

സംഘര്‍ഷ മേഖലകളുടെ ദൃശ്യങ്ങളും ചിത്രങ്ങളും പകര്‍ത്തി സാമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ച 45 പേരെ അബുദബി പൊലീസ് അറസ്റ്റ് ചെയ്തു. എഐ സാങ്കതിക വിദ്യ ഉപയോഗിച്ച് വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച പത്തുപേരും അറസ്റ്റിലായി. ഇതില്‍ ഇന്ത്യക്കാരായ പ്രവാസികളും ഉള്‍പ്പെടുന്നു. ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്ന രീതിയില്‍ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്ന് എല്ലാവരും വിട്ടുനില്‍ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.
സംഘര്‍ഷ മേഖലകളുടെ ചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പ് നേരത്തെ യുഎഇ ഭരണകൂടം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രചരിപ്പിച്ചവര്‍ക്കെതിരായ നടപടി.
ഇത്തരം പ്രവര്‍ത്തികള്‍ പൊതുജനമധ്യത്തില്‍ പരിഭ്രാന്തി പരത്താനും ഊഹാപോഹങ്ങള്‍ പടരാനും കാരണമാകുമെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടി സ്വീകരിച്ചതായും പൊലീസ് അറിയിച്ചു. വിവരങ്ങള്‍ പങ്കുവയ്ക്കുന്നതിന് മുന്‍പ് അവയുടെ സത്യാവസ്ഥ പരിശോധിക്കേണ്ടത് അനിവാര്യമാണെന്ന് അധികൃതര്‍ ഓര്‍മിപ്പിച്ചു.
ആധികാരിക വിവരങ്ങള്‍ക്കായി ഔദ്യോഗിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കണം. ഔദ്യോഗിക സ്രോതസ്സുകളില്‍ നിന്നല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് രാജ്യസുരക്ഷയെയും സുരക്ഷാ ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകള്‍ കര്‍ശന നിരീക്ഷണത്തിലാണെന്നും നിയമലംഘകര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി തുടരുമെന്നും അധികൃതര്‍ വ്യക്തമാക്കി. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് ജയില്‍ ശിക്ഷക്ക് പുറമെ രണ്ട് ലക്ഷം ദിര്‍ഹം പിഴ ചുമത്തുമെന്ന് ദുബായ് പൊലീസും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Content Highlights: Abu Dhabi Police arrest 45 people for spreading false information on social media by taking pictures and videos of conflict zones