റൺവേയിൽ നിന്ന് തെന്നി പ്രൈവറ്റ് ജെറ്റ് തകർന്നുവീണു; മൂന്ന് പേർക്ക് പരിക്ക്

കൊച്ചിയിൽ നിന്ന് തിരിച്ച UK518, ഡെറാഡൂണിൽ നിന്നുളള UK865 എന്നീ വിമാനങ്ങൾ ഗോവയിലെ മോപ്പ എയർപോർട്ടിലേക്കും തിരിച്ചയച്ചു

dot image

മുംബൈ: മുംബൈ വിമാനത്താവളത്തിൽ റൺവേയിൽ നിന്ന് തെന്നി പ്രൈവറ്റ് ജെറ്റ് തകർന്നുവീണു. മൂന്ന് പേർക്ക് പരിക്കേറ്റു. ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിമാറുകയായിരുന്നു. പ്രദേശത്ത് കനത്ത മഴയുണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച വൈകിട്ട് ആണ് സംഭവം. റൺവേ 27 ന് സമീപമാണ് അപകടമുണ്ടായത്. മഴയുളളതിനാൽ ആ സമയത്ത് ദൃശ്യപരത 700 മീറ്ററായിരുന്നു എന്നാണ് റിപ്പോർട്ട്. ആറ് യാത്രക്കാരും രണ്ട് ജീവനക്കാരും ഉൾപ്പടെ എട്ടു പേരാണ് ജെറ്റിൽ യാത്ര ചെയ്തിരുന്നത്. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

വിഎസ്ആർ വെഞ്ച്വേഴ്സ് എന്ന സ്ഥാപനത്തിന്റേതാണ് ജെറ്റ് എന്നാണ് വിവരം. കാനഡ ആസ്ഥാനമായുള്ള ബൊംബാർഡിയർ ഏവിയേഷന്റെ ഒരു ഡിവിഷൻ നിർമ്മിച്ച ഒമ്പത് സീറ്റുള്ള സൂപ്പർ-ലൈറ്റ് ബിസിനസ്സ് ജെറ്റ് ആണ് തകർന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.

റൺവേയിൽ നിന്ന് വിമാനത്തിന്റെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെ സുരക്ഷാ പരിശോധനകൾക്ക് ശേഷം പ്രവർത്തനങ്ങൾ പുനരാരംഭിച്ചു.

അപകടത്തെ തുടർന്ന് റൺവേ ഹ്രസ്വകാലത്തേക്ക് അടച്ചു. വിസ്താര എയർലൈൻസ് തങ്ങളുടെ അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിട്ടതായാണ് വിവരം. വാരണാസിയിൽ നിന്നുളള UK622 വിമാനം, ബാങ്കോക്കിൽ നിന്നുളള UK124, ഡൽഹിയിൽ നിന്ന് തിരിച്ച UK933 എന്നീ വിമാനങ്ങൾ ഹൈദരാബാദിലേക്ക് തിരിച്ചുവിട്ടു. കൊച്ചിയിൽ നിന്ന് തിരിച്ച UK518, ഡെറാഡൂണിൽ നിന്നുളള UK865 എന്നീ വിമാനങ്ങൾ ഗോവയിലെ മോപ്പ എയർപോർട്ടിലേക്കും തിരിച്ചയച്ചു.

dot image
To advertise here,contact us
dot image