ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ആഹ്ലാദപ്രകടനം; കൂട്ടബലാത്സംഗ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി

കൂടെയുണ്ടായിരുന്നവര്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്

dot image

ബെംഗളൂരു: നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ ആഹ്ളാദ പ്രകടനം നടത്തി ജയിലില്‍ നിന്നും പുറത്തിറങ്ങിയ കൂട്ടബലാത്സംഗ കേസ് പ്രതികളുടെ ജാമ്യം റദ്ദാക്കി. ഏഴ് പ്രതികളില്‍ നാല് പേരുടെ ജാമ്യമാണ് റദ്ദാക്കിയത്. തുടര്‍ന്ന് കര്‍ണാടക ഹവേരി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തു. യുവതിയെ തട്ടികൊണ്ടുപോയി വനത്തിനുള്ളില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസിലെ പ്രതികളാണ് കഴിഞ്ഞ ദിവസം ജാമ്യത്തില്‍ പുറത്തിറങ്ങിയത്. പിന്നാലെ റോഡ് ഷോ സംഘടിപ്പിക്കുകയായിരുന്നു.

കൂടെയുണ്ടായിരുന്നവര്‍ തന്നെയാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. തുടര്‍ന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. 17 മാസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷമാണ് പ്രതികളെ കഴിഞ്ഞദിവസം ജാമ്യത്തില്‍വിട്ടത്.

ഒന്നരവര്‍ഷം മുന്‍പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതികള്‍ ദമ്പതികളുടെ ഹോട്ടല്‍ മുറിയില്‍ അതിക്രമിച്ച് കടന്ന് 26കാരിയായ യുവതിയെ ബലമായി വലിച്ചിഴച്ച് വനത്തിനുള്ളില്‍ കൊണ്ട് പോയി പീഡനത്തിനിരയാക്കുകയായിരുന്നു.

പെണ്‍കുട്ടിയുടെ വിശദമായ മൊഴിയാണ് പ്രതികളെ കുടുക്കിയത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ കൂട്ടബലാത്സംഗ കുറ്റം ചുമത്തി പൊലീസ് കേസെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് 19 പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. ഇതില്‍ 12 പ്രതികളെ പത്ത് മാസം മുന്‍പ് ജാമ്യത്തില്‍ വിട്ടയച്ചിരുന്നു. ശേഷിക്കുന്ന ഏഴ് പേര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചിരുന്നു. ഇവരില്‍ നാല് പേരെയാണ് ജാമ്യം റദ്ദാക്കി പൊലീസ് കസ്റ്റഡിയിലെടുത്തത്.

Content Highlights: Karnataka accused rearrested for public vehicle rally

dot image
To advertise here,contact us
dot image