
ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് ആളുകള്‍ മരിച്ചതില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൃദയഭേദകമായ സംഭവമെന്നാണ് പ്രധാനമന്ത്രി വിശേഷിപ്പിച്ചത്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് തന്റെ മനസ്സെന്നും പ്രധാനമന്ത്രി പറഞ്ഞു.
'ബെംഗളൂരുവില്‍ നടന്ന അപകടം അത്യന്തം ഹൃദയഭേദകമാണ്. ഈ ദുഃഖസമയത്ത് സ്വന്തം പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട എല്ലാവര്‍ക്കുമൊപ്പമാണ് എന്റെ മനസ്. പരിക്കേറ്റവര്‍ എത്രയും പെട്ടെന്ന് സുഖം പ്രാപിക്കട്ടേയെന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു', പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.
The mishap in Bengaluru is absolutely heartrending. In this tragic hour, my thoughts are with all those who have lost their loved ones. I pray that those who are injured have a speedy recovery: PM @narendramodi
— PMO India (@PMOIndia) June 4, 2025
ബുധനാഴ്ച വൈകിട്ടാണ് രാജ്യത്തെ നടുക്കിയ അപകടം ഉണ്ടായത്. ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തെ വിക്ടറി പരേഡില്‍ പങ്കെടുക്കാനെത്തിയ നിരവധി പേര്‍ തിക്കിലും തിരക്കിലും പെടുകയായിരുന്നു. ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം 11 മരണങ്ങളാണ് നടന്നത്. ഇതില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ഇത് കൂടാതെ നിരവധി പേര്‍ക്ക് പരിക്കേറ്റു.
പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കിരീട നേട്ടത്തിന്റെ ആവേശം ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു. ആളുകളെ സ്ഥലത്ത് നിന്നും മാറ്റുകയാണ്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Content Highlights: Bengaluru stampede: PM Modi expresses grief over loss of lives, prays for speedy recovery of injured