പേര് അഭിലാഷ കുമാരി, ഫോട്ടോയിൽ നിതീഷ് കുമാർ; വോട്ടർ ഐഡിയിൽ തെറ്റ്; ആരോടും പറയരുതെന്ന് നിര്‍ദേശം

ഭരണപരമായ അനാസ്ഥയാണിതെന്ന് തൃണമൂൽ കോൺഗ്രസ്

dot image

പട്ന: പേര് അഭിലാഷ കുമാരി, ഫോട്ടോയിൽ നിതീഷ് കുമാർ. 30 വയസ്സുള്ള ഒരു സ്ത്രീയുടെ വോട്ടർ ഐഡിയിലെ ഈ വൈരുധ്യം ചർച്ചയാകുന്നു. വോട്ടർ ഐഡിയിലെ പിഴവ് ബന്ധപ്പെട്ട അധികാരികളോട് സ്ത്രീ തന്നെ ചൂണ്ടിക്കാണിച്ചതോടെയാണ് വിവരം പുറത്തറിയുന്നത്. ബിഹാറിലെ മധേപുര മുനിസിപ്പൽ കൗൺസിലിൽ നിന്നുള്ള അഭിലാഷ കുമാരിക്ക് അടുത്തിടെയാണ് പുതുക്കിയ വോട്ടർ ഐഡി കാർഡ് ലഭിച്ചത്. കാർഡിലെ പേരും മറ്റ് വിശദാംശങ്ങളും ശരിയായിരുന്നു, പക്ഷേ ഫോട്ടോ ബിഹാർ മുഖ്യമന്ത്രിയുടെതായിരുന്നു.

"എന്റെ വോട്ടർ ഐഡി കാർഡിന്റെ തിരുത്തലിനായി ഞാൻ അപേക്ഷിച്ചിരുന്നു, പക്ഷേ പോസ്റ്റ് ഓഫീസ് വഴി അത് ലഭിച്ചപ്പോൾ ഇങ്ങനെയായിരുന്നു," അവർ പറഞ്ഞു. ഒരു സ്ത്രീയുടെ കാർഡിൽ ഒരു സംസ്ഥാന മുഖ്യമന്ത്രിയുടെ ഫോട്ടോ പ്രത്യക്ഷപ്പെടുന്നത് വലിയ വീഴ്ചയാണെന്നും ഏജൻസിയുടെ അശ്രദ്ധയാണ് തെറ്റിന് കാരണമെന്നും അവരുടെ ഭർത്താവ് ചന്ദൻ കുമാർ ആരോപിച്ചു.

കാർഡിൽ എല്ലാം ശരിയായിരുന്നു, പക്ഷേ ഫോട്ടോ നിതീഷ് കുമാറിന്റേതായിരുന്നു. ഇത് സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അവഗണനയെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ചന്ദൻ കുമാർ പറഞ്ഞു. ഭാവിയിൽ ഇത്തരമൊരു തെറ്റ് സംഭവിക്കാതിരിക്കാൻ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സൂര്യപ്രകാശം തട്ടാതിരിക്കാൻ കൈകൊണ്ട് കണ്ണുകളെ സംരക്ഷിക്കുന്ന തരത്തിലായിരുന്നു നിതീഷ് കുമാറിന്റെ ചിത്രം. ഇതുസംബന്ധിച്ച് ബന്ധപ്പെട്ട ബൂത്ത് ലെവൽ ഓഫീസറെ (ബിഎൽഒ) സമീപിച്ചപ്പോൾ, ആരോടും ഇക്കാര്യം പറയരുതെന്ന് ആവശ്യപ്പെട്ടതായും ദമ്പതികൾ പറയുന്നു.

അതേസമയം, രാഷ്ട്രീയമായി വിഷയം ഉയർത്തിക്കാട്ടാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. "ഗുരുതരമായ ഭരണപരമായ അനാസ്ഥ"യാണിതെന്നാണ് തൃണമൂൽ കോൺഗ്രസ് എക്‌സിൽ പോസ്റ്റ് ചെയ്തത്. "ബിഹാറിൽ നിന്ന് ഞെട്ടിക്കുന്നതും ലജ്ജാകരവുമായ ഒരു സംഭവം പുറത്തുവന്നു, മധേപുര ജില്ലയിലെ ഒരു സ്ത്രീയുടെ വോട്ടർ ഐഡി കാർഡിൽ അവരുടെ ഫോട്ടോയ്ക്ക് പകരം മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മുഖം ആലേഖനം ചെയ്തിട്ടുണ്ട്. സംസ്ഥാനങ്ങളുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സമാനമായ വിചിത്രവും തെറ്റായതുമായ വോട്ടർ ഐഡികളുടെ റിപ്പോർട്ടുകൾ പ്രവഹിക്കുന്നുണ്ട്," ടിഎംസി കുറിച്ചു.

കമ്മീഷന്റെ നിരീക്ഷണത്തിൽ എങ്ങനെയാണ് ഇത്ര ഗുരുതരമായ തെറ്റുകൾ സംഭവിക്കുന്നതെന്നും ഈ പിശകുകൾ കാരണം മുൻ തെരഞ്ഞെടുപ്പുകൾ അട്ടിമറിക്കപ്പെട്ടിട്ടുണ്ടോ​യെന്നും ടിഎംസി ചോദിക്കിന്നു. സാഹചര്യം ശരിയാക്കാൻ എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്നും പാർട്ടി ചോദിച്ചു. അതേസമയം, കേസിൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഉത്തരവാദിത്തപ്പെട്ട ബിഎൽഒയ്ക്ക് വിശദീകരണം നൽകാൻ ഒരാഴ്ചത്തെ സമയം നൽകിയിട്ടുണ്ട്.

Content Highlights: Nitish Kumar’s photo on woman's voter ID makes TMC chase Election Commission for answers

dot image
To advertise here,contact us
dot image