'പരിപാടി നടന്നത് എങ്ങനെയെന്ന് അറിയില്ല'; RCB വിജയാഘോഷത്തിലെ ദുരന്തത്തിന് പിന്നാലെ IPL ചെയർമാന്‍

ആര്‍സിബിയുടെ ആഘോഷപരിപാടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുമെന്നും അരുണ്‍ ധുമാല്‍

'പരിപാടി നടന്നത് എങ്ങനെയെന്ന് അറിയില്ല'; RCB വിജയാഘോഷത്തിലെ ദുരന്തത്തിന് പിന്നാലെ IPL ചെയർമാന്‍
dot image

ഐപിഎല്‍ ജേതാക്കളായ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ വിക്ടറി പരേഡിനിടെ തിക്കിലും തിരക്കിലും പെട്ട് മരണങ്ങള്‍ സംഭവിച്ചതില്‍ പ്രതികരിച്ച് ഐപിഎല്‍ ചെയര്‍മാന്‍ അരുണ്‍ ധുമാല്‍. നിര്‍ഭാഗ്യകരമായ കാര്യങ്ങളാണ് സംഭവിച്ചതെന്നും പരിപാടി ആസൂത്രണം ചെയ്തത് ആരാണെന്ന് തനിക്ക് അറിയില്ലെന്നുമാണ് ലീഗ് ചെയര്‍മാന്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞത്.

'പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെയോര്‍ത്ത് ദുഃഖമുണ്ട്. അനുശോചനം അറിയിക്കുന്നു. ഇത്തരത്തിലുള്ള വിക്ടറി പരേഡ് ആസൂത്രണം ചെയ്തതത് ആരാണെന്ന് എനിക്ക് യാതൊരു അറിവുമില്ല. ഈ പരിപാടി എങ്ങനെയാണ് നടന്നതെന്നും മുന്നോട്ടുപോയതെന്നും അറിയില്ല', അരുണ്‍ ധുമാല്‍ റിപ്പബ്ലിക്ക് ടിവിയോട് പറഞ്ഞു.

ആര്‍സിബിയുടെ ആഘോഷപരിപാടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുമെന്നും ധുമാല്‍ പറഞ്ഞു. 'ആഘോഷിക്കാനും സന്തോഷിക്കാനുമുള്ള നിമിഷമല്ല ഇത്. ഐപിഎല്ലിനും ഈ പരിപാടിക്കും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഐപിഎല്‍ അഹമ്മദാബാദില്‍ കഴിഞ്ഞദിവസം അവസാനിക്കുകയും ചെയ്തു. എന്നാലും ആര്‍സിബിയോട് സംസാരിക്കുകയും ആഘോഷ പരിപാടികള്‍ നിര്‍ത്തിവെയ്ക്കാന്‍ ആവശ്യപ്പെടുകയും ചെയ്യും', അരുണ്‍ ധുമാല്‍ കൂട്ടിച്ചേർത്തു.

ഇതിനിടെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ താരങ്ങളടക്കം പങ്കെടുത്ത ആഘോഷ പരിപാടികള്‍ നടന്നെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്. ആളുകള്‍ മരണപ്പെട്ട സാഹചര്യത്തില്‍ വിക്ടറി പരേഡ് ഒഴിവാക്കി സ്റ്റേഡിയത്തില്‍ മാത്രം പരിപാടികള്‍ സംഘടിപ്പിക്കുകയായിരുന്നെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതും വ്യാപക വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ഒരുവശത്ത് ടീമിന്റെ ആരാധകര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്യുമ്പോള്‍ മറുവശത്ത് ടീം കിരീടനേട്ടം ആഘോഷിക്കുകയാണോ ചെയ്യേണ്ടത് എന്നാണ് നിരവധി പേര്‍ ചോദിക്കുന്നത്.

അതേസമയം ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം വിജയാഘോഷങ്ങള്‍ക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 മരണങ്ങളാണ് നടന്നത്. ഇതില്‍ ഒരു സ്ത്രീയും കുട്ടിയും ഉള്‍പ്പെടുന്നു. ഇത് കൂടാതെ നിരവധി പേര്‍ക്ക് പരിക്കേറ്റു. പതിനെട്ട് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച കിരീട നേട്ടത്തിന്റെ ആവേശം ദുരന്തത്തിലേക്ക് വഴിമാറുകയായിരുന്നു. ആളുകളെ സ്ഥലത്ത് നിന്നും മാറ്റുന്നത് ഇപ്പോഴും തുടരുന്നുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

Content Highlights: 'No Idea Who Organised RCB's Victory Parade', IPL Chairman on RCB Victory Parade Stampede

dot image
To advertise here,contact us
dot image