

ഭോപ്പാല്‍: പോക്സോ കേസിൽ പ്രതിചേർക്കപ്പെട്ട ജ്യോതിഷ് പീഠം ശങ്കരാചാര്യ സ്വാമി അവിമുക്തേശ്വരാനന്ദ സരസ്വതിക്ക് പിന്തുണ അറിയിച്ച് മധ്യപ്രദേശ് കോൺഗ്രസ്. അവിമുക്തേശ്വരാനന്ദ സരസ്വതിക്കെതിരെ പോക്സോ കേസ് എടുത്ത യുപി സർക്കാറിൻ്റെ നിലപാടിനെതിരെ മധ്യപ്രദേശ് കോൺഗ്രസ് ഹവന പൂജ നടത്തി. ഇന്ന് മധ്യപ്രദേശിലെ ഭോപ്പാലിനടുത്തുള്ള റെഡ് ക്രോസ് സ്ക്വയറിലെ ഹനുമാൻ ക്ഷേത്രത്തിലാണ് ഹവന പൂജ നടത്തിയത്. ശങ്കരാചാര്യരെ അപകീർത്തിപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ആരോപിച്ചാണ് പൂജ നടത്തിയത്.
ബിജെപി സർക്കാരിന്റെയും യോഗി ആദിത്യനാഥ് സർക്കാരിന്റെയും ആർഎസ്‌എസ് മേധാവി മോഹൻ ഭാഗവതിന്റെയും ജ്ഞാനത്തിനായി ഇന്ന് ഞങ്ങൾ ഒരു ഹവനം നടത്തിയെന്നാണ് മധ്യപ്രദേശ് കോൺഗ്രസ് അറിയിച്ചത്. അധികാരത്തിന്റെ അഹങ്കാരത്തിൽ ശങ്കരാചാര്യരെയും ഹിന്ദുമതത്തെയും അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്ന മുഖ്യമന്ത്രി യോഗിക്ക് ബുദ്ധിയുണ്ടാകാനാണ് ഇന്ന് ഹവനപൂജ നടത്തിയതെന്ന് കോൺഗ്രസ് പറഞ്ഞു. മുഖ്യമന്ത്രി യോഗിക്കും പ്രധാനമന്ത്രി മോദിക്കും അൽപ്പമെങ്കിലും നാണമുണ്ടെങ്കിൽ, ശങ്കരാചാര്യയ്‌ക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ഉടൻ പിൻവലിക്കണമെന്ന് മധ്യപ്രദേശ് കോൺഗ്രസ് നേതാവ് അമിത് ശർമ്മ പറഞ്ഞു. ശങ്കരാചാര്യർക്ക് പിന്തുണ നൽകുന്നത് തുടരുമെന്നും അദ്ദേഹത്തിന് അനുകൂലമായി പോരാടുമെന്നും കോൺഗ്രസ് നേതാവ് കൂട്ടിചേർത്തു.
ആരെങ്കിലും ബിജെപിക്കെതിരായോ അവരുടെ സർക്കാരിനെതിരെയോ വിരൽ ചൂണ്ടിയാൽ ബിജെപി അവർക്കെതിരെ ഗൂഢാലോചന നടത്തുമെന്നും ഇത് പോലെയാണ് ശങ്കരാചാര്യർക്ക് എതിരായും ഗൂഢാലോചന നടത്തിയതെന്നും അദേഹം പറഞ്ഞു. ശങ്കരാചാര്യർക്ക് അനുകൂലമായി ഞങ്ങൾ ഈ യുദ്ധം തുടരുമെന്നും യോഗിയുടെയും മോദിയുടെയും മോഹൻ ഭാഗവതിന്റെയും ജ്ഞാനത്തിനായി ഞങ്ങൾ ഈ ഹവനം നടത്തിയെന്നും അദ്ദേഹം കൂട്ടിചേർത്തു.
സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതിക്കും ശിഷ്യന്‍ സ്വാമി മുകുന്ദാനന്ദ് ഗിരിക്കുമെതിരെ കേസെടുക്കാൻ യുപി പ്രയാഗ് രാജിലെ പ്രത്യേക പോക്സോ കോടതി ഉത്തരവിട്ടിരുന്നു. ഇരുവര്‍ക്കുമെതിരായ ലൈംഗിക ചൂഷണ പരാതിയിലാണ് കോടതി ഉത്തരവിട്ടത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കടുത്ത വിമർശകനാണ് സ്വാമി അവിമുക്തേശ്വരാനന്ദ് സരസ്വതി.അന്വേഷണത്തെ സ്വാമി അവിമുക്തേശ്വരാനന്ദ് സ്വാഗതം ചെയ്തിരുന്നു. അന്വേഷണത്തിലൂടെയേ തനിക്കെതിരായ പരാതിക്ക് പിന്നിലെ ഗൂഢാലോചന തെളിയൂവെന്നായിരുന്നു അദേഹത്തിൻ്റെ പ്രതികരണം.
Content Highlights: UP Seer Row: Madhya Pradesh Congress extends support to Swami Avimukteshwaranand, performs 'havan'