത്രങ്ങൾ നിർമിക്കപ്പെടുന്നു. എല്ലാവർക്കും വേഷങ്ങളുണ്ട്. നമുക്കും അതുപോലൊരു വേഷം ചെയ്യാൻ ആഗ്രഹമുണ്ടെന്ന ഖേദം മാത്രമേയുള്ളൂ, അല്ലാതെ അസൂയയില്ല', അക്ഷയ് കുമാറിന്റെ വാക്കുകൾ.
ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേര്‍ന്ന് നിര്‍മ്മിക്കുന്ന, രണ്‍വീര്‍ സിംഗ് നായകനായ 'ധുരന്ദർ 2'' ഇന്ത്യയിലെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചു. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓപ്പണിങ് കളക്ഷനില്‍ ഒന്നായിരിക്കും ചിത്രം നേടുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആദിത്യ ധര്‍ സംവിധാനം ചെയ്ത 'ധുരന്ദർ 2'' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം ആയാണ് 'ധുരന്ദർ 2'' പുറത്തു വരുന്നത്. 2026 മാര്‍ച്ച് 19 നാണ് ചിത്രം ആഗോള റിലീസായി എത്തുന്നത്.
Content Highlights: Akshay Kumar about Dhurandhar and Ranveer singh