
കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴ പ്രാപ്പൊയില്‍ മകളെ അതിക്രൂരമായി മര്‍ദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്തു. കാസര്‍കോട് ചിറ്റാരിക്കല്‍ സ്വദേശി ജോസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ജോസിനെതിരെ കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവി അനൂജ് പലിവാള്‍ ഐപിഎസ് ചെറുപുഴ പൊലീസിന് നിര്‍ദേശം നല്‍കിയതിന് പിന്നാലെയാണ് നടപടി. അടിയന്തിരമായി കേസെടുക്കുമെന്ന് കണ്ണൂര്‍ റൂറല്‍ പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. പിതാവ് മകളെ അതിക്രൂരമായി മർദ്ധിക്കുന്ന ദൃശ്യങ്ങൾ നേരത്തെ റിപ്പോർട്ടർ ടി വി പുറത്ത് വിട്ടിരുന്നു.
മകളെ പിതാവ് ക്രൂരമായി മര്‍ദിക്കുകയും അരിവാളിന് വെട്ടാനോങ്ങുകയും ചെയ്യുന്ന വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടും കേസെടുക്കാതിരുന്ന പൊലീസ് നടപടിക്കെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. കുട്ടിയുടെ വീട്ടിലേക്ക് അടിയന്തിരമായി എത്താന്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരോട് ബാലാവകാശ കമ്മീഷന്‍ നിര്‍ദേശം നല്‍കി. സംഭവത്തില്‍ ബാലാവകാശകമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് പൊലീസില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കണ്ണൂരിലെ ചെറുപുഴയില്‍ വാടക വീടെടുത്ത് താമസിച്ചുവരികയാണ് ജോസ്.
അതേസമയം മാറിത്താമസിക്കുന്ന അമ്മയെ തിരികെ കൊണ്ടുവരാനുള്ള പ്രാങ്ക് വീഡിയോ ആണെന്നാണ് പിതാവിന്റെ വിശദീകരണം. ഇത് വിശ്വസിച്ചായിരുന്നു പൊലീസ് കേസെടുക്കല്‍ നടപടി വൈകിച്ചത്. എന്നാൽ കുട്ടിയെ അച്ഛൻ മർദ്ദിക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടർ ടിവി പുറത്ത് വിട്ടിരുന്നു. തല്ലരുതെന്ന് കുഞ്ഞ് ആവര്‍ത്തിച്ച് ആവശ്യപ്പെടുന്നത് വീഡിയോയില്‍ കേള്‍ക്കാം.
Content Highlights: brutality against daughter at kannur father took in custody