ആദ്യം സിപിഐഎം, പിന്നെ കോണ്‍ഗ്രസ്, ഇപ്പോള്‍ ബിജെപി: മാമ്പഴത്തറ സലീം തോറ്റു

കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്ന വാര്‍ഡില്‍ 104 വോട്ടുകള്‍ക്ക് സിപിഐയുടെ പൊന്‍രാജ് മാമ്പഴത്തറ സലീമിനെ തോല്‍പ്പിക്കുകയായിരുന്നു

ആദ്യം സിപിഐഎം, പിന്നെ കോണ്‍ഗ്രസ്, ഇപ്പോള്‍ ബിജെപി: മാമ്പഴത്തറ സലീം തോറ്റു
dot image

കൊല്ലം: ആര്യങ്കാവ് ഗ്രാമപഞ്ചായത്തില്‍ ഏവരും ഉറ്റുനോക്കിയിരുന്ന വാര്‍ഡുകളിലൊന്നായിരുന്നു പൂന്തോട്ടം. ഇവിടെയായിരുന്നു ആദ്യം സിപിഐഎമ്മിലും പിന്നീട് കോണ്‍ഗ്രസിലും ഇപ്പോള്‍ ബിജെപിയിലുമുളള ബിജെപി സ്ഥാനാര്‍ത്ഥി മാമ്പഴത്തറ സലീം ജനവിധി തേടിയത്. കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്ന വാര്‍ഡില്‍ 104 വോട്ടുകള്‍ക്ക് സിപിഐയുടെ പൊന്‍രാജ് മാമ്പഴത്തറ സലീമിനെ തോല്‍പ്പിച്ചു. സിപിഐഎം, കോണ്‍ഗ്രസ്, ഡിഎംകെ, ബിജെപി പാര്‍ട്ടികളില്‍ മാറിമാറി രാഷ്ട്രീയപ്രവര്‍ത്തനം നടത്തിയ മാമ്പഴത്തറ സലീം തെരഞ്ഞെടുപ്പിലെ പ്രധാനിയായിരുന്നു.

സിപിഐഎമ്മിലൂടെയാണ് രാഷ്ട്രീയ രംഗത്തേക്ക് സലീം കടന്നുവന്നത്. 1989ൽ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി സജീവ രാഷ്ട്രീയത്തിലേക്ക്. പിന്നീട് ആര്യങ്കാവ് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ്, പ്രസിഡന്റ്, ബ്ലോക്ക് അംഗം എന്നീ ചുമതലകളിലെത്തി. 2009ലാണ് അഭിപ്രായഭിന്നതകളെത്തുടർന്ന് സലീം സിപിഐഎമ്മിൽനിന്നു രാജിവെച്ച് കോൺഗ്രസിൽ ചേർന്നത്. 2010ൽ സലീമിന്റെ നേതൃത്വത്തിൽ പഞ്ചായത്ത് ആദ്യമായി യുഡിഎഫ് പിടിച്ചെടുത്തു. എന്നാൽ 2015ൽ ഇടപ്പാളയത്ത് മത്സരിച്ചെങ്കിലും തോറ്റു.

പിന്നീട് 2017ൽ ബിജെപിക്കൊപ്പം കൂടി. 2018ൽ ബിജെപി സംസ്ഥാനസമിതി അംഗമാകുകയും ചെയ്തു. എന്നാൽ 2021 ഡിസംബറിൽ വീണ്ടും സിപിഐഎമ്മിലേക്ക് തിരികെപ്പോയി. ആ വർഷം സിപിഐഎം സ്ഥാനാത്ഥിയായി കഴുതുരുട്ടി വാർഡിൽനിന്ന് വിജയിച്ചപ്പോൾ ഇനി മറ്റൊരു രാഷ്ട്രീയ പാർട്ടിയിലേക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. സിപിഐഎം പുനലൂർ ഏരിയ സമ്മേളനവേദിയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പങ്കെടുത്ത ചടങ്ങിലാണ് സലീം പാർട്ടിയിലേക്ക് തിരിച്ചെത്തിയത്. 2022 ജൂലായിൽ സിപിഐഎമ്മിൽനിന്നും ബിജെപിയിലേക്ക് വീണ്ടും വന്നു. 2023 മാർച്ചിൽ ഡിഎംകെയിലേക്ക് ചുവടുമാറ്റം. സലീമിന്‍റെ ചുവടുമാറ്റം അവിടെയും തീർന്നില്ല , മാസങ്ങൾക്കുമുൻപ് ഡിഎംകെയിൽനിന്ന് ബിജെപിയിലേക്ക് വീണ്ടുമെത്തുകയായിരുന്നു.

Content Highlights: Mambazhathara Salim lost to CPI candidate in local body election 2025

dot image
To advertise here,contact us
dot image