ഐഒഎയില്‍ ഒരു അവിശ്വാസവും അവതരിപ്പിക്കില്ല, ക്രമക്കേട് നടത്തിയിട്ടില്ല; ആരോപണം തള്ളി പി ടി ഉഷ

തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നത് അഴിമതിക്കാരാണെന്ന് പി ടി ഉഷ റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചു.

ഐഒഎയില്‍ ഒരു അവിശ്വാസവും അവതരിപ്പിക്കില്ല, ക്രമക്കേട് നടത്തിയിട്ടില്ല; ആരോപണം തള്ളി പി ടി ഉഷ
dot image

ന്യൂഡല്‍ഹി: ഒളിമ്പിക് അസോസിയേഷനില്‍ തനിക്കെതിരെ പടയൊരുക്കം നടക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷ പി ടി ഉഷ. തനിക്കെതിരെ അസോസിയേഷനില്‍ ഒരു അവിശ്വാസവും അവതരിപ്പിക്കില്ല. സാമ്പത്തിക ക്രമക്കേട് നടത്തിയിട്ടില്ല. തന്നെ പുറത്താക്കാന്‍ ശ്രമിക്കുന്നത് അഴിമതിക്കാരാണെന്നും പി ടി ഉഷ റിപ്പോര്‍ട്ടര്‍ ടി വിയോട് പ്രതികരിച്ചു.

'നേരത്തെയും പുറത്താക്കാന്‍ ശ്രമം ഉണ്ടായി. അഴിമതി അനുവദിക്കാത്തതിനാല്‍ പ്രതികാരം ചെയ്യുകയാണ്. മാധ്യമങ്ങള്‍ക്ക് തെറ്റായ വിവരം നല്‍കുന്നു' എന്നും പി ടി ഉഷ പ്രതികരിച്ചു. ഈ മാസം 25 ന് ചേരുന്ന പ്രത്യേക ഐഒഎ യോഗത്തില്‍ പി ടി ഉഷക്കെതിരായ അവിശ്വാസം ചര്‍ച്ച ചെയ്യുമെന്നും പതിനഞ്ചംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയില്‍ 12 പേര്‍ പി ടി ഉഷക്ക് എതിരാണ് എന്നുമായിരുന്നു റിപ്പോര്‍ട്ട്.

ഉഷയ്ക്കെതിരായ അവിശ്വാസ പ്രമേയ നീക്കത്തിന്റെ വിശദാംശങ്ങള്‍ എക്സിക്യൂട്ടീവ് കൗണ്‍സില്‍ പുറത്തുവിട്ട മീറ്റിങ്ങിലെ അജണ്ടയിലാണുള്ളത്. ഐ ഒ എയുടെ ഭരണഘടന ഉഷ ലംഘിച്ചതായാണ് പ്രധാന ആരോപണം. ഇതിന് പുറമേ കായിക മേഖലയ്ക്ക് ഹാനികരമാകുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉഷ ചെയ്തതായും ഒളിമ്പിക് അസോസിയേഷന്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ ആരോപിക്കുന്നു. പാരീസ് ഒളിമ്പിക്‌സിലെ ഹോസ്പിറ്റാലിറ്റി ലോഞ്ചുമായി ബന്ധപ്പെട്ട് റിലയന്‍സുമായുള്ള കരാറില്‍ സി എ ജി ഉഷയ്ക്ക് നേരെ ചോദ്യങ്ങള്‍ ഉയര്‍ത്തിയിരുന്നു. റിലയന്‍സിനെ ഉഷ വഴിവിട്ട് സഹായിച്ചെന്നും ഇതുമൂലം ഐഒഎയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സി എ ജിയുടെ ആരോപണം.

എന്നാല്‍ അജണ്ട പുറത്തുവിട്ട കല്യാണ്‍ ചൗബേ ആക്ടിംഗ് സിഇഒ അല്ലെന്നും സ്‌പോണ്‍സര്‍ഷിപ്പ് കരാറിന്റെ പേരില്‍ 24 കോടി രൂപ നഷ്ടപ്പെട്ടിട്ടില്ലെന്നും പി ടി ഉഷ വിശദീകരിച്ചു. സിഎജി തെറ്റിദ്ധരിച്ചതാണ്. സിഎജിയുടെ സംശയം ദൂരീകരിച്ചിട്ടുണ്ടെന്നും പി ടി ഉഷ വ്യക്തമാക്കി.

ഐഒഎയുടെ എക്സിക്യൂട്ടീവിലെ അംഗങ്ങളും ഉഷയുമായി കഴിഞ്ഞ കുറച്ചു നാളുകളായി തര്‍ക്കത്തില്‍ തുടരുകയാണ്. യോഗ്യതാ മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ച് എക്സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് ഉഷ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉഷയ്ക്കെതിരെ നിലപാട് കടുപ്പിക്കാന്‍ എക്സിക്യൂട്ടീവ് അംഗങ്ങളും തീരുമാനിച്ചത്.

dot image
To advertise here,contact us
dot image