

മഹാരാഷ്ട്രയിലെ മുംബൈയില്‍ മദ്യപിച്ച് ബോധമില്ലാതെ ലിഫ്റ്റ് ചോദിച്ചയാളെ കാറില്‍ കയറ്റിക്കൊണ്ടുപോയി തീയിട്ടുകൊന്ന യുവാവ് അറസ്റ്റില്‍. കാമുകിക്ക് അയച്ച മെസേജുകളാണ് പ്രതിയിലേക്ക് നയിക്കാന്‍ പൊലീസിനെ സഹായിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം.
മഹാരാഷ്ട്രയിലെ ലാതുരിലെ ഓസ താലൂക്കിലെ പൊലീസ് സ്റ്റേഷനില്‍ പൂര്‍ണമായി കത്തിക്കരിഞ്ഞ നിലയില്‍ കാറിനുള്ളില്‍ ഒരു മൃതദേഹം കണ്ടെത്തിയെന്ന വിവരം ലഭിച്ചു.
പിന്നാലെ പൊലീസ് കാറിന്റെ ഉടമയെ കണ്ടുപിടിച്ചു. തന്റെ ഒരു ബന്ധുവിന് ഈ കാര്‍ യാത്രചെയ്യാനായി നല്‍കിയിരുന്നുവെന്ന് ഉടമ മൊഴിനല്‍കി. ഇതോടെ ഗണേഷ് ചവാന്‍ എന്ന യുവാവാണ് കാറോടിച്ചിരുന്നതെന്ന് പൊലീസ് മനസിലാക്കി. വീട്ടില്‍ തിരിക്കിയപ്പോള്‍ ഇയാള്‍ മടങ്ങിവന്നിട്ടില്ലെന്നും ഫോണ്‍ സ്വിച്ച് ഓഫാണെന്നും വ്യക്തമായി. ഇതോടെ മരിച്ചത് ഗണേഷാണെന്ന് പൊലീസ് കരുതുകയും ചെയ്തു. എന്നാല്‍ അന്വേഷണം പുരോഗമിച്ചപ്പോഴാണ് പലകാര്യങ്ങളും ഒത്തുപോകുന്നില്ലെന്ന് പൊലീസിന് മനസിലാവുന്നത്.
ചവാനെ കുറിച്ച് കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് അയാളുടെ കാമുകിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. ഇവരെ ചോദ്യം ചെയ്തതോടെ സംഭവ ദിവസത്തിന് ശേഷവും ഇവരുമായി ചവാന്‍ സംസാരിച്ചിരുന്നെന്നും സന്ദേശങ്ങള്‍ അയച്ചിരുന്നെന്നും പൊലീസ് മനസിലാക്കുന്നത്. പഴയ നമ്പര്‍ ഉപേക്ഷിച്ച ചവാന്‍ പുതിയ സിമ്മും ഫോണും വാങ്ങിയിരുന്നു. ഇതോടെ ചവാന്‍ മരിച്ചിട്ടില്ലെന്ന് ഉറപ്പിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സത്യം പുറത്ത് വന്നത്. ചവാന്റെ മൊബൈല്‍ ട്രേസ് ചെയ്ത പൊലീസ് കോലാഹ്പൂരിലെത്തി. പിന്നീട് ഇയാളെ സിന്ധുദുര്‍ഗ് ജില്ലയിലെ വിജയ ദുർഗ് എന്ന സ്ഥലത്ത് നിന്നും പിടികൂടി. ഒരു ബാങ്കിലെ റിക്കവറി ഏജന്‍റായി ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍.
ഒരു കോടിയുടെ ലൈഫ് ഇന്‍ഷുറന്‍സ് പോളിസി എടുത്തിട്ടുള്ള ചവാന്‍ ഈ തുക നേടിയെടുക്കാനും ഹോം ലോണ്‍ അടയ്ക്കാനും വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് ചോദ്യം ചെയ്യലില്‍ പുറത്ത് വന്നു. അതിനായി താന്‍ മരിച്ചതായി വരുത്തി തീര്‍ക്കാന്‍ ഇയാള്‍ പദ്ധതി മെനയുന്നുണ്ടായികുന്നു.
ശനിയാഴ്ച പ്രതി യാത്രചെയ്യുന്നതിനിടയില്‍ ഗോവിന്ദ് യാദവ് എന്നയാള്‍ ലിഫ്റ്റ് ചോദിച്ചു. കുടിച്ച് ബോധമില്ലാതിരുന്ന യാദവിനെ സാഹചര്യം അനുകൂലമായി വന്നപ്പോള്‍ പ്രതി കൊലപ്പെടുത്തുകയായിരുന്നു. യാത്രക്കിടയില്‍ ഇരുവരും ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ചു. പിന്നാലെ യാദവ് വാഹനത്തില്‍ കിടന്ന് ഉറങ്ങിപ്പോയി. ആരുമില്ലാത്ത ഇടത്തെത്തിയ സമയം ബോധമില്ലാത്ത യാദവിനെ വലിച്ചിഴച്ച് ഡ്രൈവിംഗ് സീറ്റിലിരുത്തി, സീറ്റ്ബല്‍റ്റ് ഇട്ട ശേഷം പ്ലാസ്റ്റിക്ക് ബാഗുകളും തീപ്പെട്ടിക്കൊള്ളികളുമെല്ലാം അയാളുടെ ശരീരത്തില്‍ വച്ചതിന് പിന്നാലെ തീകൊളുത്തിയാണ് കൊലപ്പെടുത്തിയത്. പൊലീസിനെ തെറ്റിദ്ധരിപ്പിക്കാന്‍ പ്രതി തന്റെ ബ്രേസ്ലെറ്റ് കാറിനുള്ളില്‍ ഉപേക്ഷിച്ചിരുന്നു.
Content Highlights: Man fake death by setting another ablaze in Maharashtra to achieve one crore life insurance policy amount