തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധി ഔട്ട്: ഇനി വിബി ജി റാം ജി

പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധി ഔട്ട്: ഇനി വിബി ജി റാം ജി
dot image

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് (എംജിഎന്‍ആര്‍ഇജിഎ) മാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍ എന്നാണ് പുതിയ പേര്. വിബി ജി റാം ജി എന്നാണ് പദ്ധതിയുടെ ചുരുക്കപ്പേര്. തൊഴില്‍ ദിനങ്ങള്‍ നൂറില്‍ നിന്ന് 125 ആക്കി ഉയര്‍ത്തിയേക്കും. പദ്ധതിയില്‍ കേന്ദ്രവിഹിതം കുറയും. 60 ശതമാനം തുക കേന്ദ്രം നല്‍കും. ബാക്കി 40 ശതമാനം സംസ്ഥാനസര്‍ക്കാരുകള്‍ നല്‍കണം. നിലവില്‍ 75 ശതമാനമാണ് കേന്ദ്രം നല്‍കുന്നത്. പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

2005-ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന എംജിഎന്‍ആര്‍ഇജിഎ പദ്ധതി പ്രകാരം ഗ്രാമീണ മേഖലകളിലെ തൊഴിലാളികള്‍ക്ക് നൂറ് ദിവസത്തെ തൊഴിലാണ് ഉറപ്പുനല്‍കിയിരുന്നത്. പുതിയ ബില്‍ പ്രകാരം 100 ദിവസത്തെ തൊഴില്‍ 125 ദിവസമാക്കി ഉയര്‍ത്തി. ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുളളില്‍ വേതനം നല്‍കണമെന്നാണ് ബില്ലിനെ നിര്‍ദേശം. സമയപരിധിക്കുളളില്‍ വേതനം നല്‍കാത്ത പക്ഷം തൊഴില്‍രഹിത വേതനത്തിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, ഉപജീവന അടിസ്ഥാന സൗകര്യങ്ങള്‍, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും പദ്ധതി പ്രകാരം ജോലി നിശ്ചയിക്കുക.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിനെതിരെ കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്കാ ഗാന്ധിയും ശശി തരൂരും രഞ്ജിത് രഞ്ജനും രംഗത്തെത്തിയിരുന്നു. എന്തിനാണ് പദ്ധതിയില്‍ നിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതെന്നും ഇതിന്റെ ലക്ഷ്യം എന്താണെന്ന് മനസിലാകുന്നില്ല എന്നുമാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്. ബിജെപിക്ക് നേരത്തെ നെഹ്‌റുവിനോടും ഇന്ദിരാ ഗാന്ധിയോടുമാണ് പ്രശ്‌നമുണ്ടായിരുന്നത്, ഇപ്പോള്‍ അവര്‍ക്ക് ബാപ്പുവിനോടാണ് പ്രശ്‌നം എന്നാണ് രഞ്ജിത് രഞ്ജന്‍ എംപി പറഞ്ഞത്. പേര് മാറ്റുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍ക്കാര്‍ നടപടി ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

ജി റാം ജി ബില്ലിലൂടെ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ദൗര്‍ഭാഗ്യകരമാണ് എന്നാണ് ശശി തരൂര്‍ പറഞ്ഞത്. ഗ്രാമസ്വരാജ് എന്ന ആശയവും രാമരാജ്യം എന്ന സങ്കല്‍പ്പവും ഒരിക്കലും പരസ്പരവിരുദ്ധമായിരുന്നില്ലെന്നും അത് ഗാന്ധിജിയുടെ ചിന്താധാരയിലെ രണ്ട് നെടുംതൂണുകളായിരുന്നുവെന്നും ശശി തരൂര്‍ പറഞ്ഞു. 'ഗ്രാമീണരായ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുളള പദ്ധതിയില്‍ നിന്ന് മഹാത്മാവിന്റെ പേര് നീക്കം ചെയ്യുന്നത് ഈ ആശയങ്ങള്‍ തമ്മിലുളള അഗാധമായ ബന്ധത്തെ നിഷേധിക്കുന്നതിന് തുല്യമാണ്. അദ്ദേഹത്തിന്റെ അന്ത്യശ്വാസത്തില്‍ ഉയര്‍ന്നതും രാമമന്ത്രമായിരുന്നു. ഇല്ലാത്ത ചേരിതിരിവ് സൃഷ്ടിച്ചുകൊണ്ട് ആ മഹത്തായ പാരമ്പര്യത്തെ അനാദരിക്കാതിരിക്കാം'എന്നാണ് തരൂര്‍ പറഞ്ഞത്.

Content Highlights: mahatma gandhi name out of mgnrega: now it is vb g ram g

dot image
To advertise here,contact us
dot image